കിടിലൻ കളർ തീമിൽ ഒരു ലോ ബജറ്റ് വീട്

കോഴിക്കോട് തിരുവങ്ങൂരുള്ള രാജേഷിന്റെയും ബവിതയുടെയും ഗൗരി എന്ന വീട് കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും. കാരണം അത്രമേൽ വ്യത്യസ്തതകൾ നിറഞ്ഞതാണ് ഈ ഭവനം. കോഴിക്കോട് ബാലുശേരിയിലെ റോക്ക് ഫ്ളവേഴ്സ് എന്ന സ്ഥാപനത്തിലെ എഞ്ചിനീയർമാരായ ഫൈസൽ ബാലുശേരിയും അബ്ദുൽ റഷീദും ചേർന്നാണ് വീട് രൂപ കല്പന ചെയ്തിരിക്കുന്നത്.

വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് ഈ വീടിന്റെ ഗേറ്റ്  നിർമ്മിച്ചിരിക്കുന്നത്. സ്റ്റീൽ സ്ട്രക്ച്ചറിലുള്ള ഫ്രെയിമിനകത്ത് മൾട്ടി വുഡും ഫൈബർ ഗ്ലാസുമാണ് നൽകിയിയിരിക്കുന്നത്. ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയാൽ വലിയ ഒരു ഉദ്യാനം കാണാം. ഇതിന്റെ ഇരു ഭാഗങ്ങളിലുമായി നിരവധി മരങ്ങളും അതിന്റെ നടുവിലായി മനോഹരമായ ഒരു വീടും.  ടെറാക്കോട്ട ഫ്ളേവിങ് ബ്രിക്ക്‌സാണ് മുറ്റത്ത് ഇട്ടിരിക്കുന്നത്. ഇത്  ചൂട് കുറയ്ക്കാൻ സഹായിക്കും അതിന് പുറമെ  മഴവെള്ളം ഭൂമിയ്ക്ക് അടിയിലേക്ക് കടത്തിവിടാനും സഹായിക്കുന്ന ഈ ബ്രിക്സിന് വിലയും കുറവാണ്. 50 സെന്റ് സ്ഥലത്ത് 1800 സ്വകയർ ഫീറ്റിലാണ് ഈ  വീടൊരുങ്ങിയത്.

കേരളീയ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സിമെട്രിക് എലിവേഷനാണ് ഈ വീടിന്റേത്. ചൂട് കുറയ്ക്കാനും ചിലവ് കുറയ്ക്കാനും കഴിയുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണ രീതി. നല്ല ഉയരത്തിൽ രണ്ട് പില്ലറുകൾക്ക് അടുത്തായാണ് പോർച്ച് ഉള്ളത്. കൂടുതലും നാച്ചുറൽ സ്റ്റോൺസ് ഉപയോഗിച്ചാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സിമെന്റിന്റെ അളവും കുറയ്ക്കാൻ കഴിഞ്ഞു. ഇതിന്റെ നിർമ്മാണ ചിലവ് കുറയ്ക്കാൻ കൂടുതൽ സഹായകമായി.

വലിയ നീളത്തിലുള്ള സിറ്റൗട്ടിൽ നിന്നും തടിയും ഗ്ലാസും ഉപയോഗിച്ചുള്ള മനോഹരമായ വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഫോർമൽ ലിവിങ് ഏരിയയിലേക്കാണ്. നിറത്തിന് വളരെയധികം പ്രാധാന്യം നൽകിയാണ് ഈ വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ഭിത്തിയിൽ നൽകിയിരിക്കുന്ന നിറങ്ങൾക്ക് അനുയോജ്യമായ ഫർണിച്ചറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫ്‌ളൈവുഡിൽ ഒരുക്കിയ പാർട്ടീഷനോടൊപ്പം ഒരു പൂജ സ്‌പേസും അതിൽത്തന്നെ ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും മറ്റൊരു വലിയ ഹോളിലേക്കാണ് എത്തുന്നത്. ഇവിടെ ഡൈനിങ് ഏരിയയും ഫാമിലി ലിവിങ് ഏരിയയും ഉണ്ട്. ഇതിനെ ഫർണിച്ചറുകൾ ഉപയോഗിച്ചാണ് പാർട്ടീഷൻ ചെയ്തിരിക്കുന്നത്. ഇതിന് എതിർവശത്തായി ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഇതിനടുത്തായി കോൺക്രീറ്റ് സ്ലാബിൽ വാർത്ത ഒരു ഇൻ ബിൽഡ് സീറ്റിങ്ങും ഉണ്ട്.

മനോഹരമായ കിടപ്പുമുറികളും ഇവയുടെ ഭിത്തിയ്ക്ക് യോജിച്ച കളർ തീമിലുള്ള ഫർണിച്ചറുകളും ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. മാസ്റ്റർ ബെഡ് റൂമിൽ നീലയും പച്ചയും കളർ തീമാണ് ഉപയോഗിച്ചിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂം, വാർഡ്രോബ് എന്നിവയും ഈ മുറിയ്ക്കകത്തുണ്ട്. കിഡ്സ് ബെഡ് റൂം ഓറഞ്ചും പച്ചയും കളർ തീമിലാണ് ഒരുക്കിയിരിക്കുന്നത്. വാർഡ്രോബിന് എതിർവശത്തായി ബാത്റൂമും ഉണ്ട്.  ഗസ്റ്റ് ബെഡ് റൂമും പച്ചയും നീലയും കളർ തീമിലാണ് ഒരുക്കിയിരിക്കുന്നത്. അത്യാവശ്യം സ്പേഷ്യസാണ് ഇവിടുത്തെ മൂന്ന് കിടപ്പ് മുറികളും.

ഫാമിലി ലിവിങ് ഏരിയയോട് ചേർന്നാണ് ഡൈനിങ് ഏരിയ. നാല് പേർക്ക് ഒരേസമയം ഇരിക്കാൻ കഴിയുന്ന രീതിയിലാണ് ഡൈനിങ് ഏരിയ ഒരുക്കിയത്. ഡൈനിങ് റൂമിനടുത്തുള്ള ഒരു കട്ടൗട്ട് ഏരിയയിലാണ് വാഷ് ഏരിയ സ്ഥാനം പിടിച്ചിരിക്കുന്നത്. വളരെ ലളിതവും സുന്ദരവുമായാണ് കിച്ചൺ ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ തീമിലാണ് കിച്ചൺ ഒരുക്കിയിരിക്കുന്നത്. അടുക്കളിയിൽ കൂടുതൽ സ്റ്റോറേജ് യൂണിറ്റുകളും ഒരുക്കിയിരിക്കുന്നത് താഴെ ഭാഗത്താണ്. അടുക്കളയിൽ തന്നെ ഒരു വർക്ക് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *