രണ്ടു തലമുറകളുടെ താത്‌പര്യങ്ങളെ കോർത്തിണക്കിയ ഒരു മാതൃകാ വീട്..

അധികം ആർഭാടങ്ങളോ ആഡംബരങ്ങളോ ഒന്നും തന്നെ ഇല്ലെങ്കിലും എന്തൊക്കെയോ ചില പ്രത്യേകതകൾകൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് പാലാ ചെട്ടിമറ്റത്തുള്ള വെള്ളിക്കുന്നേൽ ജോർജ് ജോസഫ് കർമ്മ ദമ്പതികളുടേത്. 2500 സ്ക്വയർ ഫീറ്റിൽ ഒരുങ്ങിയ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ആർക്കിടെക്റ്റ് എം എം ജോസാണ്.

നാട്ടിൻപുറത്തിന്റെ നൈർമല്യവും ഭംഗിയും ഒക്കെ നിറഞ്ഞുനിൽക്കുന്ന ഒരു സുന്ദര ഭവനമാണ് ഇത്. പരമ്പരാഗത കേരളീയ ശൈലിയും കൊളോണിയൽ ഭംഗിയും ഇഴചേർന്ന ഒരു സൗന്ദര്യമാണ് ഈ വീടിന്. അതിന് പുറമെ രണ്ട് തലമുറകളെ മുഴുവൻ ഒപ്പിയെടുത്തിട്ടുണ്ട് ഈ വീട് എന്ന് തന്നെ പറയാം. പച്ചപ്പ് നിറഞ്ഞ മുറ്റത്തിന്റെ നടുവിലായി ഒരു ഗ്രാമീണ സുന്ദരിയുടെ തലയെടുപ്പോടെ നിൽക്കുന്ന ഈ വീടിന്റെ ഭംഗിയെ മറയ്ക്കാതെയുള്ള മതിലാണ് വീടിന് ചുറ്റും നിർമ്മിച്ചിരിക്കുന്നത്.

28 സെന്റ് പ്ലോട്ടിൽ ഒരുങ്ങിയ വീടിന് വളരെ വലിയ ഒരു മുറ്റവും ഒരുക്കിയിട്ടുണ്ട്. കൊറിയൻ ഗ്രസ്സാണ് വീടിന് ചുറ്റും നട്ടുപിടിപ്പിച്ചിരിക്കുന്നത്. സ്ലോ പ്രൂഫിൽ വിവിധ ലെവലുകളിലായാണ് ഓടിട്ട ഈ വീട് ഒരുക്കിയിരിക്കുന്നത്.  ഫൗണ്ടേഷന്റെ പുറം ഭിത്തിയ്ക്ക് മാംഗ്ലൂർ ടൈൽസ് പിടിപ്പിച്ചിട്ടുണ്ട്. വീടിന്റെ മുൻഭാഗത്തേക്ക്‌ തള്ളി നിൽക്കുന്ന രീതിയിലാണ് കാർ പോർച്ച്.

കാർ പോർച്ചിൽ നിന്ന് നീളൻ വരാന്തയിലേക്ക് കടക്കാം. മുകളിലേക്ക് തുറക്കാൻ സാധിക്കുന്ന ചെറിയ പാളികളോട് കൂടിയ മനോഹര ജനാലകളും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറുന്നത് പ്രതീക്ഷിക്കുന്നതുപോലെ ലിവിങ് ഏരിയയിലേക്കല്ല.. ഇതിന്റെ ഇടത് ഭാഗത്താണ് മനോഹരമായ ഫർണിച്ചറുകളോട് കൂടിയ ലിവിങ് ഏരിയ. മനോഹരമായ കളർ തീമിലുള്ളതാണ് ഈ വീടിനകത്തെ പെയിന്റിങ്ങും ഫർണിച്ചറുകളും. ലിവിങ് റൂമിൽ നിന്ന് കോർട്ടിയാടിന്റെ കാഴ്ചകളും കാണാൻ കഴിയും.

വാം കളർ ലൈറ്റിങ്ങാണ് വീടിനകത്ത് മുഴുവൻ.  ഭിത്തികളിലെ  സ്‌കേർട്ടിങ്ങിന് പോലും യൂണിഫോമിറ്റി തെളിഞ്ഞ് നിൽക്കുന്നുണ്ട്. ഇതിന് അപ്പുറത്തായി ഒരു ചെറിയ സിറ്റൗട്ടും ഉണ്ട്.  ഫാമിലി ലീവിങിന്റെ നടുവിലായാണ് നടുമുറ്റം. നടുമുറ്റത്തിനു ചുറ്റും ഗ്രാനൈറ്റ് ഇട്ട അരഭിത്തി. ദീർഘ ചതുരത്തിലാണ് നടുമുറ്റം നിർമ്മിച്ചിരിക്കുന്നത്. നടുമുറ്റത്ത് വെള്ളാരം കല്ലുകളും ആർട്ടിഫിഷ്യൽ ചെടികളും വെച്ച് മനോഹരമാക്കിയിട്ടുണ്ട്. നടുമുറ്റത്തിനു ചുറ്റുമാണ് ഈ വീടിന്റെ എല്ലാ ഭാഗങ്ങളും.

മൂന്ന് കിടപ്പുമുറികളാണ് ഈ വീടിനുള്ളത്. ഫാമിലി ലീവിങിന്റെ സൈഡിലായാണ് മാസ്റ്റർ ബെഡ്‌റൂം. വിശാലമായ ഈ മുറിയ്ക്കകത്ത് കട്ടിൽ, ടേബിൾ, ബാത്‌റൂം, വാർഡ്രോബ്, ഡ്രസ് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഒക്കെയുണ്ട്. ഫാമിലി ലീവിന്റെ നേരെ കാണുന്നതാണ് രണ്ടാമത്തെ ബെഡ് റൂം. നടുമുറ്റത്തിന്റെ മുൻഭാഗത്തായാണ് മൂന്നാമത്തെ കിടപ്പ് മുറി. ഒരേ സമയം എട്ട് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡൈനിങ് ഏരിയ.

ഇതിനെല്ലാം പുറമെ കൂടുതൽ മനോഹരമായ ഒരിടമാണ് അടുക്കള. സീ ഷേപ്പിലാണ് ഈ ആധുനീക അടുക്കള നിർമ്മിച്ചിരികുന്നത്. അടുക്കളയുടെ ഒരു ഭാഗത്ത് ഒരുക്കിയ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഉണ്ട്. ഇതിന് പുറമെ വർക്കേരിയ, സ്റ്റോർ റൂം മുതലായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  അടുക്കളയിൽ പാൻട്രി ഏരിയയ്ക്ക് പുറമെ പുകയില്ലാത്ത അടുപ്പിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അടുക്കളയോട് ചേർന്ന് സ്റ്റോർ റൂമിനടുത്തായി ഒരു ചെറിയ സ്റ്റെയർ കേസും കാണാം. ഇതിന് മുകളിലായി മറ്റൊരു സ്റ്റോർ സ്‌പേസാണ് ഒരുക്കിയിരിക്കുന്നത്. വീടിനകത്ത് അധികം ചൂട് ഉണ്ടാകാത്ത രീതിയിലാണ് വീടിന്റെ നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *