ഇത് ലോകത്തിലെ ഏറ്റവും ചെറിയ വീട്

പുതിയ വീട് നിർമ്മിക്കാൻ പോകുന്നവർക്ക് അവരുടെ വീടിനെ സംബന്ധിച്ച് ഒരുപാട് സങ്കൽപ്പങ്ങൾ ഉണ്ടാകും. ഇത്തരത്തിൽ നമ്മുടെ ആഗ്രഹങ്ങളും ആർക്കിടെക്റ്റിന്റെ പ്ലാനുകളും ഒന്നു ചേരുമ്പോഴാണ് ഒരു മനോഹര ഭവനം രൂപം കൊള്ളുന്നത്. പുതിയ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർ നൂതന ആശയങ്ങൾക്കായി ഇന്റർനെറ്റിൽ തിരയുന്നതും ഇന്ന് സർവ സാധാരണമാണ്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ ഒരു വീടാണ് ഇത്.

വീടെന്നു കേള്‍ക്കുമ്പോള്‍ ഒരുപാട് സൗകര്യമുള്ള ഒന്നാണിതെന്ന് കരുതേണ്ട. ഈ വീട്  ഇത്തിരി കുഞ്ഞനാണ്. ഇത്തിരി കുഞ്ഞൻ എന്ന് പറഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെറിയ വീട്. എന്തിനും ഏതിനും ചെറുത് തേടി പോകുന്ന മനുഷ്യൻ ഈ കുഞ്ഞൻ വീടിനേയും ആവശ്യം വന്നാൽ ഇനി മാതൃകയാക്കാം. കാരണം  ഇഷ്ടാനുസരണം എവിടെയും കൊണ്ടുപോകാം എന്നതാണ് ഈ വീടിന്റെ മറ്റൊരു പ്രത്യേകത.  ബെര്‍ലിനിലെ പ്രശസ്ത ആര്‍കിടെക്റ്റ്‌ വാന്‍ ബോ ലീ മെന്റ്‌സല്‍ ആണ് ഈ ഇത്തിരി കുഞ്ഞന്‍ വീടിന്റെ ശില്‍പി. ആര്‍ക്കും എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്ന തരത്തിലുള്ളതാണ് ഈ വീട്.

തടിയിലാണ് വീടിന്റെ നിര്‍മ്മാണം. വെര്‍ട്ടിക്കലായോ ഹൊറിസോണ്ടലായോ ഈ വീട് ഉപയോഗിക്കാം എന്നതാണ് മറ്റൊരു ആകര്‍ഷണം. ഒരു ചെറിയ ജനലും അതുപോലെതന്നെ ഒരു ചെറിയ വാതിലും ഈ വീടിനുണ്ട്. ആവശ്യമെങ്കില്‍ ചെറിയൊരു കസേരയോ സ്റ്റൂളോ ഇട്ട് വീടിന്റെ ഉള്ളിലിരിക്കാം. ഇഷ്ടനാസുരണം എപ്പോള്‍ വേണമെങ്കിലും എവിടേയ്ക്ക് വേണമെങ്കിലും ഈ വീട് എടുത്തു മാറ്റാന്‍ സാധിക്കും. ദീര്‍ഘകാലം ഒരു അഭയാര്‍ത്ഥിയായി കഴിഞ്ഞിട്ടുള്ള ആളാണ് വാന്‍ ബോ ലീ മെന്റ്‌സല്‍. അതുകൊണ്ടുതന്നെ തന്റെ അഭയാര്‍ത്ഥി ജീവിതത്തിലെ ഓര്‍മ്മകളാണ് ഇത്തരമൊരു വീട് നിര്‍മ്മിക്കാന്‍ വാന്‍ ബോ ലീ മെന്റ്‌സല്‍ എന്ന ആര്‍കിടെക്റ്റിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വീട് ഉണ്ടാക്കുന്നതിന്റെ രീതിയും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഈ വീട് ശ്രദ്ധിക്കപ്പെട്ടതോടെ ഈ വീടിന് ആവശ്യക്കാരും കൂടി. കാരണം മറ്റൊരു ബുദ്ധിമുട്ടും ഇല്ലാതെ എവിടെയും സ്വസ്ഥമായി കൊണ്ടുപോകുകയും  സുരക്ഷിതമായി ഇതിനകത്ത് സമയം ചിലവഴിക്കാനും സാധിക്കും എന്നത് തന്നെ. വലിയ ചിലവോ സമയമോ നിർമ്മാണ സാമഗ്രഹികളോ ഇല്ലാതെ തന്നെ ഈ വീട് എളുപ്പത്തിൽ പണിയാനും സാധിക്കും. പാർക്കിലോ വീടിന്റെ ഉദ്യാനങ്ങളിലോ ഒക്കെ ഈ കൊച്ചു വീട് സ്ഥാപിച്ച ശേഷം അതിനകത്ത് സുരക്ഷിതമായി സമയം ചിലവഴിക്കാനും ഇത് സഹായിക്കും.

പൊതുവെയുള്ള വീട് എന്ന സങ്കല്‍പങ്ങൾക്ക് തികച്ചും മാറ്റം കൊണ്ടുവന്നിട്ടുള്ള ഒരു വീടാണ് ഈ ഇത്തിരി കുഞ്ഞന്‍ വീട്.  ഇതൊരു ഒറ്റ മുറി വീടാണ്. വലിയ സൗകര്യങ്ങളോ ആർഭാടങ്ങളോ ഒന്നും ഇല്ലെങ്കിലും സൈര്യമായി ഇരുന്ന് ബുക്ക് വായിക്കാനോ ഇരുന്ന് വിശ്രമിക്കാനോ ഒക്കെ ഈ കുഞ്ഞന്‍ വീട് ധാരാളം മതി.

ഇനി ആവശ്യക്കാരന്റെ ഇഷ്ടവും താത്‌പര്യവും അനുസരിച്ച് ഈ വീടിന്റെ മാതൃകയിലും ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്താൻ സാധിക്കും. ഇപ്പോൾ ഒരാൾക്ക് മാത്രം കഴിയാൻ സാധിക്കുന്ന രീതിയിലാണ് ഈ വീടൊരുക്കിയിരിക്കുന്നത്. എന്നാൽ ഇത് കുറച്ച് കൂടി വലുതാക്കിയാൽ ഒരേ സമയം കൂടുതൽ ആളുകൾക്ക് ഇതിനകത്ത് ചിലവഴിക്കാൻ സാധിക്കും. ഇടയ്‌ക്കൊക്ക ഒരു ചേഞ്ച് ആരാണ് ആഗ്രഹിക്കാത്തത്. അത്തരത്തിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃക ആക്കാവുന്നതാണ് ഈ കുഞ്ഞൻ വീട്.

 

Leave a Reply

Your email address will not be published. Required fields are marked *