സുന്ദര കാഴ്ചകൾ സമ്മാനിച്ച് വെള്ളത്തിൽ ഉയർന്നുപൊങ്ങിയ ഒരു മൂന്ന് നില മുള വീട് 

നമ്മുടെ അഭിരുചിക്കും താത്പര്യത്തിനും അനുസരിച്ചാണ് മിക്കവരും വീട് പണിയുന്നത്. അതുകൊണ്ടുതന്നെ നിരവധി വ്യത്യസ്തമായ വീടുകളും ഉയർന്നു പൊങ്ങാറുണ്ട്.വ്യത്യസ്തമായ നിർമ്മിതികൾ പലപ്പോഴും കാഴ്ചക്കാരെ വിസ്മയിപ്പിക്കും. അത്തരത്തിൽ കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഒരു മനോഹര ഭവനമാണ് വയനാട് തൃക്കേപ്പറ്റയിലുള്ള ബാബുരാജിന്റെത്. ഏഴ് വർഷങ്ങൾക്ക് മുൻപ് 30 ലക്ഷം രൂപ മുതൽമുടക്കിലാണ് ഈ മുള വീട് ബാബുരാജ്  നിർമ്മിച്ചത്.

മനോഹരമായ ഒരു ഉദ്യാനത്തിനകത്താണ് ഈ സുന്ദര ഭവനം. ഒരു ‘എ’ ഷേപ്പിലാണ് ഈ വീട് രൂപ കല്പന ചെയ്തിരിക്കുന്നത്. 70 ശതമാനത്തോളം മുള ഉപയോഗിച്ചാണ് ഈ വീട് പണിതിരിക്കുന്നത്. ബാക്കി മുപ്പത് ശതമാനം കമ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ പച്ചപ്പ് നിറഞ്ഞ ഒരു പ്രദേശത്താണ് ഈ പ്രകൃതി സുന്ദരിയായ വീട് ഒരുങ്ങിനിൽക്കുന്നത്. മൂന്ന് നിലകൾ ഉള്ള ഈ വീട്  പ്രകൃതിക്ക് അനുയോജ്യമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിന് പുറമെ മനോഹരമായ ഈ മൂന്ന് നില മുള വീട് ഉയർന്നു പൊങ്ങിയിരിക്കുന്നത് വെള്ളത്തിലാണ് എന്നുള്ളതും ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

വളരെ സുന്ദരമായ പച്ചപ്പ് നിറഞ്ഞ ഒരു കവാടത്തിലൂടെയാണ് ഈ വീട്ടിലേക്ക് കയറുന്നത്. അവിടെ നിന്നും ഒരു നടപ്പാലത്തിലൂടെ വേണം വീടിനകത്തേക്ക് കയറാൻ. എന്നാൽ ഈ നടപ്പാലത്തിന് താഴെ നിറയെ വെള്ളവും അതിൽ മനോഹരമായ ആമ്പലുകളും ആഫ്രിക്കൻപായലുകളും നിറഞ്ഞു നിൽക്കുന്നുണ്ട്.  കുളത്തിനകത്താണ് ഈ വീട് പണിതിരിക്കുന്നത്. അതിനാൽ തന്നെ കഠിനമായ ചൂട് കാലത്ത്പോലും ഫാനോ എയർ കണ്ടീഷണറോ ഇല്ലാതെതന്നെ സുഖനിദ്ര സമ്മാനിക്കാൻ കഴിയും ഈ വീടിന്.

വീടിന് താഴെയായി നിർമ്മിച്ചിരിക്കുന്ന കുളത്തിൽ നിരവധി മീനുകളും വളരുന്നുണ്ട്. ആറ്റുകൊഞ്ചി, കരിമീൻ, മുഷി, ബ്രാൽ തുടങ്ങി നിരവധി മീനുകൾ ഒരു മത്സ്യ സമ്പത്താണ് ഈ കുളം. അതിന് പുറമെ ആമകളും ഞണ്ടുകളും ഉൾപ്പെടെ നിരവധി ജലജീവികളും ഈ കുളത്തിനകത്തുണ്ട്. ചെടിയ്ക്കും മത്സ്യത്തിനും പുറമെ പ്രാവുകൾ ഉൾപ്പെടെയുള്ള പക്ഷികളും ഈ വീട്ടിൽ വളരുന്നുണ്ട്.

ഇനി മനോഹരമായ ഈ വീടിനകത്തേക്ക് കയറിയാൽ അതിനകത്തും നിരവധി അത്ഭുത കാഴ്ചകൾ കാണാനുണ്ട്. മനോഹരമായ പെയിന്റിങ്‌സുകൾ തൂക്കിയിട്ടിരിക്കുന്ന ചുവരുകളും മരത്തടികളിൽ തീർത്ത ഫർണിച്ചറുകളും ഈ വീടിനകത്തെ അത്ഭുത കാഴ്ചകളാണ്. വീടിനകത്തെ ബാൽക്കണിയിൽ നിന്നും നോക്കിയാൽ കുളവും വീടിന്റെ പുറം ഭാഗത്തെ കാഴ്ചകളും ആസ്വദിക്കാൻ സാധിക്കും. ഇതിന് അടുത്തായി ഒരു സുന്ദരമായ ബെഡ് റൂമും ഉണ്ട്. തെങ്ങിന്റെ പലകകൾ കൊണ്ടാണ് ഈ ഭാഗം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ നിന്നും ജനാലകളിലൂടെ കാണാൻ കഴിയുന്നതും വളരെ മനോഹരമായ പ്രകൃതിയെത്തന്നെയാണ്.

മുളകൾ കൊണ്ടുള്ള സ്റ്റെയർ കേസാണ് ഈ വീടിനകത്ത് ഉപയോഗിച്ചിരിക്കുന്നത്. അഞ്ച് ബെഡ് റൂമുകളാണ് ഈ വീടിനകത്തുള്ളത്. നിരവധി ഓപ്പൺ സ്‌പേസും ഈ വീടിനകത്തുണ്ട്. ഇഷ്‌ടികയ്ക്ക് പകരം മുളകൾ ഉപയോഗിച്ചാണ് ഈ വീടിന്റെ ഭിത്തികൾ കൂടുതൽ ഭാഗവും പണിതീർത്തിരിക്കുന്നത്. ഈ വീടിന്റെ ഏറ്റവും ടോപ് വ്യൂവിൽ നിന്നും വളരെ മനോഹരമായ കാഴ്ചകളും ഈ വീട് നമുക്ക് സമ്മാനിക്കുന്നുണ്ട്. ഇവിടെ ഒരുക്കിയിരിക്കുന്ന സീറ്റിങ്ങും ബാൽക്കണിയും ഏറ്റവും സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നുണ്ട്.

അടുക്കളയിൽ നിന്നും അത്യാവശ്യത്തിന് ചൂണ്ടയിട്ട് മീൻ പിടിച്ച് കറി വയ്ക്കുന്നതിന് പോലുമുള്ള അത്യാധുനിക സജ്ജീകരണങ്ങളാണ് ഈ മുളവീടിനുള്ളത്. കാഴ്ചയിലെ അത്ഭുതത്തിന് പുറമെ പ്രകൃതിയെയും ആവാസ വ്യവസ്ഥയേയും വരെ സംരക്ഷിക്കുന്ന രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *