കെട്ടിട നിർമ്മാണ രംഗത്ത് മണലിന് പകരം എം സാന്റ് ഉപയോഗിച്ചാൽ…

അടിത്തറ പാകി… ചുവര് കെട്ടിപ്പൊക്കി ..മേൽക്കൂര വാർത്ത്… മനോഹരങ്ങളായ ഒരു വീട് നിർമ്മിച്ച് വരുമ്പോഴേക്കും എന്തെല്ലാം കാര്യങ്ങളാകാം നമ്മുടെ ഉള്ളിൽ ഉണ്ടാകുക. പ്ലാൻ, ബജറ്റ്, സ്ഥലം, ഫർണിച്ചർ, ഇന്റീരിയർ, പെയിന്റിങ്, സാധനങ്ങളുടെ ഗുണനിലവാരം. ഭംഗി… അങ്ങനെ പോകുന്നു കാര്യങ്ങൾ..എന്നാൽ ഒരു വീട് നിർമ്മിക്കുമ്പോൾ അവയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരമാണ് ഏറ്റവും പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്.

വീട് നിർമ്മണത്തിലെ ഏറ്റവും അത്യാവശ്യമായ വസ്തുക്കളിൽ ഒന്നാണ് മണൽ. എന്നാൽ ഇന്ന് മണലിന്റെ ലഭ്യതക്കുറവും ഉയർന്ന വിലയും പലരേയും മണലിന് പകരം നിർമ്മാണത്തിന് എം സാന്റ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു. പക്ഷെ മണലിന് പകരം എം സാന്റ് ഉപയോഗിക്കുമ്പോൾ നിരവധി സംശയങ്ങളാണ് ഉയർന്നു വരുന്നത്. വർഷങ്ങളായി മണൽ ഉപയോഗിച്ച് കെട്ടിടങ്ങളും മറ്റും ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത് കൊണ്ടാകാം മിക്കവരിലും ഇന്ന് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉയരുന്നത്.

മണലാണോ അതോ എം സാന്റ് ആണോ നല്ലത്, മണലിന് പകരം എം സാന്റ് നിൽക്കുമോ, ഇത് കെട്ടിടത്തിന് ഉറപ്പ് നൽകുമോ എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങളാണ് മണലിന് പകരം എം സാന്റ് ഉപയോഗിക്കേണ്ടി വരുന്നവർ ചോദിക്കുന്നത്. എന്നാൽ മണൽ ഉണ്ടെങ്കിൽ മാത്രമേ കെട്ടിടങ്ങൾ ഉയർന്നുപൊങ്ങുവെന്ന് ചിന്തിക്കുന്നവർ അറിയാൻ.. ഇന്ന് നഗരത്തിലും മറ്റും കൂടുതലായി  കെട്ടിട നിർമ്മാണ രംഗത്ത് ഉപയോഗിക്കുന്നത് എം സാന്റാണ്. എന്നാൽ പരമ്പരാഗതമായി മണൽ ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചു വന്നവർക്കാണ്  ഇത്തരത്തിൽ എം സാന്റിന്റെ ഗുണ നിലവാരത്തെകുറിച്ച് ഏറെ സംശയങ്ങൾ ഉള്ളത്.

എന്നാൽ നിർമ്മാണ മേഖലയിൽ മണലിന് ബദലായി എത്തിയ എം സാന്റ് അഥവാ പാറമണൽ നിർമ്മാണ രംഗത്ത് മികവ് പുലർത്തുന്ന ഒന്നാണ് . മണലിനേക്കാൾ ഒട്ടും മോശമല്ല നിർമ്മാണ രംഗത്ത് മണലിന് പകരമായി എത്തിയ പാറമണൽ, മണൽ പ്രകൃതി ദത്തമായി ലഭിക്കുന്നതും പാറമണൽ ആർട്ടിഫിഷ്യലായി  നിർമ്മിക്കുന്നതുമാണ്  എന്നതാണ് ഇവയെ വേർതിരിക്കുന്ന പ്രധാന ഘടകം.

പുഴയിൽ നിന്നും മറ്റുമൊക്കെ മണൽ വാരുന്നത് പ്രകൃതിക്ക് ദോഷം ചെയ്യും ഇത് മണ്ണിടിച്ചിലിനും മറ്റ് പ്രകൃതി ദുരന്തങ്ങൾക്കുമൊക്കെ കാരണമാകും. അത് കൊണ്ടുതന്നെ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പുഴകളിൽ നിന്നും ലഭിക്കുന്ന മണലും കരിമണലുമൊക്കെ വാരുന്നത് സർക്കാർ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. അതിനാൽ  മണൽ ഇന്ന് വിപണിയിൽ അത്ര സുലഭമല്ല. എന്നാൽ പൂഴ്ത്തി വയ്പ്പും കരിഞ്ചന്തയും ഈ മേഖലയിലും ഉള്ളതിനാൽ ലഭ്യമാകുന്ന മണലിന് വിലയും കൂടുതലാണ്. അതിന് പുറമെ മണലിന്റെ ഗുണനിലവാരം നോക്കി വാങ്ങുന്നതിനുള്ള സാഹചര്യങ്ങളും ഇപ്പോൾ കുറവാണ്.

അതേസമയം വർഷങ്ങൾക്ക് മുൻപ് തന്നെ കേരളത്തിലെ പ്രശസ്തരായ ചില ബിൽഡേഴ്‌സും മറ്റും അവരുടെ അപ്പാർട്ടുമെന്റുകളും കെട്ടിടങ്ങളും കെട്ടി ഉയർത്തിയത് ഇത്തരം പാറമണൽ ഉപയോഗിച്ചാണ്. ഇവർക്ക് മണലിനെക്കാളും പകുതി വിലയ്ക്ക് എം സാന്റ് ലഭ്യമായതാണ് ഇത്തരത്തിൽ ഇവ ഉപയോഗിക്കാൻ കാരണമായത്. എന്നാൽ പിന്നീട് വീട് നിർമ്മിക്കുന്നതിനും മറ്റുമൊക്കെ കൂടുതൽ ആവശ്യക്കാർ ഉണ്ടായതും മണൽ ലഭ്യമാകാതിരുന്നതും എം സാന്റിന് ആവശ്യക്കാർ കൂടാൻ കാരണമായി. ഇതോടെ ഇവയ്ക്ക് വിലയും ഉയർന്നു. അതിന് പുറമെ പലരും എം സാന്റിന് ഗുണ നിലവാരമില്ല എന്ന തരത്തിൽ വാർത്തകൾ സൃഷ്ടിച്ച് എം സാന്റിന്റെ ഉപയോഗം കുറയ്ക്കാൻ പ്രേരിപ്പിച്ചു. പക്ഷെ കെട്ടിടങ്ങൾ ഉയർന്നു വരേണ്ടത് ആവശ്യത്തിലധികം അത്യാവശ്യമായി മാറിയതോടെ നിർമ്മാണ രംഗത്തെ അവശ്യ ഘടകമായി മാറി എം സാന്റ്.

 

Leave a Reply

Your email address will not be published. Required fields are marked *