കടക്കാരനാകാതെ വീട് പണിയാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മനസ്സിൽ ആഗ്രഹിച്ച വീടൊരെണ്ണം പണിത് കഴിയുമ്പോഴേക്കും കടക്കെണിയിൽ ആയിക്കാണും ഒരു ശരാശരി മലയാളി. ആഡംബരങ്ങൾ ഇല്ലാതെതന്നെ അഴകോടെ ഒരു കൊച്ചു വീട് പണിതാലും ലക്ഷങ്ങൾ പിന്നെയും കടം..ഇതാണ് പൊതുവെ കണ്ടുവരുന്നത്. എന്നാൽ ബാധ്യതകൾ കുറച്ചുകൊണ്ട് എങ്ങനെ നല്ലൊരു വീട് പണിയാം എന്ന് ചിന്തിക്കുന്നവർക്ക് മാതൃകയാക്കാം ഈ സുന്ദര ഭവനത്തെ. മലപ്പുറം ജില്ലയിലെ ചെറിയ മുട്ടത്തെ ഷെഫീക്കിന്റെ വീട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതിനൊപ്പം ഇതിന്റെ നിർമ്മാണ ചിലവ്  മനസിന് ആശ്വാസവും പകരും.

മനസിനിണങ്ങിയ അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ വീട് ചിലവ് ചുരുക്കി എങ്ങനെ പണിയാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീട്. ആഡംബരങ്ങളില്ലാതെ ആവശ്യങ്ങൾ അറിഞ്ഞ് പണിത സുന്ദര ഭവനമാണ് ഇതെന്ന് തന്നെ പറയാം. ആറ് സെന്റ് പ്ലോട്ടിൽ ഒരുങ്ങിയ 1600 സ്‌ക്വയർ ഫീറ്റ് സ്ഥലത്തെ ഇരുനില വീട് കുറഞ്ഞ ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് മാത്രമല്ല, കാഴ്ചയിലും സുന്ദരനാണ്.. ഇങ്ങനെകാഴ്ചയിലെ  ഭംഗിക്കും കുറഞ്ഞ ബജറ്റിനും പിന്നാലെ നിരവധി  സവിശേഷതകൾ നിറഞ്ഞതാണ് ഷെഫീക്കിന്റെ വീട്.

വീട് പണിയണം എന്ന ആഗ്രഹവുമായി ഷെഫീക്ക് ഹാബിറ്റാറ്റ് അസോസിയേറ്റ്സിലെ ഇർഷാദിനെ സമീപിക്കുമ്പോൾ വലിയ ആഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ചിലവ് കുറഞ്ഞതും കാണാൻ ഭംഗിയുള്ളതുമായ ഒരു വീട് വേണം. അങ്ങനെ ആഗ്രഹം പോലെ സ്ഥലത്തിന് അനുയോജ്യമായ ഒരു പ്ലാൻ വരച്ചു. വീട് പണിയും ആരംഭിച്ചു. ആഗ്രഹങ്ങൾ എല്ലാം നിർമ്മാണത്തിൽ ഒതുങ്ങിയപ്പോൾ ഷഫീക്കിന് ചിലവായത് 23 ലക്ഷം രൂപയാണ്.

ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി തടിയുടെ ഉപയോഗം പരമാവധി കുറച്ചാണ് നിർമ്മാണം. ഇതിന് പകരം കൂടുതലും സ്റ്റീൽ ഉപയോഗിച്ചു. സ്റ്റീൽ ജനാലകൾക്കും മറ്റും ഫ്രെയിമുകൾ ജി എ പൈപ്പിൽ നൽകി. അധികം ചിലവുകൾ ഇല്ലാതെ റെഡിമെയ്ഡ് വാതിലുകൾ വാങ്ങിയതോടെ ഇവിടെയും ചിലവ് കുറയ്ക്കാൻ സാധിച്ചു. വാഷ്‌റൂമും കൗണ്ടറുകളും അലുമിനിയത്തിൽ ഒരുക്കിയപ്പോൾ വീണ്ടും ചിലവ് ചുരുങ്ങി. കോമൺ ഏരിയയിൽ വളരെ മനോഹരമായി വാതിലുകളും ജനാലകളും ഒരുക്കി നൽകി. ഇത് വീടിനെ കൂടുതൽ ആകർഷണീയമാക്കി മാറ്റി.

ആയിരത്തി അറുന്നൂറ് സ്‌ക്വയർ ഫീറ്റിലെ ഈ ഇരുനില വീട്ടിൽ നാല് കിടപ്പ് മുറികളാണ് ഉള്ളത്. താഴത്തെ നിലയിൽ രണ്ടും മുകളിലത്തെ നിലയിൽ രണ്ടും കിടപ്പ് മുറികൾ ഉണ്ട്. താഴത്തെ രണ്ട് കിടപ്പു മുറികളിൽ ഒന്ന് ബാത്ത് അറ്റാച്ഡ് ആണ്. ഹാളിൽ മറ്റൊരു കോമൺ ബാത്റൂമും നൽകിയിട്ടുണ്ട്.  മികച്ച അകത്തള ക്രമീകരണം വീടിനെ വേറിട്ട് നിർത്തുന്നുണ്ട്. കുറഞ്ഞ സ്ഥലത്താണ് വീട് ഒരുക്കിയിരിക്കുന്നത് എങ്കിലും ഇത് കാഴ്ചയിൽ പ്രകടമാകാത്ത വിധത്തിലാണ് വീട് ക്രമീകരിച്ചിരിക്കുന്നത്. ഫർണിച്ചർ അറേഞ്ച്മെന്റ്‌സും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പുറം മോടിയ്ക്ക് പെയിന്റും സ്റ്റോൺ ഗ്ലാഡിങ്ങും നൽകിയിട്ടുണ്ട്.

പരമാവധി കാറ്റും വെളിച്ചവും അകത്ത് കടക്കുന്ന രീതിയിലാണ് നിർമ്മാണ രീതി. സ്റ്റെയർ കേസിന്റെ പിന്നിലായി ഗ്ലാസിൽ അലുമിനിയം ഫ്രെയിലിൽ ജനൽ നൽകിയത് കൂടുതൽ പ്രകാശം ഉള്ളിൽ കടക്കുന്നതിന് സഹായകമായി. ഉപയോഗക്ഷമതയ്ക്ക് പ്രാധാന്യം നൽകുന്ന വീട് പ്രിയപ്പെട്ടതാക്കുന്നത് ബജറ്റ് ഒന്നുകൊണ്ട് മാത്രമല്ല വീടിന്റെ മനോഹാരിത കൂടി കണക്കിലെടുത്താണ്.

കടബാധ്യത ഉണ്ടാകാതെ കൈയിലുള്ള പണം ഉപയോഗിച്ച് വീട് പണിയുമ്പോൾ ഇത്തരത്തിൽ കൃത്യമായ പ്ലാനിങ് ആവശ്യമാണ്. അതിനൊപ്പം വീടിന് ഉപയോഗിക്കുന്ന വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോഴും കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *