പ്രകൃതിയെ വേദനിപ്പിക്കാതേയും വീട് പണിയാം മാതൃകയായി ‘മൺകുടിൽ’

കാലാവസ്ഥയോടും ചുറ്റുപാടുകളോടും പ്രകൃതിയോടും ഇഴുകി ചേർന്ന ഒരു വീട്.. ഇത്തരം വീടുകളെ പ്രകൃതിയിൽ വിരിഞ്ഞ വീടെന്ന് കൂടി വിശേഷിപ്പിക്കാം. ഇത്തരം വീടുകളുടെ നിർമ്മാണം കഴിയുന്നതും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾകൊണ്ടും പ്രകൃതിക്ക് പരമാവധി ദോഷം ചെയ്യാത്തതും പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കളും കൊണ്ടാണെന്നത് തന്നെയാണ് ഏറെ സന്തോഷകരമായ കാര്യം. ഇത്തരത്തിൽ നിർമ്മിക്കുന്ന പ്രകൃതി സുന്ദരമായ വീടുകൾ എന്നും കാഴ്ചക്കാർക്കും ഒരുപാട് സന്തോഷം പകരാറുണ്ട്.

അത്തരത്തിൽ പ്രകൃതിയെ വേദനിപ്പിക്കാതെ പണിതുയർത്തിയതാണ് മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് തലക്കടുത്തൂരുള്ള അഹമ്മദ് ഉനൈസിന്റെയും സഹനയുടെയും മൺകുടിൽ എന്ന ഈ സുന്ദര വീട്. അഹമ്മദ് ഉനൈസ് തന്നെ ഡിസൈൻ ചെയ്തിരിക്കുന്ന ഈ മൺകുടിൽ വീട് 28 ലക്ഷം രൂപ മുതൽ മുടക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. റോഡിൽ നിന്നും സ്റ്റെപ്പ് കയറി, മനോഹരമായ പടിപ്പുര കടന്ന് വേണം ഈ വീട്ടിലേക്ക് പ്രവേശിക്കാൻ. നിരവധി മരങ്ങളും ചെടികളും നിറഞ്ഞ ഒരു വലിയ പറമ്പിന് നടുവിലായി തീർത്ത ഓടിട്ട ഒരു സുന്ദര വീട്. മൺകട്ടകൾ കൊണ്ട് നിർമ്മിച്ച പഴയ തറവാടിന്റെ ഓർമ്മകൾ വിളിച്ചോതുന്ന ഒരു പടിപ്പുര, ഇതിന് മുകളിൽ ഓടുകൊണ്ട് തീർത്ത മേൽക്കൂരയും ഉണ്ട്. പട്ടിക കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ഗേറ്റും പടിപ്പുരയ്ക്ക് നൽകിയിട്ടുണ്ട്.

മൂന്ന് തട്ടുകളിലായി നിൽക്കുന്ന പത്ത് സെന്റ് സ്ഥലത്താണ് 1800 സ്‌ക്വയർ ഫീറ്റ് വരുന്ന ഈ വീട് ഒരുങ്ങിയിരിക്കുന്നത്. ഭൂമിയുടെ ഘടനയെ ഒരു തരത്തിലും വേദനിപ്പിക്കാത്ത രീതിയിലാണ് ഈ വീടിന്റെ നിർമ്മാണം. ലാൻഡ് സ്‌കേപ്പിൽ ഇവിടെ നിലനിന്നിരുന്ന ചെടികൾക്കും മരങ്ങൾക്കും ഒപ്പം മറ്റ് മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്, കൂടാതെ ബഫല്ലോ ഗ്രാസും വളർത്തുന്നുണ്ട്. പ്രകൃതിയോട് ചേർന്ന രീതിയിലുള്ള മരങ്ങൾ കൊണ്ടുള്ള ഇരിപ്പിടങ്ങളും ബെഞ്ചും ഊഞ്ഞാലും ഒക്കെ ഈ പത്ത് സെന്റ് സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.

പടിപ്പുരയിൽ നിന്നും വെട്ടുകല്ലുകൾ കൊണ്ടുള്ള സ്റ്റെപ്പുകളിലൂടെ കയറി വേണം വീടിനകത്തേക്ക് എത്താൻ. പരമ്പരാഗത ശൈലിയിൽ ഉള്ള ഒരു മേൽക്കൂരയാണ് ഈ വീടിന് നല്കിയിരിക്കുന്നത്. വിവിധ ലെവലുകളിലായാണ് മേൽക്കൂര ഒരുക്കിയിരിക്കുന്നത്. ജി ഐ സ്ട്രക്ച്ചറിന് പുറമെ മേൽക്കൂരയിൽ ഓടും പാകിയിട്ടുണ്ട്. ചെങ്കല്ലിൽ തീർത്ത ഭിത്തികൾ അതെ പടി തേയ്ക്കാത്ത രൂപത്തിൽ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. ചെങ്കല്ല് സിമെന്റിലാണ് കെട്ടിയിരിക്കുന്നത് ഇത് വീടിന് കൂടുതൽ ഉറപ്പ് പകരും, എന്നാൽ ഇതിന്റെ ജോയിന്റ് വരുന്ന ഭാഗങ്ങളിൽ മൺ പ്ലാസ്റ്റർ ആണ് ഉപയോഗിച്ചിരിക്കുന്നത്. വീടിനോട് ചേർന്ന് തന്നെ ഒരു കിണറും ഉണ്ട്. ഇതും വീടിന് ചേരുന്ന രീതിയിൽ മനോഹരമായി മോടി പിടിപ്പിച്ചിട്ടുണ്ട്.

വീടിന്റെ ജനാലകൾ എല്ലാം അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഇതിനെ ഹൈലൈറ്റ് ചെയ്യാനായി ഒരു വൈറ്റ് ബാൻഡും ചുറ്റിനും നല്കിയിട്ടുണ്ട്. വളരെയധികം മനോഹരമായാണ് വീടിന്റെ പുറത്തെ ലൈറ്റിങ്ങും ക്രമീകരിച്ചിരിക്കുന്നത്. മനോഹരമായ സിറ്റൗട്ട് പൂർണമായും സ്റ്റീൽ സ്ട്രക്ച്ചർ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ തടി ഉപയോഗിച്ചാണ് ഫ്ലോർ ഒരുക്കിയിരിക്കുന്നത്. ഇതിന് ചുറ്റോടു ചുറ്റും സിറ്റിങ് അറേഞ്ച്മെന്റ്‌സും ഒരുക്കിയിട്ടുണ്ട്. മുളകൊണ്ടുള്ള ലൈറ്റിങ്ങുകളും വീടിന്റെ ചാരുത വർധിപ്പിക്കുന്നുണ്ട്. വീടിന്റെ ഫീൽ നിലനിർത്തുന്ന രീതിയിലാണ് വീടിന്റെ ഓരോ ഭാഗങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

ഇവിടെ നിന്നും പ്രധാന വാതിലിലേക്ക് എത്തിയാൽ ഇത് തടിയും ഗ്ലാസും ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ലിവിങ് ഏരിയയും ഡൈനിങ്ങും കിച്ചണുമെല്ലാം ഓപ്പൺ സ്‌പേസിലാണ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറക് ഭാഗത്താണ് കിടപ്പുമുറികൾ. അതിനാൽ ഇവിടെ ആവശ്യത്തിന് പ്രൈവസിയും ലഭിക്കും. ആദ്യ കാഴ്ചയിൽ തന്നെ കേരളീയത വിളിച്ചോതുന്ന ഈ സുന്ദര ഭവനം പ്രകൃതിയെ പരമാവധി വേദനിപ്പിക്കാതെയാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റും.

Leave a Reply

Your email address will not be published. Required fields are marked *