ഇത് മലയാളി സ്വപ്നം കാണുന്ന ഒരു ശരാശരി വീട്…

ഒരു ശരാശരി വീട് പണിയണമെങ്കിൽ 20 അല്ലെങ്കിൽ 30 ലക്ഷം രൂപയെങ്കിലും വേണമെന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ ഇതിലും കുറഞ്ഞ ചിലവിൽ തന്നെ മനോഹരമായ വീടുകൾ ഒരുക്കാം. ഇതിനായി പണിക്കാർക്കൊപ്പം ഇറങ്ങി പണി ചെയ്യാനുള്ള മനസും വീടിന് ആവശ്യമായ വസ്തുക്കൾ തിരഞ്ഞ് നടക്കാനുള്ള ക്ഷമയും പിന്നെ നിശ്ചയദാർഢ്യവുമൊക്കെയാണ് വേണ്ടതെന്ന് ഓർമ്മിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള ബട്ടർകുളത്ത് നൗഫൽ, ഇർഷാദ്, ഷാഹിദ മുംതാസ് എന്നീ സഹോദരങ്ങളുടെ കറുത്തേടത്ത് എന്ന വീട്.

ഫർണിച്ചറും ഫർണിഷിങ് ഫിറ്റിങ്ങ്സും അടക്കം ഈ വീടിന്റെ നിർമ്മാണ ചിലവ് ആകെ 15 ലക്ഷം രൂപയാണ്. ഈ മനോഹരമായ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് നിർമ്മാൺ ഡിസൈൻസിലെ ഫൈസൽ നിർമ്മാൺ ആണ്. പൂർണ്ണമായും കണ്ടംപ്രറി ശൈലിയിൽ ഒരുക്കിയ വീട് ഫ്ലാറ്റ് റൂഫ് എലിവേഷനാണ് പിന്തുടർന്നിരിക്കുന്നത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി സ്ലോ റൂഫ് ആണ് ഒരുക്കിയിരിക്കുന്നത്. സൺ ഷേഡ്‌സ് ജനാലകൾക്ക് മാത്രമാണ് നൽകിയിരിക്കുന്നത്. ചുവരുകളിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന നിറം ഐവറിയാണ്. മിലിട്ടറി ഗ്രീനിന്റെ ഒരു ഡൾ സാന്നിധ്യവും ഇതിൽ നൽകിയിട്ടുണ്ട്. ആറര സെന്റിലാണ് 1400  സ്‌ക്വയർ ഫീറ്റിലുള്ള ഈ വീട് നിർമ്മിച്ചിരിക്കുന്നത്.  പ്ലോട്ടിന്റെ പുറക് ഭാഗത്തായാണ് വീട്  നിൽകുന്നത്. അതിനാൽ തന്നെ ആവശ്യത്തിന് മുൻ ഭാഗത്ത് മുറ്റവും ലഭിച്ചിട്ടുണ്ട്.

ചെറുതും സുന്ദരവുമായ ഈ സിറ്റൗട്ടിൽ ഒരു ആർട്ടിഫിഷ്യൽ ചെടി ഒരുക്കിയിട്ടുണ്ട്. ഇത് വീടിനെ കൂടുതൽ സുന്ദരിയാക്കുന്നതിൽ പ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. ഇൻ ബിൽഡ് ആയുള്ള ഇരിപ്പിടങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്റ്റീൽ ഉപയോഗിച്ചാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. പ്രധാന വാതിൽ തുറന്ന് കടന്നു വരുമ്പോൾ ഉള്ള ഹാളിന്റെ ഒരു ഭാഗത്തായാണ് ലിവിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. ഇവിടെ എൽ ഷേപ്പിലുള്ള  ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.

ഫർണിച്ചർ പണിതപ്പോൾ വേസ്റ്റായ വസ്തുക്കൾ ഉപയോഗിച്ച് ലിവിങ് ഏരിയയിലെ ഭിത്തികളിൽ മനോഹരമായ ഡിസൈനോട് കൂടി അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. വീടിന്റെ അകത്തെ പെയിന്റിനോട് ചേർന്നു പോകുന്ന രീതിയിലാണ് ഫർണിച്ചർ ഡിസൈനും കർട്ടൻസും ഒരുക്കിയിരിക്കുന്നത്. ഡാർക്ക് കളറിലുള്ള വാളിനോട് ചേർന്ന് പോകുന്ന കളറിലുള്ള  സെറാമിക് ടൈൽസാണ് ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത്. ലിവിങ് ഏരിയയോട്  ചേർന്നാണ് ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം ആറു പേർക്കാണ് ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുക. ഇതിനോട് ചേർന്നുള്ള ഭാഗത്താണ് മാസ്റ്റർ ബെഡ് റൂം ഒരുക്കിയിരിക്കുന്നത്. ഒരു ബജറ്റ് ഹോം ആണെന്ന് തോന്നാത്ത രീതിയിലുള്ളതാണ് ഇവിടുത്തെ കിടപ്പ് മുറി. വളരെ എലഗന്റ് ആയിട്ടുള്ള കളറിലാണ് ഈ മുറികൾ. മനോഹരമായ കോട്ടിനൊപ്പം വാർഡ്രോബ്സും മുറികളിൽ ഒരുക്കിയിട്ടുണ്ട്. വളരെയധികം സ്വകാര്യത ഒരുക്കുന്ന രീതിയിലാണ് ഇവിടുത്തെ കിടപ്പ് മുറികൾ. ലിവിങ് ഏരിയയോട് ചേർന്ന് ബെഡ് റൂമിന്റെ ഭാഗത്തായി ഒരു കോമൺ ബാത്റൂം ഒരുക്കിയിട്ടുണ്ട്.

വളരെ മനോഹരമായ അടുക്കളയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ട് ഭാഗമായാണ്  ഇവിടുത്തെ അടുക്കള. വർക്കിങ് അടുക്കളയും സാധാരണ അടുക്കളയും ഇവിടെ ഉണ്ട്. ഇതിനോട് ചേർന്ന് ഒരു വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഡൈനിങ് ഏരിയയോട് ചേർന്നാണ് സ്റ്റെയർ കേസ് ഒരുക്കിയിരിക്കുന്നത്. മുകളിലത്തെ നിലയിൽ അത്യാവശ്യം സ്ഥല സൗകര്യങ്ങളോട് കൂടിയ രണ്ട് ബെഡ് റൂമുകളാണ് ഉള്ളത്. ഇവിടെ ഒരു ഓപ്പൺ ടെറസും ഒരുക്കിയിട്ടുണ്ട്. കോസ്റ്റ് ഇഫക്റ്റീവായുള്ള കർട്ടനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മിനിമലിസം കോൺസെപ്റ്റിലാണ് ഈ മനോഹര വീട് ഒരുങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *