ഒറ്റ നിലയിൽ കേരളീയ ശൈലിയ്ക്ക് പ്രാധാന്യം നൽകി ഒരുങ്ങിയ ഒരു സുന്ദര ഭവനം

വീട് നിർമ്മിക്കുമ്പോൾ ആദ്യം മുതൽ അവസാനം വരെ ഏറെ ശ്രദ്ധയും കരുതലും ആവശ്യമാണ്. ചങ്ങനാശേരി വാഴപ്പള്ളിയിലുള്ള കട്ടപ്പുറം എന്ന ഈ സുന്ദര വീട് രൂപകല്പന  ചെയ്തത് പുന്നൂസ് ആൻഡ്രൂസ് ആണ്. ഒറ്റ നിലയിൽ കേരളീയ ശൈലിയിക്ക് പ്രാധാന്യം നൽകി ഒരുങ്ങിയ ഈ വീടിന് തൂവെള്ള നിറത്തിലുള്ള പെയിന്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് കോൺട്രാസ്റ്റായി ഓടും, തടിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വീടിനെ കൂടുതൽ ആകർഷണീയമാക്കുന്നുണ്ട്. മറ്റൊരു എടുത്ത് പറയേണ്ട പ്രത്യേകത ഈ വീടിന്റെ കൺസ്ട്രക്ഷൻ ആണ്. വീടിനകത്ത് പരമാവധി ചൂട് കുറയുന്ന രീതിയിലാണ് ഈ വീടിന്റെ നിർമ്മാണം.

17 സെന്റ് സ്ഥലത്ത് 2900 സ്‌ക്വയർ ഫീറ്റിലാണ് ഈ വീടൊരുങ്ങിയിക്കുന്നത്. വീടിന്റെ മുൻപിലുള്ള വലിയ മുറ്റത്ത് കല്ലുകളും ഗ്രാസും പിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. ഡ്രൈവേയിലൂടെ എത്തുന്നത് പോർച്ചിലേക്കാണ്. ഇവിടെ നിന്നും ഒരു നെടു നീളൻ വരാന്തയിലേക്കും കയറാം. ഇവിടെ മനോഹരമായ നിരവധി തൂണുകൾ നിർമ്മിച്ചിട്ടുണ്ട്. ഇത് വീടിന്റെ പ്രൗഢി വർധിപ്പിക്കുന്നു. അതിന് പുറമെ പഴമ വിളിച്ചോതുന്ന ഫർണിച്ചറുകളും ഒരുക്കിയിട്ടുണ്ട്. മാർബിളും ഗ്രാനൈറ്റുമാണ് വീടിന്റെ ഫ്ലോറിന് നൽകിയിരിക്കുന്നത്.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഫോർമൽ ലിവിങ് സ്‌പേസിൽ നിന്നും മറ്റ് ഭാഗങ്ങളെ കണക്ട് ചെയ്തിരിക്കുന്നത് നടുമുറ്റും പോലൊരു ഭാഗം ഉപയോഗിച്ചാണ്. ഇവിടെ മനോഹരമായ ഫർണിച്ചറുകളും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും വരുമ്പോൾ വലത് ഭാഗത്തായി ഫാമിലി ലിവിങ് ഏരിയയും അതിനടുത്തായി ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഇവിടെ നൽകിയിരിക്കുന്ന അതെ ശൈലി തന്നെയാണ് ഇതിനോട് ചേർന്ന് വരുന്ന ഭാഗങ്ങളിലും നൽകിയിരിക്കുന്നത്.

മനോഹരമായ കിടപ്പ് മുറികളാണ് ഇവിടുത്തെ മറ്റൊരു ആകർഷണീയത. അറ്റാച്ഡ് ബാത്റൂമിന് പുറമെ ഡ്രസിങ് ഏരിയയും ഈ മുറികളിൽ സെപ്പറേറ്റ് ആയി നല്കിയിട്ടുണ്ട്. വളരെയധികം സ്‌പേഷ്യസ് ആയാണ് കിടപ്പ് മുറികളും ഒരുക്കിയിരിക്കുന്നത്. ഒരേ ശൈലിയിൽ ഉള്ള മൂന്ന് കിടപ്പ് മുറികളാണ് ഇവിടെ ഉള്ളത്. ഇവിടെ ഫ്ലോറിൽ മറ്റ് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായ വുഡൻ ഫിനിഷിലുള്ള ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. ആന്റിക് ശൈലിയിലുള്ള കിടക്കയും ഫർണിച്ചറുമാണ് ഇവിടെയും അലങ്കരിച്ചിരിക്കുന്നത്.

വീടിന് തുറന്ന് കിടക്കുന്ന പ്ലാൻ ആയതുകൊണ്ട് ആ രീതിയിലാണ് ഡൈനിങ് ഏരിയയും ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ധാരാളം വെളിച്ചവും വായുവും ലഭിക്കുന്നതിനായി വലിയ ജനാലകളും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം എട്ട് പേർക്ക് ഭക്ഷണം കഴിക്കാൻ പറ്റുന്ന രീതിയിലാണ് ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. ഇവിടെ ക്രോക്കറി ഷെൽഫും സ്റ്റോറേജ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. ഡൈനിങ് ഏരിയയുടെ തുടർച്ചയായാണ് അടുക്കള. ഇതൊരു പുതിയ മോഡൽ ഓപ്പൺ കിച്ചൺ ആണ്. ഡൈനിങ് ഏരിയയേയും അടുക്കളയേയും തമ്മിൽ വേർതിരിക്കാനായി ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്.  വളരെ മനോഹരമായാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. അടുക്കളയിലും ധാരാളം സ്റ്റോറേജ് സ്‌പേസുകൾ ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് യൂട്ടിലിറ്റി ഏരിയയും വർക്ക് സ്‌പേസും നിർമ്മിച്ചിട്ടുണ്ട്.

കേരളീയ തനിമ നിലനിർത്തിക്കൊണ്ടുള്ള പ്ലാനും ഫർണിച്ചറുകളാണ് ഈ വീടിന് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെയധികം ആകർഷണീയമായാണ് ഈ വീട് ഒരുങ്ങിയിരിക്കുന്നത്. വീടിനകത്തും പുറത്തുമായി നിരവധി ആന്റിക് ഫർണിച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യം സ്ഥല സൗകര്യങ്ങളോട് കൂടി ഒരുക്കിയ വീട് എല്ലാ അത്യാധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്.  അതിനാൽ തന്നെ വീടിന്റെ പുറമെ നിന്ന് നോക്കുമ്പോൾ ലഭിക്കുന്ന ഭംഗി വീടിനകത്തും തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *