അതിശയിപ്പിക്കുന്ന രൂപഭംഗിയിൽ നാല് സെന്റിൽ ഒരുങ്ങിയ വീട്

ജീവിതത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീടിനകത്താണ്.  പ്രിയപ്പെട്ടവരുമൊത്തുള്ള ഏറ്റവും സുന്ദരമായ നിമിഷങ്ങൾ പങ്കുവെയ്ക്കപ്പെടുന്നതും ഇവിടെ തന്നെ അതുകൊണ്ടുതന്നെ തങ്ങളുടെ വീട് എപ്പോഴും സുന്ദരമായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നഗരങ്ങളിൽ മനോഹരമായ വീടുകൾ പണിയാൻ ആഹ്രഹിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സ്ഥല പരിമിതിയാണ്. എന്നാൽ കുറഞ്ഞ സ്ഥലത്ത് സുന്ദരമായ വീട് സ്വപ്നം കാണുന്നവർക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു വീടാണ് കോഴിക്കോട് ചേവരമ്പലത്ത് രതീഷ്- നീമ ദമ്പതികളുടേതായി ഒരുങ്ങിയ ഈ ഇരുനില വീട്.

വെറും നാല് സെന്റ് സ്ഥലത്ത് 1500 സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങിയ ഈ വീട്ടിൽ സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അറ്റാച്ഡ് ബാത്റൂമോട് കൂടിയ  മൂന്ന് കിടപ്പ് മുറികൾ, ബാൽക്കണി, അപ്പർ ലിവിങ്, ഓപ്പൺ അടുക്കള, വരക്കേറിയ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ വീടിന് ഒരുക്കിയിരിക്കുന്ന വലിയ ജനാലകളും ഗ്ലാഡിങ് സ്റ്റോൺ വർക്ക്‌സും വീടിനെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.

ഇന്റർലോക്ക് കട്ടകൾ പാകിയ മുറ്റത്താണ് ഈ സുന്ദര ഭവനം നിലകൊള്ളുന്നത്. തൂവെള്ള നിറത്തിലുള്ള പെയിന്റാണ് വീടിന് നൽകിയിരിക്കുന്നത്. ഇതിന് ഭംഗി കൂട്ടാൻ ആഷ്, ഗോൾഡൻ തുടങ്ങിയ കളറുകളിൽ ഫിനിഷിങ്ങും നൽകിയിട്ടുണ്ട്. വീടിനകത്ത് കയറിയാൽ സ്ഥലപരിമിതി നേരിടുന്ന ഒരു വീടാണ് ഇതെന്ന് തോന്നില്ല. അത്രയ്ക്ക് മനോഹരമായാണ് ഈ വീടിന്റെ നിർമ്മാണവും ഇന്റീരിയറും ഒരുക്കിയിരിക്കുന്നത്.

ഫസ്റ്റ് ഫ്ലോറിൽ ഇടതും വലതും ഭാഗങ്ങളിൽ മനോഹരമായ കോർണർ വിൻഡോകൾ നൽകിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്നും ഒരു ഫോയർ വഴിയാണ് ലിവിങ് ഏരിയയിലേക്ക് കയറുന്നത്. എട്ട് പേർക്ക് ഇറക്കാൻ കഴിയുന്ന ഇരിപ്പിടങ്ങളാണ് ലിവിങ് ഏരിയയിൽ ഒരുക്കിയിരിക്കുന്നത്. വൈറ്റ് കളറുള്ള വിട്രിഫൈഡ് ടൈൽസിനൊപ്പം വുഡൻ ടൈൽസും ഫ്ലോറിൽ നൽകിയിട്ടുണ്ട്. ലീവിങിൽ നിന്നും ഇടത് ഭാഗത്തായാണ് ഡൈനിങ് ഏരിയ, ഒരേ സമയം ആറു പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് ഡൈനിങ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഒരു കോർണറിലായി വാഷ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും അടുക്കളയുടെ അടുത്തായി ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും നല്കിയിട്ടുണ്ട്. ഓപ്പൺ കിച്ചനാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വളരെ സ്‌പേഷ്യസും മനോഹരവുമാണ് അടുക്കള. സ്റ്റോറേജ് സ്‌പേസും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വീടിന്റെ തെക്ക്- പടിഞ്ഞാറ് ഭാഗത്താണ് താഴത്തെ നിലയിലെ ബെഡ് റൂം. അറ്റാച്ഡ് ബാത്റൂംമോട് കൂടിയ വലിയ കിടപ്പ് മുറിയാണ് ഇത്. വലിയ കിടക്കയ്ക്ക് പിന്നാലെ ചെറിയ ഒരു മേശയും കബോർഡും ഇവിടെ ഒരുക്കാം.  വീടിന്റെ സ്റ്റെയർ കേസ്  ഹാൻഡിൽ സ്റ്റീലിലാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റെപ്പ് കയറി മുകളിൽ എത്തിയാൽ അവിടെ മനോഹരമായ് ഒരു ലിവിങ് ഏരിയ ഒരുക്കിയിട്ടുണ്ട്. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിങ്ങിന് ഒപ്പം ഒരു കമ്പ്യൂട്ടർ വർക്ക് സ്‌പേസും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ മുകളിലത്തെ നിലയിൽ രണ്ട് കിടപ്പ് മുറികളും ഓപ്പൺ ടെറസും ബാൽക്കണിയും ഉണ്ട്. അറ്റാച്ഡ് ബാത്റൂമോട് കൂടിയ വലിയ കിടപ്പ് മുറികളാണ് ഇവിടെയും ഉള്ളത്. വീടിന്റെ മുൻ ഭാഗത്താണ് മുകളിൽ ബാൽക്കണി നല്കിയിരിക്കുന്നത്. അതിന് പുറമെ ഒരു ഓപ്പൺ ടെറസും ഇവിടെ ഉണ്ട്.

വീടിന്റെ നിർമ്മാണത്തിനൊപ്പം ഇന്റീരിയർ വർക്ക്‌സിലെ മികവും ഫർണിച്ചർ സെലക്ഷനും വീടിനെ കൂടുതൽ സുന്ദരമാകുന്നുണ്ട്. സ്ഥലപരിമിതി നേരിടുന്ന സുന്ദരമായ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്നതാണ് ഈ വീട്.

 

Leave a Reply

Your email address will not be published. Required fields are marked *