അര സെന്റിൽ ഒരുങ്ങിയ അത്ഭുത വീട്

കല്ലും മണ്ണും കൂടാതെ വീട് പണിയാൻ കഴിയുമോ.. അര സെന്റിൽ വീട് പണിയാൻ കഴിയുമോ.. ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഈ അത്ഭുത വീട്. ഇഷ്ട വീട് ഒരുക്കുന്നതിന് സ്ഥലപരിമിതി ഒരു പ്രശ്നമല്ലെന്ന് കൂടി   കാണിക്കുകയാണ് ഈ വീട്. വീടിന്റെ ഭംഗിക്കോ സൗകര്യങ്ങൾക്കോ ഒരു കുറവും വരുത്താതെയാണ് അര സെന്റിൽ നിർമ്മിച്ച ഈ വീട്. കൊച്ചിയുടെ നഗര ഭാഗത്താണ് ഈ അത്ഭുത ഭവനം. കൂടുതലും സ്റ്റീലിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ വീട് ഒരുക്കിയത്.

വളരെ കുറഞ്ഞ സ്ഥലം ആയതിനാൽ തന്നെ അടിത്തറ പാകി ഒരു വീട് നിർമ്മിക്കുക ഇവിടെ സാധ്യമായിരുന്നില്ല. വളരെ അടുത്താണ് മറ്റ് വീടുകൾ അതിനാൽ ഇവിടെ നിലം കുഴിച്ച് അടിത്തറ ഒരുക്കിയാൽ അത് മറ്റ് വീടുകളുടെ നിലനിൽപ്പിനെ ദോഷമായി  ബാധിക്കും. അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെയാണ് ഈ വീട് ഒരുക്കിയത്.

എഞ്ചിനീയർ അനൂപ് ഫ്രാൻസീസ് ആണ് ഈ അത്ഭുത വീടിന് പിന്നിൽ. ജാക്സണും കുടുംബത്തിനും വേണ്ടിയാണ് ഈ സുന്ദര ഭവനം ഒരുക്കിയത്. ഉടമസ്ഥന്റെ കൈയിലെ കാശ്, സ്ഥല പരിമിതി, സ്ഥലത്തിന്റെ പ്രത്യേകത, വീട്ടുകാരുടെ  ആവശ്യങ്ങൾ എന്നിവയെല്ലാം  കണക്കിലെടുത്താണ് ഈ വീട് ഒരുക്കിയത്. 512 ചതുരശ്ര അടിയാണ് ഈ വീടിന്റെ വലിപ്പം. രണ്ട് കിടപ്പ് മുറി, അടുക്കള, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ബാത്റൂം എന്നിവയെല്ലാം ഉള്ള ഈ ഇരുനില വീടിന് ചിലവായത് ആകെ എട്ട് ലക്ഷം രൂപയാണ്. എല്ലാ അത്യാവശ്യ സൗകര്യങ്ങളോടും കൂടിയാണ് വീട് ഒരുങ്ങിയത്.

സ്റ്റീൽ സ്ട്രക്ച്ചറിൽ ഫൈബർ സിമെന്റ് ബോർഡ് കൊണ്ട് ചുമരുകളും അലുമിനിയം ഷീറ്റ് കൊണ്ട് മേൽക്കൂരയും ആണ് നിർമ്മിച്ചിരിക്കുന്നത്. മേൽക്കൂരയ്ക്ക് താഴെ ജിപ്സം ഉപയോഗിച്ച് സീലിങ്ങും ഒരുക്കിയിട്ടുണ്ട്. പെയിന്റ് ഉപയോഗിച്ച് ചുമരുകൾ മനോഹരമാക്കിയിട്ടുണ്ട്. താഴത്തെ നിലയുടെ മുകളിൽ അലുമിനിയം ഷീറ്റ്, സ്റ്റീൽ കമ്പി എന്നിവയെല്ലാം പല തവണ തട്ടുകളായി അടുക്കി അതിന് മുകളിൽ കോൺക്രീറ്റ് ഇട്ട് ടൈൽസ് ഒട്ടിച്ചു. ബാത്റൂം അടക്കമുള്ളവ ഉയരം കുറച്ച് നിർമ്മിച്ച് അതിന് മുകളിൽ സ്റ്റോറേജും ഒരുക്കിയിട്ടുണ്ട്.

സാധനങ്ങൾ എല്ലാം തന്നെ ആവശ്യാനുസരണം എടുത്ത് മാറ്റാൻ കഴിയും എന്നതും ഈ വീടിന്റെ പ്രത്യേകതയാണ്.  സോഫയായി ഉപയോഗിച്ചിരിക്കുന്ന ഇരിപ്പിടം ഫോൾഡ് ചെയ്യാനും തുറക്കാനും കഴിയും അതിനാൽ ഇത് കിടക്കയായും ഉപയോഗിക്കാം. എല്ലാ വസ്തുക്കളും എടുത്ത് മാറ്റാൻ കഴിയുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വളരെയധികം ചിലവ് കുറഞ്ഞ രീതിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചിരിക്കുന്നതും ഇത്തരത്തിൽ ചിലവ് കുറഞ്ഞവയാണ്. അതിനാൽ അനാവശ്യ ചിലവുകൾ കുറച്ച് എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തിയാണ് വീട് ഒരുക്കിയിരിക്കുന്നത്.

പൂന്തോട്ടം പോലും ഈ വീടിനായി ഒരുക്കിയിട്ടുണ്ട് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മതിലിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയാണ് പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്. ഈ ചെടികൾ പോലും എടുത്ത് മാറ്റാൻ കഴിയും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. മികച്ച സൗകര്യങ്ങളോട് കൂടിയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ മികച്ച അഭിപ്രായങ്ങളാണ് വീടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനി മുതൽ അഞ്ച് സെന്റിലും മൂന്ന് സെന്റിലും വരെ വീട് വയ്ക്കാൻ മടിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാം ഈ അര സെന്ററിൽ പണിത വീട്.

 

Leave a Reply

Your email address will not be published. Required fields are marked *