വീടിന്റെ പ്ലാൻ തയാറാക്കും മുൻപ് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ വീടിന്റെ പ്ലാൻ തയാറാക്കും മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബജറ്റ് തയാറാക്കുക എന്നതാണ്. അതുകൊണ്ടുതന്നെ ഒരു വീട് വയ്ക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരും ആദ്യം തന്നെ ഒരു ബജറ്റ് ഇതിനായി കാണണം. ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം കടബാധ്യത വരാതെ വേണം വീട് പണിയാൻ എന്നതാണ്. പലരും ബാങ്കിൽ നിന്നും കടമെടുത്താകും വീട് വയ്ക്കുക. അതിനാൽ ഓരോ മാസവും എത്ര രൂപ അടയ്ക്കാൻ പറ്റുമെന്നും നമ്മുടെ വരുമാനം അരിഞ്ഞുംവേണം വീടിനായി ചിലവാക്കാൻ. ലക്ഷങ്ങളും കോടികളും മുടക്കിയാൽ മാത്രമേ മനോഹരമായ വീട് വയ്ക്കാൻ കഴിയുകയുള്ളുവെന്നതും തെറ്റായ ധാരണ ആണ്. നമ്മുടെ കൈയിലെ പണം അനുസരിച്ച് നല്ലൊരു ആർകിടെക്റ്റിനെ സമീപിച്ച് വേണം വീട് വയ്ക്കാൻ ഒരുങ്ങാൻ.

ഉടമസ്ഥന്റെ കൃത്യമായ ആഗ്രഹങ്ങളും ആവശ്യങ്ങളും വീടിന്റെ പ്ലാൻ ഡിസൈൻ ചെയ്യുന്ന എഞ്ചിനീയറെ കൃത്യമായി അറിയിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കിടപ്പ് മുറികളിലേയും അടുക്കളയിലേയുമൊക്കെ സൗകര്യങ്ങളിലും മറ്റും കൃത്യമായി അറിയിച്ചിരിക്കണം. അതിന് പുറമെ പ്ലാൻ ഡിസൈൻ ചെയ്യാൻ പോകുന്ന എഞ്ചിനീയറെക്കുറിച്ചും അല്ലെങ്കിൽ ആർകിടെക്റ്റിനെക്കുറിച്ചും വ്യക്തമായ ധാരണ നാം വരുത്തിവയ്ക്കണം. അദ്ദേഹം ഇതിന് മുൻപ് ചെയ്ത വർക്കുകളും മറ്റും കണ്ട് ബോധ്യപ്പെട്ട ശേഷം മാത്രം നമ്മുടെ വീടിന്റെ പ്ലാനുമായി അദ്ദേഹത്തെ കൺസൾട്ട് ചെയ്യാൻ ശ്രദ്ധിക്കുക.

വീട് വയ്ക്കാൻ തുടങ്ങുന്നതിന് മുൻപ് മറ്റ് നിരവധി വീടുകൾ കണ്ട് നമുക്ക് ആവശ്യമായ ആശയങ്ങൾ അതിൽ നിന്നും കണ്ടെത്തണം. വീടിന്റെ പ്ലാനിനെക്കാൾ കൂടുതൽ ഇന്റീരിയറിന് പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ല. പ്ലാനിൽ കൃത്യമായ ഒരു ധാരണ വരുത്തിയാൽ കുറഞ്ഞ ചിലവിൽ ഇന്റീരിയർ തയാറാക്കാൻ സാധിക്കും. അതിന് പുറമെ ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോഴും വീടിനും വീടിന്റെ എലിവേഷനും യോജിക്കുന്ന രീതിയിലും നമ്മുടെ ബജറ്റിനും ഒരുങ്ങുന്ന ഫർണിച്ചറുകൾ തിരഞ്ഞെടുക്കണം.

അതിന് പുറമെ വീട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന നിർമ്മാണ വസ്തുക്കളുടെ കാര്യത്തിലും കൃത്യമായ ധാരണ വേണം. ഓരോ വസ്തുക്കളും അവയുടെ വിലയും നമ്മുടെ കാലാവസ്ഥയും നമ്മുടെ ബജറ്റിനും മറ്റും യോജിക്കുന്നതാണോ എന്ന കാര്യത്തിലും ഒരു ധാരണ വരുത്തണം. പ്രത്യേകിച്ച് ഭിത്തി നിർമ്മിക്കാൻ ഉപയോഗിക്കുന്ന നിർമ്മാണ വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോഴും ഒരു ധാരണ വേണം. ഭിത്തി കെട്ടുന്നതിനായി ഇഷ്‌ടിക, കോൺക്രീറ്റ് ബ്ലോക്ക്, വെട്ടുകല്ല്, കരിങ്കല്ല്, ഇന്റർലോക്ക് ബ്ലോക്കുകൾ തുടങ്ങി നിരവധി വസ്‌തുക്കൾ ഇന്ന് വിപണിയിൽ സുലഭമാണ്. അതിനാൽ ഇത് തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ കൈയിലെ കാശും അതിന് പുറമെ കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ വസ്തുക്കൾ തിരഞ്ഞെടുക്കുക.

നാച്ചുറലായി ലഭിക്കുന്ന കല്ലുകളാണ് കരിങ്കല്ലുകൾ, ചെങ്കല്ല് എന്നിവ. ആർട്ടിഫിഷ്യൽ മെറ്റിരിയലാണ് കോൺക്രീറ്റ് കട്ടകൾ, ഇന്റർലോക്ക് കട്ടകൾ എന്നിവയെല്ലാം. വീടിന്റെ ഭിത്തികൾ കെട്ടിപൊക്കുമ്പോൾ ഇന്റർലോക്ക് കട്ടകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതിന് സിമെന്റ് വലിയ രീതിയിൽ ആവശ്യമില്ല. അതിന് പുറമെ ചൂട് കുറയാനും ഇത് സഹായകമാകും. ഇത്തരത്തിൽ ഇന്റർലോക്ക് സംവിധാനം ആണ് ഭിത്തിയ്ക്ക് ഉപയോഗിക്കുന്നതെങ്കിൽ പണി വേഗത്തിൽ കഴിയും. എന്നാൽ ഇവ ഉപയോഗിച്ച് ഭിത്തി കെട്ടുകയാണെങ്കിൽ ഭിത്തി കെട്ടിയതിന് ശേഷം വയറിങ്ങിനും മറ്റുമായി വളരെയധികം ബുദ്ധിമുട്ടുണ്ട്. അതിനാൽ ഈ പണി തുടങ്ങുമ്പോൾ തന്നെ നമ്മുടെ ആർകിടെക്റ്റുമായും കോൺട്രാക്‌ടറുമായും ഇതിനെക്കുറിച്ച് ഒരു ധാരണ വരുത്തണം. അല്ലാത്ത പക്ഷം ഇലക്ട്രിക് വർക്കുകൾക്കായി ഭിത്തി പൊട്ടിക്കേണ്ടതായി വരും.

Leave a Reply

Your email address will not be published. Required fields are marked *