ഇങ്ങനെ വീട് പണിതാൽ ഇനി സ്ഥലപരിമിതി ഒരു പ്രശ്നമാകില്ല

ഓരോ വീടുകളും പറയുന്നത് ആ വീട്ടിൽ താമസിക്കുന്നവരുടെ വ്യക്തിത്വം കൂടിയാണെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. ആർകിടെക്റ്റിന്റെ ആശയത്തിനൊപ്പം വീടുടമസ്ഥന്റെ ഇഷ്‌ടവും കൂടി വീട് പണിയുമ്പോൾ ആവശ്യമാണ്‌. അത്തരത്തിൽ ആദ്യ കാഴ്ചയിൽത്തന്നെ കാഴ്ചക്കാരെ അത്ഭുതപെടുത്തുന്ന ഒരു വീടാണ് എറണാകുളം ജില്ലയിലെ ഞാറയ്ക്കൽ ഉള്ള പീസ് വില്ല എന്ന വീട്. ജോജോ തോമസിന്റെയും ബിന്ദുവിന്റേയും വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ആർക്കിടെക്റ്റ് ഒവി രാജീവ്  ആണ്. കൊളോണിയൽ സ്ട്രക്ച്ചറിൽ ഒരുക്കിയ വീടിന്റെ എലിവേഷൻ ഏറെ ആകർഷകമാണ്. തൂവെള്ള നിറത്തിലാണ് വീടിന്റെ പുറത്തെ പെയിന്റ് ഒരുക്കിയത്. മൂന്നര സെന്റ് സ്ഥലത്ത് 1600 സ്‌ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

രണ്ട് ഗേറ്റുകളാണ് ഈ വീടിനുള്ളത്. ഇരു ഗേറ്റ് തുറന്നാൽ നേരെ കാർ പോർച്ചിലേക്കാണ് പ്രവേശനം. രണ്ടാമത്തെ ഗേറ്റിലൂടെ വീടിനകത്തേക്കും പ്രവേശിക്കാം. മുറ്റം കാണാത്ത വിധത്തിൽ ഇവിടെ ടൈൽസ് ഇട്ടിട്ടുണ്ട്. കാർ പോർച്ചിൽ നിന്നും നേരെ സിറ്റൗട്ടിലേക്ക് കയറാം. ഇവിടെ ഇറ്റാലിയൻ ഗ്രാനൈറ്റാണ് ഫ്ലോറിൽ ഇട്ടിരിക്കുന്നത്. സിറ്റിങ്ങിനൊപ്പം ഇവിടുത്തെ ഫോൾ സീലിങ്ങും ഏറെ ആകർഷകമാണ്. മണിച്ചിത്ര താഴോട് കൂടിയ പ്രധാന വാതിൽ തുറന്ന് കയറുന്നത് വലിയൊരു ലിവിങ് ഏരിയയിലേക്കാണ്. എല്ലാ സൗകര്യങ്ങളോടും കൂടി ഒരുക്കിയിരിക്കുന്ന ലിവിങ് ഏരിയയുടെ ഒരു ഭാഗത്തായി സീറ്റിംഗും മറു ഭാഗത്ത് ടിവി യൂണിറ്റും മറ്റൊരു ഭാഗത്ത് പ്രയർ മുറിയും സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ഭിത്തിയും ഫർണിച്ചർ അറേഞ്ച്മെന്റ്‌സും അടക്കം വളരെ മനോഹരമാണ്.

ലീവിങിൽ നിന്നും ചെറിയൊരു പാർടീഷനോടെയാണ് ഡൈനിങ് ഒരുക്കിയത്. ഡൈനിങ് ടേബിളിന് പുറമെ വളരെയധികം സ്ഥലം ഫീൽ ചെയ്യുന്ന രീതിയിലാണ് ഇവിടെയും ഒരുക്കിയത്. ഇവിടെ നിന്നും അടുക്കളയിലേക്ക് എത്തിയാൽ ഇവിടെ ഒരുക്കിയ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും, അടുക്കളയിലെ സ്റ്റോറേജും, വർക്ക് ഏരിയയും ഉൾപ്പടെ വളരെ സുന്ദരമായ കാഴ്ചകളാണ്. സ്ഥലപരിമിതി നിർമ്മാണ ഘട്ടത്തിൽ ഒരു വില്ലനായിരുന്നെങ്കിലും ഈ വീട് കണ്ടാൽ ഇങ്ങനെ ഒരു ബുദ്ധിമുട്ട് ആർക്കും അനുഭവപ്പെടില്ല.

കിടപ്പ് മുറികളും വളരെ ആകർഷകമാണ്. അറ്റാച്ഡ് ബാത്റൂമോട് കൂടിയതാണ് മുറികൾ. കട്ടിലിനും മേശയ്ക്കും വാർഡ്രോബിനും പുറമെ ഇവിടുത്തെ കളർ പാറ്റേണാണ് കൂടുതൽ മനോഹരം. ഒരു പിങ്ക് കളർ തീമിലാണ് മാസ്റ്റർ ബെഡ് റൂം ഒരുക്കിയത്.  രണ്ടാമത്തെ കിടപ്പ് മുറിയിൽ ഭിത്തി വളരെ മനോഹരമായി കാർട്ടൂണുകളാൽ  സമ്പന്നമാണ്. കുട്ടികളുടെ എല്ലാ ഇഷ്‍ട കഥാപാത്രങ്ങളും ഈ മുറിയിൽ ഒരുക്കിയിട്ടുണ്ട്. ഇനാമൽ പെയിന്റ് ഉപയോഗിച്ചാണ് ഇവ സെറ്റ് ചെയ്തത്. മറ്റ് അത്യാവശ്യ സജ്ജീകരണങ്ങളും ഇവിടെ ഉണ്ട്. അപ്പർ ലിവിങ് ഏരിയയിൽ ഉള്ള  ബാൽക്കണിയും ഏറെ സുന്ദരമായാണ് ഒരുക്കിയത്. സ്റ്റെയർ കേസിലും മനോഹരമായ അലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. കുഞ്ഞ സ്ഥലപരിമിതിയിലും ഏറെ ആകർഷകമായാണ് ഈ വീടിന്റെ നിർമ്മാണം.

വീടിന്റെ ബാൽക്കണിയിലും ചുറ്റുപാടിലും നിരവധി ചെടികളും പുല്ലുകളും നട്ട് പിടിപ്പിച്ചിട്ടുണ്ട്. വീടിന്റെ എലിവേഷന് പുറമെ വീടിനകത്തും പുറത്തും ഉപയോഗിച്ചിരിക്കുന്ന കളർ പാറ്റേണും വീടിനകത്തെ ഫർണിച്ചർ അറേഞ്ച്മെന്റ്‌സും ഫ്ളോറിങ്ങും ഇന്റീരിയൽ ഉൾപ്പെടെയുള്ളവയിലെ ഭംഗിയാണ് വീടിനെ കൂടുതൽ മനോഹരമാക്കുന്നത്. അതുകൊണ്ടുതന്നെ വീട് പണിയുന്നത് പോലെ തന്നെ ശ്രദ്ധേയമാണ് വീട്ടിലെ ഇന്റീരിയറും ഫർണിച്ചർ സെറ്റപ്പും ഉൾപ്പെടെയുള്ളവ. അതിനൊപ്പം വീട് പണിയ്ക്ക് ശേഷം വീടിനെ മനോഹരമായി കാത്ത് സൂക്ഷിക്കാനും ഏറെ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *