വീട് നിർമ്മാണം ആസ്വാദകരമാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കൃത്യമായ പ്ലാൻ രൂപപ്പെടുത്തി മുന്നോട്ടു പോയാൽ വീടു നിർമ്മാണം ഏറെ ആസ്വദിക്കാം. വീട് നിർമ്മിക്കാൻ ആഗ്രഹിക്കുമ്പോൾ ചില കാര്യങ്ങളിൽ വ്യക്തത വരുത്തണം. ബജറ്റ്, വീട്ടുമസ്ഥന്റെ ആവശ്യങ്ങൾ, വീടിന്റെ വിസ്തീർണം, ചിലവിടാനുള്ള പണം, ബാങ്ക് ലോൺ തുടങ്ങിയ എല്ലാ കാര്യങ്ങളിലും കൃത്യമായ ധാരണ ഉണ്ടാക്കിയിരിക്കണം. അതിന് പുറമെ ജോലി, കുട്ടികളുടെ വിദ്യാഭ്യാസം, വയോധികരുടെ ചികിത്സ എന്നിവയും ഉൾപ്പെടുത്തിയാണ് ഇന്ന് പലരും വീട് നിർമ്മിക്കുന്നത്. ഇത്തരത്തിൽ കൃത്യമായ പ്ലാനോട് കൂടി വീടൊരുക്കിയാൽ ഇതൊരിക്കലും ഒരു ബുദ്ധിമുട്ടായി തോന്നില്ല.

പലരുടെയും വർഷങ്ങളായുള്ള ആഗ്രഹമാണ് പുതിയൊരു വീട്. സ്വന്തം വീട് നിർമ്മിക്കുമ്പോൾ ചില സ്വപ്‌നങ്ങൾ ഇല്ലാത്തവരും ഉണ്ടാകില്ല. എന്നാൽ  വീട് പണിയാൻ തുടങ്ങുമ്പോൾത്തന്നെ ബജറ്റ് എഴുതിത്തയാറാക്കി വയ്ക്കണം. വീട് വെച്ച് കട ബാധ്യത വരുത്തിവയ്ക്കരുത്. അതുകൊണ്ടുതന്നെ കൈയിൽ ഒതുങ്ങുന്ന തുകയ്ക്കുള്ളിൽ ഒരു വീട് നിർമ്മിക്കണം. ലക്ഷങ്ങളും കോടികളും മുടക്കിയാൽ മാത്രമേ മനോഹരമായ വീട് വയ്ക്കാൻ കഴിയുകയുള്ളുവെന്നത് തെറ്റായ ധാരണ ആണ്. നമ്മുടെ കൈയിലെ പണം അനുസരിച്ച് കൃത്യമായ പ്ലാനോടെ വീടൊരുക്കാം.

വീട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന നിർമ്മാണ വസ്തുക്കളുടെ കാര്യത്തിലും കൃത്യമായ ധാരണ വേണം. ഓരോ വസ്തുക്കളും അവയുടെ വിലയും നമ്മുടെ കാലാവസ്ഥയും നമ്മുടെ ബജറ്റിനും മറ്റും യോജിക്കുന്നതാണോ എന്ന കാര്യത്തിലും ഒരു ധാരണ വരുത്തണം.

ഡിസൈനിന്റെ കാര്യത്തിലും ഏറെ കരുതൽ ആവശ്യമാണ്. വാസ്തുവിൽ വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കിൽ ഒരു വാസ്തു വിദഗ്‌ധനെ കണ്ട് വീടിനുള്ള കൃത്യമായ പ്ലാൻ ഒരുക്കണം. ഉടമസ്ഥന്റെ കൃത്യമായ ആഗ്രഹങ്ങളും ആവശ്യങ്ങളും വീടിന്റെ പ്ലാൻ ഡിസൈൻ ചെയ്യുന്ന എഞ്ചിനീയറെ കൃത്യമായി അറിയിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കിടപ്പ് മുറികളിലേയും അടുക്കളയിലേയുമൊക്കെ സൗകര്യങ്ങളിലും മറ്റും കൃത്യമായി വീട്ടുകാരിയുടെ കൂടി ആഗ്രഹങ്ങൾ അറിഞ്ഞ് വേണം വീട് ഒരുക്കാൻ. വീട് വയ്ക്കാൻ തുടങ്ങുന്നതിന് മുൻപ് മറ്റ് നിരവധി വീടുകൾ കണ്ട് നമുക്ക് ആവശ്യമായ ആശയങ്ങൾ അതിൽ നിന്നും കണ്ടെത്തണം.

വീടിന്റെ പ്ലാനിനെക്കാൾ കൂടുതൽ ഇന്റീരിയറിന് പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ല. പ്ലാനിൽ കൃത്യമായ ഒരു ധാരണ വരുത്തിയാൽ കുറഞ്ഞ ചിലവിൽ ഇന്റീരിയർ തയാറാക്കാൻ സാധിക്കും. അതിന് പുറമെ ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോഴും വീടിനും വീടിന്റെ എലിവേഷനും യോജിക്കുന്ന രീതിയിലും നമ്മുടെ ബജറ്റിനും ഒതുങ്ങുന്ന ഫർണിച്ചറുകൾ തിരഞ്ഞെടുക്കണം. വീടിന്റെ ഇന്റീരിയറും, പെയിന്റിങ്ങും, എലിവേഷനും, ഫ്ളോറിങ്ങും, മേൽക്കൂരയും അടക്കം ആദ്യാവസാനം കൃത്യമായ ഉത്സാഹത്തോടെയും കരുതലോടെയും വേണം തിരഞ്ഞെടുക്കാൻ.

വീട് പണിയുമ്പോൾ പ്രകൃതിയെ നോവിക്കാതെ വേണം വീടൊരുക്കാൻ. പരമാവധി മരങ്ങൾ മുറിക്കാതെയും പ്രകൃതിയെ വേദനിപ്പിക്കാതെയും വീടൊരുക്കുക. അതിന് പുറമെ നിർമ്മാണ വസ്തുക്കളും ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. എക്കോ ഫ്രണ്ട്‌ലി സെറ്റപ്പിൽ വീടൊരുക്കിയാൽ അത് കൂടുതൽ സുന്ദരമാണ്. അതേസമയം ഇന്ന് പലരും ആവശ്യത്തിന് പകരം ആഡംബരങ്ങളിലാണ് വീട് പണിയുമ്പോൾ ശ്രദ്ധിക്കുന്നത്.  പക്ഷെ വളരെ കുറഞ്ഞ ചിലവിൽ ആവശ്യം മാത്രം കണക്കിലെടുത്ത് വീട് പണിയുന്നതാണ് ഏറ്റവും നല്ലത്.

വീട് പണിയുമ്പോൾ ആ വീട്ടിൽ താമസിക്കാൻ പോകുന്നവരെക്കുറിച്ചും അവരുടെ സൗകര്യങ്ങൾക്കും കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കണം. കുട്ടികളും മുതിർന്നവരും ഉള്ള വീടുകളിൽ അവർക്കാവശ്യമായ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിവേണം വീടൊരുക്കാൻ. അതിന് പുറമെ വളരെയധികം വലിയ വീടിന് പകരം ആവശ്യത്തിന് അനുസരിച്ചുള്ള വീട് വേണം ഒരുക്കാൻ.

 

Leave a Reply

Your email address will not be published. Required fields are marked *