ചെടിച്ചുവട്ടിൽ ഇടുന്ന ചകിരിച്ചോറ് അഥവാ കൊകോപിറ്റുകൾ ഇനി വിലകൊടുത്തു വാങ്ങേണ്ട, വീട്ടിൽ തന്നെ ഉണ്ടാക്കാം

ചെടികൾ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. അലങ്കാരത്തിനും ഒരു ഹോബിയായും വരുമാനമാർഗമായും ഗാർഡനിംങ് ചെയ്യുന്ന നിരവധി പേരുണ്ട്. ചെടികൾ നടുമ്പോൾ നടീൽ മിശ്രിതമായി ഉപയോഗിക്കുന്ന കൊക്കോ പിറ്റ് അഥവാ ചകിരിച്ചോർ പലരും കടയിൽ നിന്ന് വാങ്ങിയാണ് ഇന്ന് ഉപയോഗിക്കുന്നത്. സൂപ്പർമാർക്കറ്റുകളിലും കടകളിലും പാക്കറ്റിൽ പൊതിഞ്ഞ് സ്റ്റിക്കർ ഒട്ടിച്ചു വരുമ്പോൾ പലരും ഇത് കടയിൽ മാത്രം കിട്ടുന്ന ഒന്നാണെന്ന് കരുതി വിലകൊടുത്തു വാങ്ങി വരും. എന്നാൽ നമ്മുടെ വീട്ടിൽ നിത്യോപയോഗത്തിന് എടുക്കുന്ന തേങ്ങയിൽ നിന്നും നിമിഷനേരംകൊണ്ട് വേർതിരിച്ചെടുത്ത് ഉപയോഗിക്കാവുന്ന ഒന്നാണിത്. കടകളിൽ നിന്നും ലഭിക്കുന്ന പോലെയുള്ള കൊകോപിറ്റ് ആയി നമ്മുടെ ചകിരിയെ മാറ്റാൻ അധികസമയമോ ചിലവോ ആവശ്യമില്ല. അതിനാൽ ഇനി പണം മുടക്കാതെ വേഗത്തിൽ കൊകോപ്പിറ്റുകൾ കൾ വീട്ടിൽ തന്നെ നിർമ്മിച്ച് ചെടിക്ക് ഉപയോഗിക്കാം.

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് തേങ്ങ. തേങ്ങയുടെ ചകിരിയിൽ നിന്ന് വേർതിരിച്ചെടുക്കുന്നത് ആണ് കോകോ പീറ്റ്. തേങ്ങ പൊതിച്ചതിനുശേഷം ഉള്ളിലുള്ള ചകിരികൾ കൈകൊണ്ട് പതിയെ പിടിച്ചെടുത്ത് കുടഞ്ഞാൽ ധാരാളം ചകിരിച്ചോർ നമുക്ക് ലഭിക്കും. ഒരു തേങ്ങയിൽ നിന്നു തന്നെ നമുക്കാവശ്യമായ ചകിരിചോറ് വേർതിരിച്ചെടുക്കാനാവും. എടുത്തു വച്ചാൽ നശിച്ചു പോകാത്തതായതിനാൽ ധാരാളം തേങ്ങ ലഭിക്കുന്ന സമയത്ത് ചകിരിച്ചോർ വേർതിരിച്ചെടുത്തത് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. തെങ്ങിന്റെ പൊതിമടലിൽ നിന്ന് വേർതിരിച്ചെടുത്ത ചകിരിച്ചോർ വെള്ളമൊഴിച്ച് കുതിർത്ത് വെച്ചതിനുശേഷം പിഴിഞ്ഞെടുത്ത് നമുക്ക് ചെടികൾക്ക് ഇടുന്ന കോകോപിറ്റ് ആയി ഉപയോഗിക്കാം. ചകിരിയിൽ നിന്ന് ചോറ് വേർതിരിച്ചെടുക്കാൻ പ്രയാസമുള്ളവർക്ക് ചകിരി ചെറുകഷണങ്ങളായി മുറിച്ചെടുത്ത് വെള്ളത്തിൽ കുതിർത്തും ഉപയോഗിക്കാവുന്നതാണ്.

മണ്ണിൽ നന്നായി ഈർപ്പം നിലനിർത്താൻ കൊകോപീറ്റുകൾ സഹായിക്കും. ചെടി നടുമ്പോൾ ചെടിച്ചട്ടിയിലെ മണലിനൊപ്പം കൊകോപീറ്റ്കൂടി ചേർത്ത് കൊടുക്കുകയാണെങ്കിൽ എന്നും നനച്ചു കൊടുക്കേണ്ട ആവശ്യവും വരില്ല കാരണം കൂടുതൽ ഈർപ്പം വലിച്ചെടുത്ത് ചെടിക്ക് ചുവട്ടിൽ നനവ് നിലനിർത്താൻ കൊകോപീറ്റുകൾക്ക് സാധിക്കും. ചെടിച്ചട്ടി തൂക്കിയിടുന്ന ഹാങ്ങിങ് പോട്ടുകൾ തയ്യാറാക്കുമ്പോൾ മണ്ണിനൊപ്പം കൊകോപീറ്റ് കൂടുതൽ ചേർക്കുന്നത് ചെടിച്ചട്ടിയുടെ കനം കുറയ്ക്കുന്നതിന് സഹായിക്കും. ഒപ്പം മുകളിൽ തൂക്കിയിടുന്ന ചെടികളിൽ ഏന്തിവലിഞ്ഞ് ദിവസവും വെള്ളം ഒഴിക്കേണ്ട ആവശ്യവും വരില്ല. കൊകോപ്പിറ്റിൽ ഉള്ള ജലാംശം ചെടികൾ വലിച്ചെടുത്തു കൊള്ളും. കൊകോപ്പിറ്റിന് പകരം ചകിരി നേരിട്ടും ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്. എന്നിരുന്നാലും മണ്ണിലേക്ക് ചേർക്കാവുന്ന കോകോപിറ്റുകൾ ആണ് ചെടികൾക്ക് കൂടുതൽ ഗുണം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *