കുറഞ്ഞ ചിലവിൽ മനോഹരവും സുരക്ഷിതവുമായ വീട് ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാം ഈ മോഡൽ
മനോഹരമായ വീടുകൾ എല്ലാവരുടെയും സ്വപ്നമാണ്. അതിൽ അല്പം വ്യത്യസ്തത കൂടിയുണ്ടെങ്കിൽ സംഗതി ഉഷാർ. സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുറമെ വീട് ഒരാളുടെ വ്യക്തിത്വം കൂടി എടുത്തുകാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ വീട് പണിയുമ്പോൾ ഏറ്റവും മികച്ചതാക്കാനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇനി കുറഞ്ഞ ചിലവിൽ മനോഹരമായ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ മോഡൽ തീർച്ചയായും ഉപകാരപ്പെടും.
മൂന്നര സെന്റ് സ്ഥലത്ത് ഒരുങ്ങിയ ഈ വീടിന്റെ ബഡ്ജറ്റ് ആറ് ലക്ഷം രൂപ മുതൽ പത്ത് ലക്ഷം രൂപ വരെയാണ്. സിറ്റൗട്ട്, ലിവിങ് ആൻഡ് ഡൈനിങ് ഏരിയ, രണ്ട് ബെഡ് റൂം, കിച്ചൺ, സ്റ്റോർ റൂം, ഒരു ബാത്ത് റൂം തുടങ്ങി എല്ലാ അത്യാവശ്യ സൗകര്യങ്ങളോടും കൂടിയതാണ് ഈ വീട്.
ഈ വീടിന്റെ നിർമാണ രീതിയാണ് ഏറെ ആകർഷണീയം. ഒതുങ്ങിയ മനോഹരമായ സിറ്റൗട്ടിൽ നിന്നും നേരെ ലിവിങ് ആൻഡ് ഡൈനിങ് ഏരിയയിലേക്കാണ് കയറുന്നത്. ഊൺ മുറിയും ലിവിങ് റൂമും തമ്മിൽ വേർതിരിച്ചിട്ടില്ലെങ്കിലും ഫർണിച്ചർ കൃത്യമായി അറേഞ്ച് ചെയ്തതിനാൽ ഈ ഒരു പ്രശ്നവും പരിഹരിക്കപ്പെടുന്നുണ്ട്. ഊൺ മുറിയിൽ തീൻ മേശയ്ക്ക് സമീപത്തായി ടിവി വയ്ക്കുന്നതിനുള്ള സൗകര്യത്തിന് പുറമെ ഒരു ക്രോക്കറി ഷെൽഫും അതിൽ മനോഹരമായ വസ്തുക്കളും സെറ്റ് ചെയ്ത് ഷെൽഫ് അലങ്കരിച്ചിട്ടുണ്ട്. മേശയ്ക്ക് സമീപത്തായി ഒരു വാഷ് ഏരിയയും ഒരുക്കിയിട്ടുണ്ട്.
ഊൺ മുറിയിൽ നിന്നും നേരെ ചെന്നെത്തുന്നത് വീടിന്റെ ഏറ്റവും പ്രധാന ഭാഗമായ അടുക്കളയിലാണ്. അത്യാവശ്യം സ്പേഷ്യസായ ഒരു അടുക്കളയാണ് സെറ്റ് ചെയ്തിരിക്കുന്നത്. സ്റ്റോർ റൂം സെപ്പറേറ്റ് ആയി ഒരുക്കിയിട്ടില്ലെങ്കിലും സ്റ്റോർ റൂമിനായുള്ള സൗകര്യവും ഈ പ്ലാൻ പ്രകാരം ഒരുക്കിയിട്ടുണ്ട്. അത്യാവശ്യം വലിയ രണ്ടു കിടപ്പ് മുറികളാണ് ഈ വീടിനുള്ളത്. ഒരു വലിയ കട്ടിലിനു പുറമെ വാർഡ്രോബും നിർമ്മിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഒരു മേശയും കസേരയും കൂടി ഇടാനുള്ള വലിപ്പവും ഈ മുറികൾക്കുണ്ട്.
ഇപ്പോൾ തയാറാക്കിയിരിക്കുന്ന പ്ലാൻ അനുസരിച്ച് പൊതുവായി ഒരു ബാത്റൂമാണ് വീടിനുള്ളത്. എന്നാൽ കിടപ്പ് മുറികളിൽ അറ്റാച്ഡ് ബാത്ത്റൂം ആവശ്യമെങ്കിൽ അതും നിർമ്മിക്കാൻ സാധിക്കുന്ന രീതിയിലാണ് പ്ലാൻ ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറത്തേക്കുള്ള ഭാഗത്തായി ചെറിയൊരു വരാന്തയ്ക്കുള്ള സ്ഥലവും ഈ പ്ലാനിലുണ്ട്. ഈ സ്ഥലം ഇനി ആവശ്യമെങ്കിൽ സ്റ്റെയർകെയ്സ് നിർമ്മിക്കുന്നതിനോ ആവശ്യാനുസരണം ഉപയോഗിക്കാം.
എന്നാൽ പലരും ചിന്തിക്കുന്നത് ഇത്ര മനോഹരമായ ഒരു വീട് എങ്ങനെ ഇത്ര കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ സാധിക്കും എന്നായിരിക്കും. കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ ഇതുപോലെ മനോഹരമായ വീടൊരുക്കാം.
കുറഞ്ഞ ചിലവിൽ വീട് നിർമ്മിക്കുന്നതിനുള്ള കുറച്ച് ടിപ്സുകൾ എന്തൊക്കെയെന്ന് നോക്കാം:
സാധാരണ രീതിയിലുള്ള കോൺക്രീറ്റ് മേൽക്കൂര ഉപയോഗിച്ചുള്ള നിർമ്മാണരീതി ഈ ബഡ്ജറ്റിന് സാധ്യമാകില്ല. അതിനാൽ മേൽക്കൂരയ്ക്കായി റൂഫിങ് ഷീറ്റോ, ഓടോ ഉപയോഗിക്കാം. എന്നാൽ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ റൂഫിങ് ഷീറ്റിനേക്കാൾ മികച്ചത് ഓട് തന്നെയാണ്. ഇനി ചിലവ് ചുരുക്കുന്നതിനായി ഇഷ്ടികയ്ക്ക് പകരം വെട്ടുകല്ലോ, കോൺക്രീറ്റ് സോളിഡ് ബ്ലോക്കോ ഉപയോഗിക്കാവുന്നതാണ്. ഫ്ലോറിങ്ങിനായി വീടിനകത്ത് ചിലവ് കുറഞ്ഞ സാധാരണ ടൈയിൽസ് ഉപയോഗിക്കുന്നതും ചിലവ് ചുരുക്കുന്നതിനുള്ള ഒരു മാർഗമാണ്.
എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടി കുറഞ്ഞ നിർമ്മാണ ചിലവിൽ ഒരു വീടാഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഈ വീട്.