വെറും നാല് ലക്ഷം രൂപയിൽ ഒരുക്കാം ഇതുപോലൊരു സുന്ദര ഭവനം
വെറും നാല് ലക്ഷം രൂപയിൽ ഒരു സുന്ദര ഭവനം…. കേൾക്കുമ്പോൾ അതിശയം തോന്നും, നാല് ലക്ഷം രൂപകൊണ്ട് എങ്ങനെയാണ് വീട് പണിയാൻ സാധിക്കുക എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും. എന്നാൽ ഈ സംശയങ്ങൾക്കെല്ലാം ഉത്തരം പറയുന്ന ഒരു വീടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പൂജപ്പുര മുഴുവൻമുകൾ പറമ്പിൽ ക്ഷേത്രത്തിന് സമീപത്താണ് ഈ മാതൃക ഭവനം ഒരുക്കിയിരിക്കുന്നത്.
ഇക്കാലത്ത് വീടുകളുടെ നിർമ്മാണ ചിലവ് കോടികളും പിന്നിട്ട് മുന്നേറുന്നതു കൊണ്ടുതന്നെ വെറും നാല് ലക്ഷം രൂപയിൽ ഒരു വീട് നിർമ്മിക്കുക എന്നത് അത്ര വിശ്വസനീയമല്ല. എന്നാൽ സംഗതി സത്യമാണ്. കുറഞ്ഞ ബഡ്ജറ്റിൽ പണിത അത്യഗ്രൻ വീട് പക്ഷെ ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്നതാണ്. 400 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.
രണ്ട് കിടപ്പു മുറികളും, അടുക്കളയും, ബാത്റൂമും അടങ്ങുന്നതാണ് ഈ കൊച്ചുവീട്. കിടപ്പുമുറികളുടെ വലുപ്പം 72 ചതുരശ്ര അടിയാണ്. ഇതിൽ ഒരുഡബിൾ കോട്ട് കിടക്കയും, അലമാരയും പുസ്തകങ്ങൾ വായിക്കുവാനും മറ്റും ഉപയോഗിക്കുന്ന രീതിയിലുള്ള ഒരിടവും ഉൾപ്പെടുത്തിയിട്ടുണ്ട്. കിടക്കയ്ക്ക് താഴെയായി സ്റ്റോറേജ് സൗകര്യവും ഉണ്ട്.
ഫൗണ്ടേഷനും ബേസ്മെന്റും ഉൾപ്പെടെയുള്ള പൊക്കം മൂന്ന് അടിയാണ്. ഒന്നര അടി ഫൗണ്ടേഷനും ഒന്നര അടി പൊക്കത്തിൽ ബേസ്മെന്റും. കരിങ്കല്ലിൽ പണിയുന്ന ബേസ്മെന്റിന്റെ മുകളിൽ ചെറിയൊരു കോൺക്രീറ്റും അതിന് മുകളിൽ ഇന്റർലോക്ക് കൊണ്ടുള്ള ഇഷ്ടികയുമാണ് ഉള്ളത്.
വീടിന്റെ പ്രധാന വാതിലുകളായ മുൻ വശത്തേയും പിറക് വശത്തേയും വാതിലുകൾ തടിയിലും മറ്റുള്ളവ പാർട്ടിക്കിൾ ബോഡ് പോലുള്ളവയും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ബാത്റൂമിലെ വാതിലിന് പിവിസി ആണ് ഉപയോഗിച്ചിരിക്കുന്നത്. 120 സെന്റീ മീറ്റർ ഉയരമുള്ള ജനാലകൾ നിർമ്മിക്കാൻ ഇരുമ്പാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് പാളികളുടെയും ഒരു പാളികളുടെയും ജനാലകൾ ആണ് ഒരുക്കിയിരിക്കുന്നത്.
വീടിന്റെ നിർമ്മാണത്തിന് ഇന്റർലോക്ക് കട്ടകളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്, അതിനാൽ വീടിനകത്ത് ചൂട് കുറയാനും ഇത് സഹായിക്കും. ഭിത്തിയുടെ അകവും പുറവും പോയിന്റ് ചെയ്ത ശേഷം പെയിന്റ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്.
വീടിന്റെ മേൽക്കൂര ഓട് വെച്ച് വാർക്കുന്ന ഫില്ലർ സ്ലാബ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. ഇതും ചൂട് കുറയാൻ സഹായിക്കും. സെറാമിക് ടൈയിൽസ് ഉപയോഗിച്ചാണ് വീടിന്റെ തറ മിനുക്കിയിരിന്നത്.
ലൈറ്റ്, ഫാൻ, പ്ലഗ് പോയിന്റ് തുടങ്ങി അത്യവശ്യത്തിനുള്ള ഇലക്ട്രിക് പോയിന്റുകളും ഓരോ മുറിക്കകത്തും ഒരുക്കിയിട്ടുണ്ട്. അടുക്കളയുടെ സ്ലാബ് ഗ്രാനൈറ്റ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
പ്രമുഖ നിർമ്മാതാക്കളായ ഹാബിറ്റാറ്റ് ഗ്രൂപ്പാണ് നാല് ലക്ഷത്തിന്റെ വീട് രൂപ കല്പന ചെയ്ത് നിർമിച്ചിരിക്കുന്നത്. കമ്പനിയുടെ വാർഷികവുമായി ബന്ധപ്പെട്ടാണ് ഹാബിറ്റാറ്റ് ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് ഈ വീട് രൂപ കല്പന ചെയ്തിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വീട്.
ഗതാഗത സൗകര്യവും ഉറപ്പുള്ള സ്ഥലവുമുണ്ടെങ്കിൽ വെറും നാല് ലക്ഷം രൂപയിൽ ഈ മോഡൽ ഭവനങ്ങൾ ഒരുക്കാൻ സാധിക്കും എന്നാണ് ഹാബിറ്റാറ്റ് ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് അവകാശപ്പെടുന്നത്.
അതേസമയം ഈ വീടിന്റെ നിർമാണ രീതിയിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അതിനും സാധിക്കും. വീട് നിർമ്മിക്കുന്നവരുടെ സാമ്പത്തീക സ്ഥിതിക്കനുസരിച്ച് ഇതിൽ ചെറുതോ വലുതോ ആയ മാറ്റങ്ങൾ വരുത്താനും വീട് കൂടുതൽ മനോഹരമാക്കാനും സാധിക്കുമെന്നാണ് ഫാബിറ്റാറ്റ് ഗ്രൂപ്പ് അവകാശപ്പെടുന്നത്.