അഞ്ച് ലക്ഷം രൂപയിൽ ഒരുങ്ങിയ കേരളീയ മുഖമുള്ള വീട്
മനോഹരമായ വീടുകൾ എല്ലാവരുടെയും സ്വപ്നമാണ്. തങ്ങളുടെ വീട് മറ്റ് വീടുകളിൽ നിന്ന് വ്യത്യസ്തമാവണമെന്നു തന്നെയാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ വീടുകൾ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. കാലമെത്ര കഴിഞ്ഞാലും കേരളീയ തനിമ വിളിച്ചോതുന്ന വീടുകളോട് ഒരു പ്രത്യേക ഇഷ്ടമാണ് മലയാളികൾക്ക്.
അത്തരത്തിൽ നിർമിതിയിലെ പ്രത്യേകതകൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു ലോ ബഡ്ജറ്റ് ഭവനമാണ് മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലുള്ള ലളിതാഭായി ടീച്ചറുടെ വെള്ളോടത്ത് വീട്. ആദ്യകാഴ്ചയിൽത്തന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ വീടിന്റെ നിർമാണം. പെയിന്റിങ് അടക്കം വെറും അഞ്ച് ലക്ഷം രൂപയിൽ തയാറാക്കിയ ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലെ ചേളാരിയിലുള്ള ഡിസൈനർ കെ വി മുരളീധരനാണ്.
പുറമെനിന്ന് നോക്കുമ്പോൾ മൂന്ന് നിറങ്ങളിലാണ് വീട് കാണുന്നത്. ഗ്രേയും, വെള്ളയും, പിന്നെ സാധാരണ കാണുന്ന ഓടുകളുടെ നിറവും. അതിന് പുറമെ പ്രധാന വാതിലുകൾക്കും ജനലുകൾക്കുമടക്കം വുഡിന്റെ ഫിനിഷിങ്ങും വീടിന് കൂടുതൽ ഭംഗി നൽകുന്നു. മൂന്ന് ലെവലുകളായാണ് വീടിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. ഗ്ലാസ് പെയിന്റിങ് വർക്കുകളും ഗ്രില്ലുകളും ഒപ്പം തൂളിമാനം വർക്കുകളും വീടിന് പുറമെ നിന്ന് നോക്കുമ്പോൾ കൂടുതൽ ഭംഗി നൽകുന്നുണ്ട്.
എട്ട് സെന്റ് സ്ഥലത്താണ് 555 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിരിക്കുന്ന ഈ മനോഹരവീട് നിൽക്കുന്നത്. വീടിന്റെ മുൻഭാഗത്തായി വീടോളം മോടി പിടിപ്പിച്ച ഒരു കിണറുമുണ്ട്. ഇന്റർലോക്കിങ് മഡ് ബ്ലോക്ക് ഉപയോഗിച്ചാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. മണലും സിമെന്റും ഒന്നും ആവശ്യമില്ലാത്തതിനാൽ മറ്റ് വീടുകളെ അപേക്ഷിച്ച് ഇവയ്ക്ക് ചിലവ് കുറവാണ്. കൂടുതലും സിമെന്റ് ഒഴിവാക്കിയാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.
കേരളീയ മുഖമുള്ള ഈ വീട് കേരളത്തിന്റെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്നുണ്ട്. തടിയിൽ നിർമ്മിച്ച ജനാലകൾക്ക് ചുറ്റുമുള്ള കട്ടിളകൾ കോൺക്രീറ്റിൽ നിർമ്മിച്ചവയാണ്. സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് നേരെ അകത്തേക്ക് കയറുന്നത് ഹാളിലേക്കാണ്. കയറിവരുമ്പോൾത്തന്നെ ഡൈനിംഗ് അറേഞ്ച്മെന്റ് ഒരുക്കിയിട്ടുണ്ട്. ഈ ഏരിയ തന്നെയാണ് ഡൈനിങ്ങും ലീവിങും ആക്കി ഒരുക്കിയിരിക്കുന്നത്.
ഉള്ളിൽനിന്ന് നോക്കുമ്പോൾ മേൽക്കൂര വളരെ മനോഹരമായി കാണാം. വുഡൻ ഫിനിഷിങ്ങുള്ള ഒരു ഫൈബർ ബോഡി ഉപയോഗിച്ചാണ് സീലിംഗ് ഒരുക്കിയിരിക്കുന്നത്. അകത്തെ ഭിത്തികൾ ജിപ്സം പൗഡർ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തതിനാൽ ഇന്റർലോക്കിങ് മഡ് ബ്ലോക്ക് ആണെന്ന് തിരിച്ചറിയാൻ സാധിക്കില്ല. ഇതിന് സ്ക്വയർ ഫീറ്റിന് വെറും 27 രൂപ മാത്രമാണ് ചിലവ് വരുന്നത്.
മനോഹരമായ ചിലവ് കുറഞ്ഞ രീതിയിലുള്ള ഫ്ലെക്സ് ചിത്രങ്ങൾ ഗംഭീരമായ കവറിങ്ങോടുകൂടി വീടിനകത്ത് വിവിധയിടങ്ങളിലായി ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഉള്ളിലേക്ക് വരുന്നതിനനുസരിച്ച് റൂഫിങ്ങിലും ഉയരം കൂട്ടിയിട്ടുണ്ട്. ഇത് അകത്തെ ചൂട് കുറയാൻ സഹായിക്കും. ഫ്ലോറിൽ ഇളം ക്രീം നിറത്തിലുള്ള വിലകുറഞ്ഞ ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. 80 സ്ക്വയർ ഫീറ്റിലുള്ളതാണ് കിടപ്പുമുറി.
ഡൈനിങ്ങിനോട് ചേർന്ന് തന്നെയാണ് അടുക്കളയും. ലളിതവും സുന്ദരവുമാണ് അടുക്കള. വുഡൻ ഫിനിഷിങ്ങിലുള്ള സ്റ്റോറേജുകളും അടുക്കളയിൽ ഉണ്ട്. അതിനോട് ചേർന്ന് ചെറിയൊരു വർക്കേരിയയും ഉണ്ട്. അവിടെയാണ് പാചകത്തിനുള്ള സൗകര്യം. സാധാരണ വീടുകളേക്കാൾ ചിലവ് കുറഞ്ഞ നിർമ്മിതിയാണ് ഈ വീടിന്റേത്. സിമെന്റ് ഒഴിവാക്കി ജിപ്സം പൗഡർ ഉപയോഗിച്ചതിനാൽ മറ്റ് വീടുകളെ അപേക്ഷിച്ച് നിർമ്മാണ ചിലവ് വളരെ കുറവാണ്. മേൽക്കൂരയിൽ ഓട് ഉപയോഗിച്ചതും ചിലവ് കുറയ്ക്കാൻ സഹായകമായി. അതിന് പുറമെ വീടിനകത്തെ താപനില കുറയാനും ഇത് സഹായിക്കും.
കേരളീയ തനിമ വിളിച്ചോതുന്ന രീതിയിലാണ് വീടിന്റെ ഇന്റീരിയർ. എന്നാൽ എല്ലാ അത്യാവശ്യ സൗകര്യങ്ങളും വീടിനകത്ത് ഒരുക്കിയിട്ടുണ്ട്.