നഗരമധ്യത്തിൽ ഒരുങ്ങിയ ഒരു മിനിമലിസ്റ്റിക് വീട്
ആർക്കിടെക്റ്റ് ദമ്പതികളായ ധർമ്മ കീർത്തിയുടെയും ഭാവനയുടെയും വീടാണിത്. തിരുവനന്തപുരം ജഗതി ഈശ്വര വിലാസം റോഡിനോട് ചേർന്നാണ് ഈ വീടുള്ളത്. ഗൃഹനാഥൻ തന്നെയാണ് സൃഷ്ടി എന്ന വീടിന് പിന്നിൽ. കണ്ടംപററി സ്റ്റൈലിൽ ഉള്ള ഈ വീടിന്റെ ആകർഷണം എലിവേഷനിൽ ഉള്ള സ്ക്വയർ ഷേപ്പും സ്ട്രെയ്റ്റ് ലൈനുകളുമാണ്.
ഭീമൻ കോളം ഉപയോഗിച്ചുള്ള കൺസ്ട്രക്ഷൻ ശൈലിയാണ് ഈ വീടിന്റേത്. നഗര മധ്യത്തിൽ ഉള്ള ഒരു പ്ലോട്ടായതിനാൽ തന്നെ ലാൻഡ് വാല്യൂ വളരെ കൂടുതലാണ്. ഇതിന് പുറമെ ഇനി ഈ വീടിന്റെ മുകളിലേക്ക് കെട്ടിടം പണിതെടുക്കണം എന്ന് തോന്നിയാലും അല്ലെങ്കിൽ ഇപ്പോഴുള്ള കൺസ്ട്രക്ഷനിൽ അല്പം മാറ്റങ്ങൾ വരുത്തണം എന്ന് തോന്നിയാലും അത് എളുപ്പത്തിൽ നടക്കാൻ ചെങ്കല്ല് കൊണ്ടുള്ള നിർമ്മാണത്തേക്കാൾ ഉപരി ഭീമൻ കോളം ഉപയോഗിച്ചുള്ള കൺസ്ട്രക്ഷൻ ശൈലിയാണ് കൂടുതൽ നല്ലത്. അതേസമയം വെട്ടുകല്ലിനെ അപേക്ഷിച്ച് വളരെയധികം ചിലവ് കൂടുതലാണ് ഭീമൻ കോളങ്ങൾക്ക്. എന്നാൽ ഇതിന് കൂടുതൽ ഫ്ലെക്സിബിലിറ്റി ഉള്ളതിനാൽ അതെ കെട്ടിടത്തിൽ കൂടുതൽ കൺസ്ട്രക്ഷൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അഭികാമ്യവും ഇത് തന്നെയാണ്.
സാധാരണയേക്കാൾ ഉയരം കൂടിയതാണ് ഈ വീടിന്റെ മതിലുകൾ. അതിന് പുറമെ വലിയ വാളോട് കൂടി കവർ ചെയ്താണ് കാർ പോർച്ചും ഒരുക്കിയിരിക്കുന്നത്. പത്ത് മീറ്റർ മാത്രം വീതിയുള്ള ലോങ്ങ് നാരോ പ്ലോട്ടിലാണ് ഏഴ് സെന്റ് സ്ഥലത്ത് 2850 സ്ക്വയർ ഫീറ്റിലുള്ള വീടൊരുക്കിയത്. വീടിനെ മുഴുവനായും കവർ ചെയ്യുന്ന വീതിയിലാണ് മതിലിന്റെ നിർമ്മാണം. വളരെ മിനിമലിസ്റ്റിക് ആയിട്ടുള്ള ഇരിപ്പിടങ്ങളാണ് സിറ്റൗട്ടിൽ നൽകിയിരിക്കുന്നത്. മെയിൻ ഡോർ തുറന്ന് കയറുമ്പോൾ ചെറിയൊരു ഫോയർ ഉണ്ട്. ഇതിന്റെ ഒരു ഭാഗത്തായി പൂജാ മുറി ഒരുക്കിയിട്ടുണ്ട്. മെയിൻ ഡോറിന് നേരെയാണ് ഡ്രോയിങ് റൂം.
വളരെ മനോഹരമായാണ് ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ഇവിടെ വിവിധ മൂടുകൾക്ക് അനുസരിച്ചുള്ള ലൈറ്റിങ് ഫെസിലിറ്റിയും ഒരുക്കിയിട്ടുണ്ട്. ആകർഷകമായ രീതിയിലാണ് വീടിന്റെ ഫോൾ സീലിംഗ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗത്ത് വളരെ വലിയ ജനാലകൾ ഒരുക്കിയിട്ടുണ്ട്. ഇത് ആവശ്യത്തിന് പ്രകാശം അകത്തേക്ക് കയറാൻ സഹായിക്കും. വളരെ മിനിമലിസ്റ്റിക് ആയിട്ടുള്ള ലെതറും തടിയും ഒന്നിച്ചുള്ള ഫർണിച്ചർ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതിനോട് ചേർന്ന് ഒരു കോർട്ടിയാടും ഒരുക്കിയിട്ടുണ്ട്. ഒരു കോൺക്രീറ്റ് പർഗോള ടൈപ്പായാണ് ഈ ഭാഗം ഒരുക്കിയത്. ഒരു ചെറിയ വാട്ടർ ബോഡിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത് ഈ ഭാഗത്തിന് കൂടുതൽ കൂളിംഗ് നൽകാൻ സഹായിക്കും. ഓപ്പൺ കോർട്ടിയാടിനോട് ചേർന്നാണ് ഇവിടെ സ്റ്റെയർ കേസ് ഒരുക്കിയിരിക്കുന്നത്. മാക്സിമം പ്രൈവസി നൽകിക്കൊണ്ടാണ് ഈ സ്റ്റെപ്പ്സും ഒരുക്കിയിരിക്കുന്നത്.
ഡൈനിങ് ഏരിയ വളരെ സ്പേഷ്യസ് ആണ് അതിനാൽ അതിനോട് ചേർന്ന് ഒരു ഫാമിലി ലിവിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് ക്രോക്കറി ഷെൽഫും സ്റ്റോറേജ് സ്പേസും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഇരു വശങ്ങളിലുമായി ബെഡ് റൂമും കിച്ചണിലേക്കുള്ള എൻട്രൻസും ഒരുക്കിയിട്ടുണ്ട്. അടുക്കളയിൽ സാധാരണ കാണുന്നതിനേക്കാൾ ഉയരത്തിൽ ടൈൽസ് ഒട്ടിച്ചിട്ടുണ്ട്. മാക്സിമം ഭാഗങ്ങളും ഉപയോഗ പ്രദമാകുന്ന രീതിയിലാണ് അടുക്കള ഒരുക്കിയത്. സി ഷേപ്പിലുള്ള കൗണ്ടറിന്റെ താഴെയും മുകളിലും ആവശ്യത്തിനുള്ള സ്റ്റോറേജ് സ്പേസും ഒരുക്കിയിട്ടുണ്ട്. വെന്റിലേഷൻ ലഭിക്കുന്ന രീതിയിൽ ആവശ്യാനുസരണം ജനാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.