സൂക്ഷിച്ച് നോക്കണ്ട; ഇത് സിനിമ സെറ്റല്ല, വീടാണ്
വീടിന്റെ ഭംഗിയും രൂപവുമൊക്കെ കണ്ടിട്ട് ഇനി വല്ല സിനിമയ്ക്കോ മറ്റോ സെറ്റിട്ടതാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇതൊരു വീടാണ്. പക്ഷെ ഈ സുന്ദര ഭവനം കേരളത്തിലില്ല, അങ്ങ് മുംബൈയിലാണ് എന്ന് മാത്രം. ഇനിയിപ്പോൾ കേരളത്തിൽ ഇങ്ങനെ ഒരു വീട് പണിതാലോ എന്ന് വിചാരിക്കുന്നവർ ഉണ്ടെങ്കിൽ തീർച്ചയായും പണിയാം. കാരണം പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് നിൽക്കുന്ന ഇത്തരം സുന്ദര ഭവനങ്ങൾക്ക് എന്നും അനുയോജ്യമായ സ്ഥലം നമ്മുടെ ദൈവത്തിന്റെ ഈ സ്വന്തം നാട് തന്നെയാണ്.
വീട് പണി തുടങ്ങുമ്പോൾ ഈ വീടിന്റെ നിർമാതാക്കൾക്ക് ഒറ്റ നിർബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു…പ്രകൃതിയെ വേദനിപ്പിക്കാതെ വേണം വീട് പണിയാൻ. ആ ആഗ്രഹം പൂർണമായും തന്നെ പാലിക്കപ്പെട്ടുകൊണ്ടാണ് ഈ മനോഹര വീടൊരുങ്ങിയത്. ബാംബൂ, തടി, മഡ്, കല്ല് എന്നിവയാണ് പ്രധാനമായും ഈ വീടിന്റെ നിര്‍മ്മാണ വസ്തുക്കള്‍. ചെളിയും പ്രദേശത്ത് നിന്നും ലഭ്യമായ കല്ലുകളുമാണ് ഈ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കൾ.
നിർമ്മാണ ചിലവ് കുറഞ്ഞുവെന്ന് മാത്രമല്ല വീടിനകത്തെ താപനില കുറയാനും ഇത് സഹായകമാകും. ചെളി കൊണ്ടുള്ള കട്ടകൾ ഉപയോഗിച്ച് വീട് പണിയുമ്പോൾ കാലാവസ്ഥയ്ക്ക് അനുസരിച്ച് വീടിനകത്തെ താപനിലയിലും മാറ്റം വരും. അന്തരീക്ഷത്തിൽ ചൂട് കൂടുതലുള്ള സമയങ്ങളിൽ വീടിനകത്ത് താപനില കുറവായിരിക്കും. എന്നാൽ പുറത്ത് തണുപ്പുള്ള സമയത്ത് വീടിനകത്തെ ചൂട് കൂടാനും ഇത് സഹായിക്കും. അതിന് പുറമെ ബാംബുവിന്റെ ഉപയോഗവും വീടിനകത്തെ ചൂട് കുറയാൻ സഹായിക്കും. വീടിനോട് ചേർന്ന് ധാരാളം ചെടികളും മരങ്ങളും ഉള്ളതിനാൽ പൊതുവെ ഈ വീടുകളിൽ ചൂട് കുറവായിരിക്കും. അതുകൊണ്ടുതന്നെ ഏസിയോ ഫാനോ വീടിനകത്ത് ആവശ്യമായി വരില്ല. വീടിന്റെ മേൽക്കൂരയിൽ ഓടാണ് നിർമിച്ചിരിക്കുന്നത്. ബാംബുകൊണ്ടുള്ള സീലിങ്ങും വീടിന് ഭംഗി നൽകുന്നുണ്ട്.
വളരെ ലളിതമായ രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നതെങ്കിലും ഇതിനകത്ത് എല്ലാവിധ അത്യാധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മനോഹരമായ ലിവിങ് ഏരിയ, കിടപ്പുമുറികൾ, അടുക്കള എന്നിവയെല്ലാം ഈ വീടിനുണ്ട്. ഇടയ്ക്കിടെ ഭിത്തിയിൽ വച്ചിരിക്കുന്ന ഫോട്ടോ ഫ്രെയിമും ബുക്ക് ഷെൽഫുകളും വീടിന് മാറ്റ് കൂട്ടുന്നുണ്ട്. വ്യത്യസ്തവും ആകർഷകവുമായ നിർമ്മാണ രീതി തന്നെയാണ് വീടിന്റെ ഭംഗി വർധിപ്പിക്കുന്നത്. അതുകൊണ്ടുത്തന്ന സോഷ്യൽ മീഡിയയിലും ഈ വീട് വൈറലായിരുന്നു.
‘പുട് യുവർ ഹാൻഡ്സ് ടുഗെദർ’ അഥവാ പിവൈഎച്ച്ടി എന്ന മുംബൈ ബെയ്സ്ഡ് കമ്പനിയാണ് ഈ ആശയത്തിന് പിന്നിൽ. 2011 ൽ അഞ്ച് പേർ ചേർന്നു കൊണ്ടാണ് ഈ സ്റ്റാർട്ട് അപ്പിന് തുടക്കമിട്ടത്. നിലവിൽ ഈ കമ്പനി നോക്കി നടത്തുന്നത് അരീന്‍ അത്താരി ശഹ്വീര്‍ ഇറാനി എന്നിവരാണ്. പ്രധാനമായും പ്രകൃതിയ്ക്ക് ദോഷം വരാത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ഇവർ കെട്ടിടങ്ങൾ പണിയുന്നത്. ചെറിയ പ്രോജക്റ്റുകളും ഫാം ഹൗസുകളുമാണ് ആദ്യ ഘട്ടത്തിൽ ഇവർ ഈ രീതിയിൽ പണി കഴിപ്പിച്ചുകൊണ്ടിരുന്നത്. എന്നാൽ പിന്നീട് വലിയ ഹോം സ്റ്റേകൾ അടക്കമുള്ളവ ഇത്തരത്തിൽ ഇവർ പണിത് നല്കാൻ തുടങ്ങി. ഇതോടെ ഇവർക്കും ഇവരുടെ പിവൈഎച്ച്ടി എന്ന കമ്പനിയ്ക്കും വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ നിന്നും കുറച്ച് ദിവസത്തേക്കെങ്കിലും മാറി താമസിക്കാൻ ഇത്തരത്തിലുള്ള കൗതുകം നിറഞ്ഞതും പ്രകൃതിയോട് ചേർന്ന് നിൽക്കുന്നതുമായ വീടുകളെ ഗൂഗിളിൽ തിരയുന്നവരും നിരവധിയാണ്. അതുകൊണ്ടുതന്നെ ഇത്തരം ഹോം സ്റ്റേകൾക്കും മറ്റും ആവശ്യക്കാരും കൂടുകയാണ്.