ഇത് മഹാപ്രളയത്തെപ്പോലും അതിജീവിച്ച മണ്ണിൽ മെനഞ്ഞ പ്രകൃതി വീട്

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മഹാ പ്രളയത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതിന് പിന്നാലെ ഈ കാലവർഷത്തിലും മഹാ പ്രളയത്തെ നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് കേരള ജനത. പ്രളയക്കെടുതിയുടെ ഞെട്ടിക്കുന്ന കഥകൾക്കും സന്തോഷം പകരുന്ന അതിജീവന കഥകൾക്കുമൊപ്പം പ്രളയക്കെടുതിയെ അതിജീവിച്ച ഒരു മണ്‍ വീടിന്റെ കഥയും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

മഹാപ്രളയത്തില്‍ കോണ്‍ക്രീറ്റ് വീടുകളും  കെട്ടിടങ്ങളുമടക്കം തകര്‍ന്നടിഞ്ഞ കാഴ്ച ടിവി സ്‌ക്രീനുകളിലൂടെയും നഗ്ന നേത്രങ്ങൾ കൊണ്ടുമൊക്കെ നമ്മളിൽ പലരും  കണ്ടറിഞ്ഞതാണ്. അതുകൊണ്ടുതന്നെ ആ പ്രളയ കാലത്തെ കരുത്തോടെ അതിജീവിച്ച   ഒരു മൺ വീടിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. പ്രശസ്ത ആര്‍ക്കിടെക്റ്റായ ജി. ശങ്കറിന്റേതാണ് പ്രളയത്തെ അതിജീവിച്ച ഈ മണ്‍ വീട്. സ്വന്തം വീടിനെ ‘സിദ്ധാര്‍ത്ഥ’ എന്നാണ് ശങ്കർ വിശേഷിപ്പിക്കുന്നത്.

തന്റെ ഏറ്റവും വലിയ സ്വപ്‌ന സാക്ഷാത്കാരം എന്ന നിലയിലാണ് ജി. ശങ്കര്‍, ‘സിദ്ധാര്‍ത്ഥ’ എന്ന ഈ മണ്‍ വീട് പണി തീർത്തത്. വീടിന്റെ  നിര്‍മ്മാണം പൂര്‍ത്തിയായത്  കണ്ടപ്പോള്‍ പലരും ശങ്കറിനോട് പറഞ്ഞു, ഒരു മഴ വന്നാൽ തീരും ഈ വീടെന്ന്. എന്നാല്‍ മഴയെയല്ല മഹാ പ്രളയത്തെത്തന്നെ അതിജീവിച്ചതാണ് ഈ മൺ വീട്.

കനത്ത മഴ ശക്തി പ്രാപിച്ചപ്പോൾ അത് ശങ്കറിന്റെ സിദ്ധാർത്ഥയേയും ബാധിക്കാതിരുന്നില്ല, ഈ മൺ വീട് വെള്ളത്തിൽ  പാതി മുങ്ങി. എന്നാൽ ആ മഴ മാറി വെയിലൊന്ന് തെളിഞ്ഞപ്പോൾ വീണ്ടും തെളിഞ്ഞുവന്നു സിദ്ധാർത്ഥ എന്ന മൺ വീട്.  പ്രളയകാലം മാറിയതോടെ  പ്രളയത്തെ അതിജീവിച്ച സിദ്ധാര്‍ത്ഥയുടെ ചിത്രങ്ങളുമായി ജി. ശങ്കര്‍ വീണ്ടും സമൂഹ മാധ്യമങ്ങളിലെത്തിയിരുന്നു. വെള്ളം തങ്ങി നിന്നതിന്റെ ചില പാടുകള്‍ മാറ്റി നിര്‍ത്തിയാല്‍ സിദ്ധാര്‍ത്ഥയ്ക്ക് മറ്റ് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല. നല്ല പോലെ ചൂടേറ്റാൽ ഈ പാടുകളും മാറുമെന്നാണ് ശങ്കർ പറഞ്ഞത്. മണ്‍ വീടിന്റെ ഉറപ്പിനെ പ്രളയം തെല്ലും ബാധിച്ചിരുന്നില്ല. കേരളത്തെ ഉലച്ച പ്രളയത്തില്‍ തളരാത്ത അതിജീവനത്തിന്റെ മറ്റൊരു ശേഷിപ്പ് തന്നെയായിരുന്നു ഈ മൺ വീട്.

എന്നാൽ മറ്റൊരു പ്രളയം കൂടി കാണേണ്ടി വരുമോ എന്ന ആശങ്കയിലാണ് കേരള ജനത. കഴിഞ്ഞ വർഷങ്ങളിൽ ആഗസ്റ്റ് മാസത്തിലാണ് കേരളം മഹാ പ്രളയത്തെ നേരിട്ടത്. അതുകൊണ്ടുതന്നെ കാലവർഷം ശക്തി പ്രാപിക്കുമ്പോൾ ഏറെ ആശങ്കയിലാണ് കേരളക്കര. അതിജീവനത്തിന്റെ കഥകളും ഈ നാളുകളിൽ മനുഷ്യൻ ഓർക്കുന്നുണ്ട്. ആ ഓർമകൾക്കൊപ്പം മഹാപ്രളയത്തെ അതിജീവിച്ച മൺ വീടിന്റെ കഥകളും കൂടെച്ചേർക്കാം..

ഈ വീടിന്റെ നിർമ്മാണ രീതി തന്നെയാണ് ഏറെ ആകർഷണീയം, മണ്ണും നാച്ചുറലായ മെറ്റീരിയലുകളും ഉപയോഗിച്ച് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.  സാധാരണ വീടുകളേക്കാൾ ചിലവ് കുറഞ്ഞ നിർമ്മിതിയാണ് ഈ വീടിന്. കാരണം സിമന്റും മണലും കമ്പിയും അധികം ഉപയോഗിക്കാതെയാണ് ഈ ഉറപ്പുള്ള മൺ വീടിന്റെ നിർമ്മാണം. അതുകൊണ്ടുതന്നെ ചൂട് കാലത്ത് വീടിനകത്തെ താപനിലയും വളരെ കുറവായിരിക്കും.  പ്രകൃതിയെ തെല്ലും നോവിക്കാതെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്നതാണ് ഈ വീടിന്റെ നിർമാണ രീതി. അധികം ആഡംബരങ്ങളോ ആർഭാടങ്ങളോ ഒന്നും തന്നെ ഇല്ലാതെ പ്രകൃതിയോട് ഏറ്റവും ഇണങ്ങി, ലളിതവും സുന്ദരവുമായാണ് ഈ വീട് രൂപ കൽപന ചെയ്തിരിക്കുന്നത്. എന്നാൽ എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ഈ വീടിനകത്ത് ഒരുക്കിയിട്ടുണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *