വെറും ഒന്നേകാൽ സെന്ററിൽ ഒന്നൊന്നര സൗകര്യങ്ങളോടെ ഒന്നാന്തരം ഒരു വീട്

ആകെയുള്ളത് ഒന്നേകാൽ സെന്റ്… അതിലൊരു വീട് വയ്ക്കണമെന്ന് പറഞ്ഞാൽ ആളുകൾ കളിയാക്കും. അത് തീർച്ചയാണ്.  ആകെയുള്ള ഈ സ്ഥലത്ത് വീട് വയ്ക്കാൻ ഇറങ്ങി തിരിച്ചപ്പോൾ ഹരികുമാർ കേട്ടതും ഇതേ ചോദ്യങ്ങളാണ്. എങ്ങനെയാണ് ഒന്നേകാൽ സെന്ററിൽ അത്യാവശ്യസൗകര്യങ്ങളുള്ള ഒരു വീട് നിർമ്മിക്കുക… അതൊക്കെ നടക്കുമോ… വെറുതെ മണ്ടത്തരം കാണിക്കല്ലേ… ഇങ്ങനെയൊക്കെ പറഞ്ഞ ഒരുപാട് പേരുടെ വായ അടപ്പിച്ചാണ് ഹരികുമാർ തന്റെ സ്വപ്നം പടുത്തുയർത്തിയത്.

പക്ഷെ ഈ  ഒന്നേകാൽ സെന്ററിൽ ഒന്നൊന്നര സൗകര്യങ്ങളോടെ ഒന്നാന്തരം ഒരു വീട് തന്നെ പണിതിരിക്കുകയാണ് ഹരി കുമാർ. ഹാബിറ്റാറ്റ് ഡിസൈനർ നവീൻ ലാലിൻറെ ഉറപ്പിന് പുറത്താണ് ഹരി കുമാറിന്റെ സ്വപ്ന വീട് ഉയർന്നു പൊങ്ങിയത്.

മൂന്ന് കിടപ്പു മുറികളുള്ള 710 ചതുരശ്ര അടിയിൽ ഒരു ഇരുനില വീട്. ചെറിയ ഒരു സിറ്റൗട്ട്, ഡൈനിങ് റൂം,  ലിവിങ് റൂം അടുക്കള, കോമൺ ബാത്‌റൂം എന്നിവ  ഉൾക്കൊള്ളുന്നതാണ് ഈ വീടിന്റെ പ്ലാൻ. ഇരുനില വീടിന്റെ താഴത്തെ നിലയിൽ ഒരു കിടപ്പു മുറിയും മുകളിലത്തെ നിലയിൽ രണ്ട് കിടപ്പു മുറികളും ഉണ്ട്.  കരിങ്കല്ലും വെട്ടുകല്ലും ഉപയോഗിച്ചാണ് വീടിന്റെ അടിത്തറ ഒരുക്കിയിരിക്കുന്നത്.

ഇന്റർലോക്ക് മഡ് ബ്ലോക്ക് ഉപയോഗിച്ചാണ് വീടിൻറെ ഭിത്തികൾ നിർമിച്ചിരിക്കുന്നത്. ഇത് ചിലവ് കുറയ്ക്കുന്നതിന് പുറമെ വേഗത്തിൽ പണി കഴിപ്പിക്കാനും വീടിനകത്തെ താപനില കുറയാനും സഹായിക്കും. ഒരു കട്ടയ്ക്ക് 36 രൂപയാണ് ഇന്റർലോക്ക് മഡ് ബ്ലോക്കുകൾക്ക് വില വരുന്നത്. നല്ല മിനുസമുള്ള പ്രതലവും ആകർഷകമായ കളറും ഉള്ളതിനാൽ സിമന്റ് തേയ്‌ക്കേണ്ട ആവശ്യവും ഇല്ല. വീടിനകത്ത് ചില ഭാഗങ്ങളിൽ മാത്രമാണ് സിമന്റ് ഉപയോഗിച്ച് തേച്ചിരിക്കുന്നത്. അതിനാൽ ചിലവും കുറയും. പഴയ ഓടുവെച്ച് ഫില്ലർ സ്ലാബ് രീതിയിലാണ് മേൽക്കൂര വാർത്തിരിക്കുന്നത്.

പ്രധാന വാതിലുകൾക്ക് തടിയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ജനാലകളും മറ്റും   ജി എ കൊണ്ടുള്ള കട്ടിളകൾ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഉള്ളിലെ മുറികൾക്ക് റെഡി മെയ്ഡ് വാതിലുകളും നൽകി. ചിലവ് കുറഞ്ഞ വിട്രിഫൈയ്ഡ് ടൈൽസാണ് ഫ്ലോറിന് ഉപയോഗിച്ചിരിക്കുന്നത്. ആവശ്യത്തിന് കാറ്റും വെളിച്ചവും വീടിനകത്തേക്ക് എത്തുന്ന രീതിയിലുള്ള ക്രോസ് വെന്റിലേഷനും ക്രമീകരിച്ചാണ് വീട് രൂപ കല്പന ചെയ്തിരിക്കുന്നത്. ഇട ഭാഗത്ത് കട്ട ഒഴിവാക്കി ഭിത്തി നിർമ്മിച്ചതിനാൽ പകൽ സമയത്ത് ലൈറ്റ് ഇടാതെ തന്നെ നല്ല വെളിച്ചവും വീടിനകത്ത് ലഭിക്കും. നിർമ്മാണത്തിൽ ചിലവ് കുറയ്ക്കുക എന്ന് മാത്രമല്ല പരിപാലനത്തിനും ചിലവ് കുറഞ്ഞ രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. വരും കാലത്തേക്ക് വരുന്ന ചിലവുകളും ഏറ്റവും കുറഞ്ഞ രീതിയിൽ പ്ലാൻ ചെയ്താണ് വീടിന്റെ നിർമ്മാണം.

സാധാരണക്കാരുടെ ഭവന സങ്കൽപ്പങ്ങൾക്ക് നിറം പകരുകയാണ്  ഈ മനോഹര ഭവനം. പുതിയ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ  ഇക്കാലത്ത് വില്ലനായെത്തുന്നത് സ്ഥല പരിമിതി തന്നെയാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ സ്ഥലത്ത് കൂടുതൽ സുന്ദരമായ ഒരു വീട് പണിയുക എന്നത് തന്നെയാണ് ഇക്കാലത്തെ ആർക്കിടെക്റ്റ് മാരുടെ പ്രധാന വെല്ലുവിളിയും. സ്ഥല പരിമിതി തന്നെയാണ് ഈ വീട് നേരിട്ട ഏറ്റവും വലിയ  വെല്ലുവിളിയും. എന്നാൽ അതിനെ ഏറ്റവും കൃത്യമായ പ്ലാനിങ്ങിലൂടെ നേരിട്ട് കൈയടി വാങ്ങിയിരിക്കുകയാണ് ഇവിടെ ഒരു കുടുംബം. സ്ഥല പരിമിതിയ്ക്ക് പുറമെ കുറഞ്ഞ ബഡ്ജറ്റിൽ പണിത അത്യഗ്രൻ വീട് പക്ഷെ  ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്നതാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *