നാലര ലക്ഷം രൂപയ്ക്ക് പണിതുയർത്തിയ ഒരു കൊച്ചു വീട്
കുറഞ്ഞ ചിലവിൽ സാമാന്യം എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീടാണ് എല്ലാ സാധാരണക്കാരുടെയും ആഗ്രഹം. അത്തരത്തിൽ വെറും നാലര ലക്ഷം രൂപയിൽ പണി തീർത്ത ഒരു കൊച്ചുവീടാണ് തലശേരിയിലെ മൂഴിക്കരയിലേത്. സിറ്റൗട്ട്, ഹാൾ, അടുക്കള, വർക്ക് ഏരിയ, കിടപ്പുമുറി, ബാത്റൂം തുടങ്ങി ഒരു കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ മനോഹര വീട് രൂപ കല്പന ചെയ്തിരിക്കുന്നത്.
വെറും നാലര ലക്ഷത്തിന് പണികഴിപ്പിച്ച ഈ വീട് പക്ഷെ കാണുന്നവരുടെ എല്ലാം മനവും കൂടി നിറയ്ക്കുന്നതാണ്. വീടിനുള്ളിൽ കയറിക്കഴിഞ്ഞാൽ ലഭിക്കുന്ന സുഖവും സന്തോഷവും വളരെ വലുതാണ്. കുറഞ്ഞ ചിലവിൽ പണി കഴിപ്പിച്ചതാണെന് തോന്നുന്ന യാതൊരു അടയാളങ്ങളും ഈ വീടിന് ഇല്ല. സ്പേസ് ക്വളിറ്റി, അകത്തളത്തിന്റെ ഭംഗി, വീട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന നിർമ്മാണ വസ്തുക്കളുടെ ഭംഗി, ഗുണ നിലവാരം എന്നിവയിലൊന്നിലും യാതൊരു വിധ വിട്ടുവീഴ്ചയും ഇല്ലാതെയാണ് വീട് ഒരുക്കിയിരിക്കുന്നത്.
550 ചതുരശ്ര അടി വലിപ്പമുള്ള വീട് നാലര ലക്ഷം രൂപ ചിലവിലാണ് ഒരുക്കിയിരിക്കുന്നത് എന്ന് പറഞ്ഞാൽ അത്ര വിശ്വസനീയം അല്ല. കാരണം അത്രയ്ക്ക് വിപുലവും സുന്ദരവുമാണ് ഈ ഭവനം. വീടിന്റെ നിർമ്മാണ ചിലവ് കുറയാൻ ഒരുപാടുണ്ട് കാരണങ്ങൾ. 20 കിലോമീറ്റർ ചുറ്റളവിൽ നിന്നും മാത്രം ലഭിക്കുന്ന നിർമ്മാണ വസ്തുക്കളാണ് വീടിന് ഉപയോഗിച്ചിരിക്കുന്നത്. അടിത്തറയ്ക്കും ചുവരിനും വെട്ടുകല്ലാണ് ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ച് കൂടുതൽ ജനാലകളും മറ്റും നൽകി ക്രോസ് വെന്റിലേഷൻ ഉറപ്പുവരുത്തിയതിനാൽ പകൽ സമയങ്ങളിലും മറ്റും വീടിനുള്ളിൽ ലൈറ്റ് ഇടേണ്ട ആവശ്യമില്ല.
വീട് നിർമിക്കുമ്പോൾ മാത്രമല്ല.. ഭാവിയിലേക്കും കൂടുതൽ ചിലവ് വരുത്താതെയാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. മലബാർ ഇൻഫ്രാസ്ട്രക്ച്ചറിന്റെ കീഴിലുള്ള പ്രകാശൻ ചാമേരിയുടെ നേതൃത്വത്തിലാണ് ഈ കൊച്ചു വീടിന്റെ നിർമ്മാണം. വീടിന്റെ അടിത്തറ മുതൽ നിർമ്മാണ വസ്തുക്കളും പണിക്കൂലിയും ഉൾപ്പെടെ ഒരു ലക്ഷത്തി എഴുപത്തിനായിരത്തിനടുത്ത് തുകയാണ് ചിലവായത്. ഫർണിച്ചർ, ഫ്ളോറിങ്, പ്ലംബിങ്, ഇലക്ട്രിക്കൽ വർക്ക്, ജനൽ, വാതിൽ, മേൽക്കൂര, പെയിന്റിങ് തുടങ്ങി എല്ലാം കൂടി ഉൾപ്പെടുത്തി നാലര ലക്ഷം രൂപ മാത്രമാണ് ഈ വീടിന് ചിലവായത്.
ആദ്യകാഴ്ചയിൽ വീട് വളരെ ചെറുതാണെന്ന് തോന്നിയാലും വീടിനകത്ത് ആവശ്യത്തിന് സ്ഥല സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെറിയ ഒരു മുറ്റത്തിന് നടുവിലായാണ് ഈ സുന്ദര ഭവനം. ചെറിയൊരു സിറ്റൗട്ട് ഉണ്ട്. അത് കടന്ന് പ്രധാന വാതിൽ തുറക്കുമ്പോൾ സാമാന്യം വലിയ ഒരു ഹാൾ. സെപ്പറേറ്റ് ഡൈനിങ് ഏരിയ ഇല്ലെങ്കിലും ഹാളിന്റെ ഒരു ഭാഗത്താണ് ഡൈനിങ് ഏരിയ. ഒരു മേശയും അത്യാവശ്യം കസേരകളും. ഇതിനടുത്തായി മനോഹരമായ ഒരു കിടപ്പുമുറിയുണ്ട്. കട്ടിലിന് പുറമെ ചെറിയൊരു മേശയും അലമാരയും വയ്ക്കാനുള്ള സ്ഥലവും ഇതിനകത്തുണ്ട്. അടുക്കള അത്യാവശ്യം സ്ഥല സൗകര്യങ്ങൾ ഉള്ളതാണ്. ഇതിനടുത്തായി വർക്ക് ഏരിയയും ഉണ്ട്.
വീടിന് ചുറ്റും അത്യാവശ്യം ചെടികളും ചെറിയ മരങ്ങളും ഉള്ളതിനാൽ ഒരു പച്ചപ്പും ഹരിതാഭയുമൊക്കെ ഉണ്ടെന്ന് പറയാം. അതിനാൽ പ്രകൃതിയോട് ഇണങ്ങി ചേർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു മാതൃക ഭവനം തന്നെയാണ്. വീട് പണിത് അനാവശ്യ ചിലവുകൾ വരുത്തി വയ്ക്കാതെ നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന ഒരു വീട് സാമാന്യം സൗകര്യങ്ങളോടെ പണിയുവാൻ ആഗ്രഹിക്കുന്നവർക്കും തലശ്ശേരിയിലുള്ള ഈ കൊച്ചു ഭവനം മാതൃക അയക്കാവുന്നതാണ്.