കുറഞ്ഞ ചിലവിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

മനസ്സിനിണങ്ങുന്ന രീതിയിൽ ഒരു പുതിയ വീട് പണിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. കൈയിൽ സ്വരുക്കൂട്ടിവെച്ച  പണം ഉപയോഗിച്ചും ലോൺ എടുത്തും കടം വാങ്ങിയുമൊക്കെയാകാം പലരും വീടെന്ന സ്വപ്നം പൂർത്തിയാക്കുന്നത്. അതുകൊണ്ടുതന്നെ കൈയിൽ ഉള്ള പണം കൃത്യമായി ഉപയോഗിച്ച് വ്യക്തമായ പ്ലാനിങ്ങോടെ വേണം പുതിയ വീട് പണിയാൻ. പുതിയ വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

വീട് പണിയുന്നതിന് മുൻപായി കൃത്യമായി ഒരു പ്ലാൻ ഉണ്ടാക്കണം. വീട് പണി തുടങ്ങിക്കഴിയുമ്പോൾ വീടിന്റെ പ്ലാനിൽ വീണ്ടും വീണ്ടും മാറ്റങ്ങൾ വരുത്തിയാൽ ഇത് ചിലവ് കൂടാൻ കാരണമാകും. അതിനാൽ വളരെ ആലോചിച്ച് ആദ്യം തന്നെ ഒരു വ്യക്തമായ പ്ലാൻ തയാറാക്കണം. പ്ലാൻ പൂർത്തിയായാൽ വിശദമായ എസ്റ്റിമേറ്റും വർക്ക് പ്രോഗ്രാം ചാർട്ടും ഒരു ആർകിടെക്റ്റിന്റെ സഹായത്തോടെ രൂപ കൽപ്പന ചെയ്യണം. ഇത്തരത്തിൽ വർക്ക് പ്രോഗ്രാം ചാർട്ട് പൂർത്തിയാക്കുന്നതോടെ ഇത് വീട് പണിയുടെ ഓരോ ഘട്ടത്തിലും എത്ര രൂപ ചിലവാകും എന്നും ഓരോ പണിയും പൂർത്തിയാകാൻ എത്ര സമയം എടുക്കുമെന്നും വ്യക്തമായി മനസിലാകും.

ഉദാഹരണത്തിന് 1500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് ആറു മുതൽ എട്ട് മാസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ ഇതിൽ കൂടുതൽ വൈകുകയാണെങ്കിൽ കൂലി ഇനത്തിൽ നമുക്ക് നഷ്ടം വരും. അതുപോലെ വീടിന്റെ വലിപ്പം കൂടുന്നത് ചിലവ് വർധിക്കാൻ കരണമാകുന്ന മറ്റൊന്നാണ്. വീടിന്റെ വലിപ്പും കൂടുന്നതോടെ നിർമ്മാണ ചിലവ് കൂടും, അതിന് പുറമെ  വീട്ട് കരവും കൂടും. 3000 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള വീടാണെങ്കിൽ ആഡംബര നികുതിയും അടക്കേണ്ടി വരും.

ഒരു നില വീടുകളേക്കാൾ ലാഭകരം ഇരുനില വീടുകളാണ്. ഉറച്ച മണ്ണിൽ ഒരു നിലയ്ക്കും ഇരു നിലയ്ക്കും അടിത്തറ വണ്ണത്തിലും ആഴത്തിലും ചെറിയ വ്യത്യാസമേ ഉണ്ടാകുകയുള്ളൂ. ഒന്നാം നിലയുടെ ടെറസിൽ രണ്ടാം നിലയുടെ മുറികൾ വരുന്നതിനാൽ അത്രയും ഫ്ലോറിങ്ങിന് മുൻപുള്ള ചിലവുകൾ കുറയും.  വീട് പണിയുമ്പോൾ ബാങ്ക് വായ്പ എടുത്ത് പണിയുന്നതാണ് നല്ലത്. വർഷങ്ങൾ കഴിയുമ്പോൾ രൂപയുടെ മൂല്യം കുറയാനാണ് സാധ്യത. ആദായ നികുതി ഇനത്തിലും പണം ലാഭിക്കാൻ ഇത് സഹായിക്കും.

മലമുകളിലും  ചതുപ്പ് നിലങ്ങളിലും വീട് പണിയുമ്പോൾ മണ്ണിന്റെ ഉറപ്പ് കൃത്യമായി അറിഞ്ഞിരിക്കണം. വീടിന്റെ ആകൃതിയും ചിലവും തമ്മിലും ബന്ധമുണ്ട്. ചതുരാകൃതിയിലുള്ള വീടാണ് കൂടുതൽ ലാഭകരം. കൂടുതൽ കട്ടിങ്ങും വളവുകളും ഉള്ള വീടാണെങ്കിൽ കൂടുതൽ ചിലവുണ്ടാകും. വീടിന് ചുറ്റും വരാന്ത പണിയുന്നത് പാഴ്ചിലവാണ്. അതുകൊണ്ട് ആവശ്യമെങ്കിൽ മാത്രം വരാന്ത പണിയുക.

അടുക്കളയോട് ചേർന്ന് സ്റ്റോർ റൂം, വർക്ക് ഏരിയ എന്നിവ പ്രത്യേകം നിർമ്മിക്കുന്നതിന് പകരം അടുക്കളയുടെ ഒരു ഭാഗത്ത് തന്നെ ഇതിനുള്ള സൗകര്യം ഒരുക്കുന്നതാണ് നല്ലത്. എല്ലാ സൗകര്യത്തോടെയും കൂടിയ കിടപ്പ് മുറികൾ ഒരുക്കാൻ 120 സ്ക്വയർ ഫീറ്റിലധികം സ്ഥലത്തിന്റെ ആവശ്യമില്ല. ഇന്റർലോക്ക് ഇഷ്ടിക കിട്ടാൻ സൗകര്യം ഉള്ള സ്ഥലങ്ങൾ ആണെങ്കിൽ സിമന്റിന്റെ അനാവശ്യ ചിലവ് ഒഴിവാക്കാം. പെയിന്റിങ് വേണ്ട, മണലിന്റെ ആവശ്യം ഇല്ല എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഇതിനുണ്ട്. ജനാല, കതക് തുടങ്ങിവയ്ക്കും മറ്റുമായുള്ള തടി ഒരുമിച്ച് വാങ്ങുന്നതാണ് ലാഭകരം. എന്നാൽ ഇവയ്ക്ക് തടികൊണ്ടുള്ള ഫ്രെയിമിന് പകരം സിമന്റ് കട്ടിളകൾ ആക്കിയാൽ ചിലവ് വളരെയധികം കുറയും.

Leave a Reply

Your email address will not be published. Required fields are marked *