സ്ഥലപരിമിതിയും സാമ്പത്തീക പരിമിതിയും മറികടന്ന് ഒരു സെന്റിൽ ഒരുങ്ങിയ എട്ട് ലക്ഷം രൂപയുടെ വീട്
സ്ഥലപരിമിതിയേയും സാമ്പത്തീക പരിമിതിയേയും മറികടന്ന് ഒരു സെന്റിൽ ഒരുങ്ങിയ എട്ട് ലക്ഷം രൂപയുടെ വീടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധേയമാകുന്നത്. വീട് ഉടമസ്ഥനും ഡിസൈനറുമായ ആഷിഷ് ജോണാണ് ഈ മനോഹര വീടൊരുക്കിയത്. പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയാണ് ഈ സുന്ദര ഭവനം പൊങ്ങിനിൽക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ചിലവിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഒരുക്കിയ ഈ വീട് 900 ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്.
ലിവിങ് റൂം, ഫാമിലി ലിവിങ് ഏരിയ, കിച്ചൺ, കിടപ്പുമുറി, കോമൺ ബാത്റൂം എന്നിവയാണ് ഈ വീടിനുള്ളത്. സ്ട്രക്ച്ചറും ഫർണിഷിങ്ങും അടക്കം എട്ട് ലക്ഷം രൂപയാണ് ഈ വീടിന്റെ നിർമ്മാണ ചിലവ്. എന്നാൽ വീടിനകത്ത് കയറിയാൽ കുറഞ്ഞ ചിലവിൽ ഒരുക്കിയ വീടിന്റെ യാതൊരുവിധ അടയാളങ്ങളും ഇവിടെ കാണാൻ സാധിക്കില്ല. അത്രയ്ക്കും മനോഹരമായാണ് ഈ വീടൊരുങ്ങിയത്. വീടിന്റെ നിർമ്മാണ രീതിയും ആരെയും ആകർഷിക്കും വിധത്തിലാണ്. മറ്റ് സാധാരണം വീടുകളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് വീടിന്റെ രൂപ കൽപ്പന.
വീടിന്റെ അടിത്തറ കെട്ടി പൊക്കിയിരിക്കുന്നത് കരിങ്കല്ല് ഉപയോഗിച്ചാണ്. വീടിന്റെ ഭിത്തിക്കായി ഇഷ്ടികയും വെട്ടുകല്ലുമാണ് ഉപയോഗിച്ചത്. മൺ ബ്രിക്കുകളും ഭിത്തി കെട്ടിപൊക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. റൂഫിന് മുകളിൽ ഓട് വിരിച്ചിട്ടുണ്ട്. വീടിനകത്തേക്ക് നേരിട്ട് വെയിൽ അടിക്കാത്ത നിർമ്മാണ രീതിയായതിനാൽ വീടിനകത്ത് ചൂട് കുറവാണ്.
ഓട്, ഇഷ്ടിക, കരിങ്കല്ല് തുടങ്ങിയവ പഴയ വീട് പൊളിച്ചുമാറ്റിയ സ്ഥലങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയിരുന്നു. ഇതാണ് കൂടുതലായും വീടിനായി ഉപയോഗിച്ചിരിക്കുന്നത്. ഫർണിച്ചറുകൾക്കായി പഴയ തടി വാങ്ങി പുനരുപയോഗിച്ചാണ് മനോഹരമായ ഉപകരണങ്ങളാക്കി മാറ്റിയത്. വാതിലുകളും ജനാലകളും മച്ചുമെല്ലാം ഇത്തരത്തിൽ തടിയിൽ മെനഞ്ഞ് എടുത്തതാണ്.
ഒരു ഫർണിഷിങ് ഉപാധി എന്ന നിലയിൽ ഈ വീടിനകത്തും മുള ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. മുള ഉപയോഗിച്ച് വളരെ മനോഹരമായി വീട് ഒരുക്കിയിട്ടുണ്ട്. വീടിന്റെ ബജറ്റിന്റെ പകുതിയോളം തടി പണികൾക്കാണ് ഉപയോഗിച്ചത്. അല്ലാത്തപക്ഷം വീടിന്റെ ബജറ്റിൽ ഇനിയും കുറവ് വരുമായിരുന്നു എന്നാണ് ഡിസൈനർ അഭിപ്രായപ്പെടുന്നത്. നാല് ലെവലുകളായാണ് ഈ സ്ഥലത്തിന്റെ കിടപ്പ്, അതിനാൽ വീടിന്റെ അകത്തളങ്ങളിലും ഈ ഉയര വ്യത്യാസമുണ്ട്. ഇത് വളരെ ഫലപ്രദമായാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ താഴെ വലിയ പാറ ആയിരുന്നു. ഇതിന് മുകളിലാണ് അടിത്തറ കെട്ടിപൊക്കിയത്.
കോൺക്രീറ്റിന് പകരം തടിയാണ് മറ്റ് നിലകളുടെ സീലിങ്ങിൽ ഉപയോഗിച്ചിരിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്നും താഴേക്കിറങ്ങിയാൽ അടുക്കളയിൽ എത്താം. വളരെ മനോഹരമായ അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ ഒരു അടുക്കളയാണ് ഇവിടെ ഒരുക്കിയത്. ഈ വീടിന് ഒരു കിടപ്പ് മുറിയാണ് ഉള്ളത്. കിടപ്പ് മുറിയിൽ കട്ടിലിന് പുറമെ ഒരു മേശയ്ക്കും കബോർഡിനും ഉള്ള സ്പേസും ഉണ്ട്. ഹാളിലാണ് ബാത്റൂം ഉള്ളത്. അതിനാൽ എല്ലാവർക്കും എളുപ്പത്തിൽ ആക്സിസ് ചെയ്യാവുന്ന രീതിയിലാണ് ബാത്റൂം.
വീടിനകത്തുള്ള അനാവശ്യ സ്പേസ് ഒഴിവാക്കാനായി കാൻഡി ലിവർ ശൈലിയിലാണ് ഗോവണിയും ബാൽക്കണിയും ഒരുക്കിയിരിക്കുന്നത്. ഫ്ലോറിങ്ങിലൂടെ ഇടങ്ങളെ വേർതിരിക്കാനായി വിട്രിഫൈഡ് ടൈൽസും വുഡൻ ഫ്ലോറിങ്ങും ഉപയോഗിച്ചിട്ടുണ്ട്. ബാൽക്കണിയിലേക്ക് ഇറങ്ങുമ്പോൾ മനോഹരമായ വ്യൂ പോയിന്റായി പുഴയുടെ കാഴ്ചകളും കാണാം. സായാഹ്നങ്ങൾ കൂടുതൽ വിനോദ പ്രദമാക്കാൻ സഹായിക്കുന്ന രീതിയിൽ ഉള്ളതാണ് ഈ ഭാഗം.
ഫലപ്രദമായി വീട് പണി ആസൂത്രണം ചെയ്താൽ സ്ഥലപരിമിതിയും സാമ്പത്തീക പരിമിതിയും മറികടന്ന് വളരെ സുന്ദരമായ വീടൊരുക്കാം എന്ന് തെളിയിക്കുന്നതാണ് ഈ മാതൃക ഭവനം.