രണ്ടര ലക്ഷം രൂപയ്ക്കും ഇനി ഇതുപോലെ സുന്ദരമായൊരു വീട് പണിയാം…
വെറും രണ്ടര ലക്ഷം രൂപയിൽ ഒരു വീട്..അതും എല്ലാ സൗകര്യങ്ങളോടും കൂടിയത് .. . കേട്ടിട്ട് വിശ്വാസം വരുന്നില്ല അല്ലേ..എങ്കിൽ തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് എത്തിയാൽ ഇത് കണ്ടുതന്നെ ആസ്വദിക്കാം… രണ്ടര ലക്ഷം രൂപ മുതല്മുടക്കിലുള്ള വീട് എങ്ങനെ പണിയാം എന്ന് കൃത്യമായി പറഞ്ഞു നൽകുന്നുണ്ട് ഇവിടെ ഉള്ള മേസ്തിരിമാർ. മൂന്നൂറ് ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ മാതൃകാ ഭവനങ്ങൾ പണിതിരിക്കുന്നത്.
കോർത്തുകെട്ടുന്ന ഇഷ്ടികകൾ, പൂശാൻ മണ്ണ്, സംസ്കരിച്ച റബർ കട്ടിള, കോൺക്രീറ്റ് കട്ടിള, തടി വാതിൽ, സ്റ്റീൽ വാതിലുകളും ജനാലകളും, പിവിസി വാതിൽ, തട്ടിന് വേണ്ട ഫ്ലിലർ സ്ലാബ്, ഫെറോ സിമന്റ് അലമാരകൾ തുടങ്ങിയായൊക്കെ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത്. ഇഷ്ടിക ഉണ്ടാക്കുന്നതിനുള്ള ഉപകരണവും ഉള്ളതിനാൽ, ഇഷ്ടിക ഉണ്ടാക്കുന്ന രീതിയും അറിയാൻ ഇത് സഹായിക്കും. അതിനാൽ വീടിന് ആവശ്യമായ ഇഷ്ടിക കുറഞ്ഞ ചിലവിൽ നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാം.
ഇരുമ്പിന്റെയും സ്റ്റീലിന്റെയും ഉപയോഗം പരമാവധി കുറച്ചുകൊണ്ട് പ്രകൃതിയോട് ഇണങ്ങിച്ചേർന്ന രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ലഭ്യമായ വസ്തുക്കൾ പരമാവധി ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ ലളിതവും സുന്ദരവുമായ ഒരു വീട് നിർമ്മിക്കാനുള്ള ഒരു മാതൃക കൂടിയാണ് ഈ ഭവനം. പിന്നീട് ആവശ്യാനുസരണം വീട് മോടി പിടിപ്പിക്കാനും കൂട്ടി ചേർക്കാനും സാധിക്കുന്ന രീതിയിലാണ് വീടിന്റെ പണി.
മൂന്നൂറ് ചതുരശ്ര അടിയുള്ള വീടിന് ആവശ്യം വെറും പത്ത് ചാക്ക് സിമന്റാണ്. ഇതിൽ കൂടുതലും തറയ്ക്കും തട്ടിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഈ വലിപ്പമുള്ള വീട് പണിയാൻ കോർത്തി വയ്ക്കാവുന്ന ഇന്റർ ലോക്ക് ഇഷ്ടിക 1750 എണ്ണം മതി. ഇഷ്ടികകൾ ഉപയോഗിച്ച് പല രീതിയിലും ഭംഗിയിലും ഭിത്തി പണിയാൻ സാധിക്കും. ചുവരിന്റെ കെട്ടിന് മാത്രമല്ല ലിന്റിൽ, ഇരിപ്പിടം, ആർച്ചുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. വീടിന്റെ നിർമ്മാണത്തിന് ഇന്റർലോക്ക് കട്ടകളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്, അതിനാൽ വീടിനകത്ത് ചൂട് കുറയാനും ഇത് സഹായിക്കും.
തറ, റൂഫ്, ജനൽ, വാതിൽ എന്നിവയ്ക്കൊക്കെ പരീക്ഷിക്കാവുന്ന വ്യത്യസ്ത രീതിയിലുള്ള ഡിസൈനുകളും ഇതുകൊണ്ട് നിർമ്മിക്കാം. വീടിന്റെ മേൽക്കൂര ഓട് വെച്ച് വാർക്കുന്ന ഫില്ലർ സ്ലാബ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. ഇതും ചൂട് കുറയാൻ സഹായിക്കും. സെറാമിക് ടൈയിൽസ് ഉപയോഗിച്ചാണ് വീടിന്റെ തറ മിനുക്കിയിരിന്നത്. ഹാബിറ്റാറ്റ് ഗ്രൂപ്പാണ് ഈ ചിലവ് കുറഞ്ഞ മനോഹര വീടെന്ന ആശയത്തിന് പിന്നിൽ.
നാല് ലക്ഷം രൂപയിൽ ഒരുങ്ങിയ മനോഹര ഭവനങ്ങളും മുൻപ് ഹാബിറ്റാറ്റ് അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ ബജറ്റിൽ പണിത അത്യഗ്രൻ വീട് പക്ഷെ ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്നതാണ്. നാല് ലക്ഷം രൂപ മുതൽ മുടക്കിൽ പണിത വീട് 400 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. കിടപ്പു മുറികളും, അടുക്കളയും, ബാത്റൂമും അടങ്ങുന്നതാണ് ഈ കൊച്ചുവീട്. കിടപ്പുമുറികളിൽ ഒരുഡബിൾ കോട്ട് കിടക്കയും, അലമാരയും മേശയും ഇടാനുള്ള സ്ഥലം ലഭിക്കുംലൈറ്റ്, ഫാൻ, പ്ലഗ് പോയിന്റ് തുടങ്ങി അത്യവശ്യത്തിനുള്ള ഇലക്ട്രിക് പോയിന്റുകളും ഒരുക്കിയിട്ടുണ്ട്.
അതേസമയം ഈ വീടിന്റെ നിർമാണ രീതിയിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അതിനും സാധിക്കും. വീട് നിർമ്മിക്കുന്നവരുടെ സാമ്പത്തീക സ്ഥിതിക്കനുസരിച്ച് ഇതിൽ ചെറുതോ വലുതോ ആയ മാറ്റങ്ങൾ വരുത്താനും വീട് കൂടുതൽ മനോഹരമാക്കാനും സാധിക്കുമെന്നാണ് ഫാബിറ്റാറ്റ് ഗ്രൂപ്പ് അവകാശപ്പെടുന്നത്.