നാട്ട് പച്ചപ്പിനിടയിൽ തല ഉയർത്തി നിൽക്കുന്ന ഒരു യൂറോപ്യൻ മാതൃകാ ഭവനം..
നാട്ട് പച്ചപ്പിനിടയിൽ തലയുയർത്തി നിൽക്കുന്ന ഒരു യൂറോപ്യൻ മാതൃക ഭവനം..കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിലുള്ള ജോബി ജോർജിന്റെ വീടാണ് യൂറോപ്യൻ സ്‌റ്റൈലിൽ പടുത്തുയർത്തിയിരിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ ആരേയും ആകർഷിക്കും വിധമാണ് വീടിന്റെ രൂപ കൽപ്പന. വീടിന്റെ യൂറോപ്യൻ ശൈലിയ്ക്ക് ഇണങ്ങും വിധത്തിലാണ് കോമ്പൗണ്ട് വാൾ ഒരുക്കിയിരിക്കുന്നത്. വീടിന്റെ തലയെടുപ്പിനെ ആകർഷകമാക്കുന്നതിൽ ഈ കോമ്പൗണ്ട് വാൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
മനോഹരമായ ഡിസൈൻ ഗേറ്റ് തുറന്നാൽ വളരെ മനോഹരമായ ഒരു ഉദ്യാനത്തിലേക്കാണ് കടന്നുചെല്ലുന്നത്. വിശാലമായ ലാൻഡ് സ്കേപ്പിനെ ഏറെ ഭാവനാ മികവോടെയാണ് ആകർഷകമാക്കി മാറ്റിയിരിക്കുന്നത്. കോമ്പൗണ്ട് വാളിന് അരികിലൂടെ ഒരുക്കിയിരിക്കുന്ന മനോഹരമായ നടപ്പാതയിലൂടെ വേണം വീടിനകത്തേക്ക് കയറാൻ. വീടിന്റെ പിൻഭാഗത്താണ് ഇതിന്റെ തുടർച്ചയായി ഒരുക്കിയിരിക്കുന്ന കാർ പോർച്ച്.
വിശാലമായ ഗാർഡന്റെ പ്രധാന ആകർഷണവും പിൻ ഭാഗത്തായി ഒരുക്കിയിരിക്കുന്ന സ്വിമ്മിങ് പൂളാണ്. വീടിന്റെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നും ഈ സ്വിമ്മിങ് പൂളാണ്. ഒറ്റ നിലയിൽ ഒരുക്കിയിരിക്കുന്ന ഈ വീടിനെ കൂടുതൽ മനോഹരമാക്കാൻ സഹായിച്ചത് ഡിസൈനർ ഫ്രാൻസീസ് ആണ്.
വിശാലമായ പൂന്തോട്ടത്തിലേക്ക് മിഴി തുറന്ന് ഇരിക്കാൻ കഴിയുന്ന വളരെ ശാന്തമായ ഒരിടമാണ് ഇവിടുത്തെ സിറ്റൗട്ട്. പ്രധാന വാതിൽ തുറന്ന് എത്തുന്ന ലിവിങ് റൂം വളരെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ അകത്തളങ്ങൾ ആരേയും ആകർഷിക്കും വിധത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ട് കിടപ്പുമുറികൾ, ഡൈനിങ് റൂം, ഓഫീസ് റൂം, അടുക്കള, കോർട്ടിയാട് എന്നിവ ഉൾപ്പെടുന്നവയാണ് താഴത്തെ നില. വീടിന്റെ പ്രധാന ആകർഷണങ്ങളിൽ മറ്റൊന്നാണ് കോർട്ടിയാട്. വിശാലതയിലും സ്വകാര്യതയ്ക്ക് രൂപം നൽകിയാണ് വീടിന്റെ ലിവിങ് ഏരിയ.
വുഡൻ ഫ്ലോറിങ്ങാണ് ലിവിങ് ഏരിയയിൽ ഒരുക്കിയിരിക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് ഊഷ്മളത പകരുന്ന രീതിയിലാണ് ഡൈനിങ് ഏരിയ. മനോഹരമായി ഡിസൈൻ ചെയ്ത് തന്നെയാണ് അടുക്കളയും ഒരുക്കിയിരിക്കുന്നത്. ഐലന്റ് കിച്ചണും ക്‌ളാസിക് ഭംഗിയിൽ ഇവിടെ ഒരുങ്ങിയിട്ടുണ്ട്.
രണ്ട് കിടപ്പു മുറികളാണ് താഴത്തെ നിലയിൽ ഉള്ളത്. ഗസ്റ്റ് ബെഡ് റൂമും കിഡ്സ് ബെഡ് റൂമുമാണ് ഇവിടെ ഉള്ളത്. ഇനി സെക്കന്റ് ലെവലിൽ എത്തുമ്പോൾ അവിടെയും കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. ഒരേസമയം നിരവധി സൗകര്യങ്ങളെ കാത്തുവെയ്ക്കുന്നതാണ് ഇവിടുത്തെ ലിവിങ് ഏരിയ. കോർട്ടിയാടിന്റെ ഭംഗിയും മുകളിൽ നിന്നും ആസ്വദിക്കാൻ കഴിയും. മുകളിലത്തെ നിലയിൽ കാത്തിരിക്കുന്ന മറ്റൊന്നാണ് ഹോം തിയേറ്റർ.
മാസ്റ്റർ ബെഡ് റൂമും കിഡ്സ് ബെഡ് റൂമുമാണ് മുകളിലത്തെ നിലയിൽ ഉള്ളത്. ആധുനീക സജ്ജീകരണങ്ങളോടെയാണ് മാസ്റ്റർ ബെഡ് റൂമും ഒരുക്കിയിരിക്കുന്നത്. പ്രത്യേകം ഡ്രസിങ് ഏരിയയും, അറ്റാച്ഡ് ബാത്റൂമും ഇവിടുത്തെ മുറികൾക്കുണ്ട്. വളരെയധികം കൗതുകം ജനിപ്പിക്കുന്ന വിധത്തിലാണ് ഇവിടുത്തെ വാൾ പെയിന്റിങ്ങും ഒരുക്കിയിരിക്കുന്നത്.
ഈ വീടിന്റെ ഭംഗി കാത്തു സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഇവിടുത്തെ ഫർണിച്ചറുകൾ. യഥാവിധം ഫർണിച്ചറുകൾ തിരഞ്ഞെടുത്തതും ഈ വീടിന്റെ മാറ്റ് കൂട്ടുന്നുണ്ട്. പ്രത്യേകമായി ലിവിങ് ഏരിയയിൽ ഒരുക്കുന്ന ഫർണിച്ചറുകളിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. അതിഥികൾ കൂടുതൽ എത്തുന്ന ഇടമായതിനാൽ ഏറ്റവും ഭംഗിയുള്ള ഫർണിച്ചറുകൾ വേണം ഇവിടേക്ക് തിരഞ്ഞെടുക്കാൻ. ഫർണിച്ചറുകൾ ക്രമീകരിക്കുന്ന രീതിയും ഏറെ പ്രധാനമാണ്. അത്തരത്തിൽ ഫർണിച്ചർ തിരഞ്ഞെടുക്കുന്നതിലും വീടിന്റെ നിർമ്മാണത്തിലും പുതിയ ശൈലി കൊണ്ടുവന്ന മനോഹര ഭവനമാണ് ഈ യൂറോപ്യൻ മാതൃകാ വീട്.