നക്ഷത്രങ്ങളേയും ചന്ദ്രനേയും കൺനിറയെ കാണാം; ചില്ല് വീട്ടിലെ സുന്ദര ജീവിതം
വീട് പണിയുമ്പോൾ അതിൽ വ്യത്യസ്തത തിരയുന്നവരാണ് നമ്മളിൽ മിക്കവരും. സ്വന്തമായി വീട് പണിയുന്നതിന് മുമ്പായി വ്യത്യസ്തമായ വീടുകൾ ഗൂഗിളിൽ തിരയുന്നവരും നിരവധിയാണ്. അത്തരത്തിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവരെ ഏറെ ആകർഷിക്കുന്ന ഒരു വീടാണ് ഇത്.. പെട്ടന്ന് കാണുമ്പോൾ ഇത് അല്പം കടന്ന് പോയില്ലേ എന്ന് കരുതുന്നവരും നിരവധിയാണ്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഈ വീട് കാഴ്ചയിൽ മാത്രമല്ല, നിർമ്മാണ രീതിയിലെ പ്രത്യേകത കൊണ്ടും കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതാണ്.
ഇതൊരു വെറും വീടല്ല.. ഒരു ഗ്ലാസ് ഹൗസ് ആണ്. എന്ന് വെച്ചാൽ മുഴുവൻ ഗ്ലാസുകളാൽ നിർമ്മിച്ച ഒരു സുന്ദര ഭവനം. പലപ്പോഴും ആകാശ കാഴ്ചകൾ ആസ്വദിക്കാൻ വീടിന്റെ കോർട്ടിയാടിലും ടെറസിലുമൊക്കെ ചില രാത്രികൾ കഴിച്ചു കൂട്ടുന്നവരെ കണ്ടിട്ടില്ലേ.. ഇത്തരക്കാർക്ക് ഏറെ പ്രിയങ്കരമാണ് ഈ ഭവനം. കാരണം ആകാശത്തെ നക്ഷത്രങ്ങളെ കണ്ടുകൊണ്ട് ഒരു വീട്ടിൽ താമസിക്കാൻ കഴിയുന്ന രീതിയിലുള്ള മനോഹരമായ ഒരു അനുഭവം സമ്മാനിക്കുകയാണ് ഈ വീട്. ആകാശത്തെ നക്ഷത്രങ്ങൾക്കൊപ്പം ഉറങ്ങുന്നതു പോലെ ഒരു സുന്ദര അനുഭവം സമ്മാനിക്കുന്നുണ്ട് ഈ ഗ്ലാസ് ഹൗസ് ജീവിതം.
കാഴ്ചയിലെ മനോഹാരിതയ്ക്കൊപ്പം നിർമ്മാണത്തിലെ പ്രത്യേകതയും ഈ വീടിനെ വ്യത്യസ്തമാക്കുന്നുണ്ട്. പ്രകൃതിക്ക് ഒരു രീതിയിലും ഹാനികരമാകാത്ത രീതിയിലാണ് ഈ ചില്ല് വീട് പണികഴിപ്പിച്ചിരിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് അനുയോജ്യമായ രീതിയിലാണ് ഈ മനോഹര വീട്. മരുഭൂമിയിൽ പണി കഴിപ്പിച്ച വീടായതിനാൽ തന്നെ ഇതിനകത്ത് അസഹനീയമായ ചൂടായിരിക്കും എന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ അതാണ് ഈ വീടിന്റെ ഏറ്റവും പ്രത്യേകത..ചൂടും തണുപ്പും ഒരുപോലെ തന്നെയാണ് ഈ വീട്ടിനകത്ത് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ എയർ കണ്ടീഷ്ണറോ ഫാനോ കൂളറോ ഹീറ്ററോ ഒന്നും ആവശ്യമില്ല ഈ വീടിനത്ത്. അതിന് പുറമെ വീടിന്റെ ജനാലകൾ തുറന്നാൽ മനോഹരമായ കാറ്റിനൊപ്പം പ്രകൃതിയുടെ സൗന്ദര്യവും ആവോളം ആസ്വദിക്കാം.
ആദ്യ കാഴ്ചയിൽ തന്നെ കാഴ്ചക്കാരെ ആകർഷിക്കും വിധമാണ് ഈ വീടൊരുക്കിയിരിക്കുന്നത്. വലിയൊരു മരുഭൂമിയ്ക്ക് നടുവിലായി ഒരു ഗ്ലാസ്സ് കെട്ടിടം.. ആദ്യം കാണുമ്പോൾ ഇതെന്താണ് സംഭവം എന്നായിരിക്കും ചിന്തിക്കുക. എന്നാൽ അകത്ത് കയറിയാൽ വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ വീട് സമ്മാനിക്കുന്നത്. ഗ്ലാസ് കൊണ്ട് നിർമ്മിച്ചതിനാൽ സ്വകാര്യതയ്ക്ക് പ്രാധാന്യം കിട്ടില്ലേ എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. എന്നാൽ സ്വകാര്യതയ്ക്ക് പൂർണമായും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ സുന്ദര ഭവനം രൂപ കല്പന നൽകിയിരിക്കുന്നത് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
മനോഹരമായ ഈ ചില്ലു വീട് ഇതിനോടകം ലോകശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. സ്പെയിനിലെ ഗൊറാഫേ എന്ന മരുഭൂമിയിലാണ് ചുറ്റും ഗ്ലാസ് കൊണ്ട് മറച്ച ഈ മനോഹര വീട് നിര്മ്മിച്ചിരിക്കുന്നത്. ഓഫിസ് എന്ന ആര്ക്കിടെക്റ്റ് ഗ്രൂപ്പും ഗാര്ഡിയന് ഗ്ലാസും സംയുക്തമായി തയ്യാറാക്കിയതാണ് ഈ അത്ഭുത വീട്.
സാധാരണ വീടുകളെ പോലെത്തന്നെ കിടപ്പു മുറിയും, ലിവിങ് ഏരിയയും, അടുക്കളയും ഓഫീസ് മുറിയും ഒക്കെയുള്ള സാധാരണ വീടുകളും ആവശ്യക്കാരന്റെ ഇഷ്ടാനുസരണം ഗ്ലാസിൽ നിർമ്മിക്കാം.
വീടിന് പുറത്തിറങ്ങാതെ വീട്ടിൽ കിടന്നു കൊണ്ടുതന്നെ ആകാശവും നക്ഷത്രവുമൊക്കെ കാണാൻ കഴിയുക എന്നത് വളരെ മനോഹരമായ ഒരു അനുഭവമാണ്. മരുഭൂമിയിൽ ഒരുക്കിയിരിക്കുന്ന ഈ വീട്ടിൽ കിടക്കുമ്പോൾ ആകാശത്ത് കിടക്കുന്ന പോലൊരു അനുഭവമാണ് ലഭിക്കുന്നത് ഇത് വളരെയധികം വ്യത്യസ്തവും സുന്ദരവുമാണെന്നും ആർകിടെക്റ്റായ സ്പെല്ല പറയുന്നുണ്ട്.