കുറഞ്ഞ ചിലവിൽ മനോഹരമായി രൂപകല്പന ചെയ്ത വീട്
തേയ്ക്കാത്ത ചുവരുകളും, വീടിന് മുൻപിൽ തൂക്കിയിട്ടിരിക്കുന്ന റാന്തൽ വിളക്കുമൊക്കെ മലയാളികൾക്ക് ഗൃഹാതുരത ഉണർത്തുന്ന വീട് ഓർമ്മകളാണ്.. പുതിയ വീട് എത്ര മോഡേൺ സൗകര്യങ്ങളോടെ പണി കഴിപ്പിച്ചാലും അതിൽ എവിടെയെങ്കിലും ഒരല്പം മലയാളി തനിമ വരുത്താൻ ശ്രദ്ധിക്കാറുണ്ട് ഇന്നത്തെ തലമുറ.
തിരുവനന്തപുരത്തെ മുക്കോല എന്ന സ്ഥലത്ത് രഞ്ജിത്തിനും ഭാര്യ സിജിക്കും വേണ്ടി ആർകിടെക്റ്റ് പി ബി സാജൻ ഡിസൈൻ ചെയ്ത വീടാണ് നിർമ്മാണത്തിലെ പ്രത്യേകത കൊണ്ടും വ്യത്യസ്തത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നാലര സെന്റ് സ്ഥലത്ത് ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ വീട് തേച്ചിട്ടില്ല എന്നതാണ്. പുറത്ത് നിന്ന് നോക്കുമ്പോൾ രണ്ട് നിലയാണോ മൂന്ന് നിലയാണോ എന്ന് സംശയം തോന്നുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണ രീതിയും.
ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി വ്യത്യസ്തമായ രീതിയിലാണ് വീട് സ്ട്രക്ച്ചർ ചെയ്തിരിക്കുന്നത്. കരിങ്കല്ല് ഉപയോഗിച്ചാണ് വീടിന്റെ അടിത്തറ കെട്ടിയിരിക്കുന്നത്. ഭിത്തിയ്ക്കായി ഇഷ്ടികയാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ഇഷ്ടിക വച്ച് ഉൾഭാഗം പൊള്ളയായ രീതിയിലാണ് വാൾ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വീടിനകത്ത് ചൂട് കുറയാനും നിർമ്മാണ ചിലവ് കുറയ്ക്കാനും ഇത് സഹായിക്കും. മാഗ്ലൂർ ടൈൽസ് ഉപയോഗിച്ചുള്ള ഫില്ലറുകൾ കൊണ്ടാണ് സ്ലാബ് ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്റൗട്ടിന് പകരമായി ഒരു എൽ ഷേപ്പ് വരാന്തയാണ് ഒരുക്കിയിരിക്കുന്നത്. വരാന്തയുടെ ഒരറ്റം ലിവിങ് റൂമിലേക്കും രണ്ടാമത്തെ അറ്റം ഡൈനിങ് ഏരിയയിലേക്കുമാണ് നൽകിയിരിക്കുന്നത്. ഇതിൽ രണ്ടിലൂടെയും വീടിനകത്തേക്ക് പ്രവേശിക്കാം.
കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ഭിത്തിയും വീടിന് ഭംഗി വർധിപ്പിക്കുന്നുണ്ട്. സിറ്റൗട്ടിലായി രണ്ട് ചാരു കസേരകൾ ഇട്ടിട്ടുണ്ട്. ഇതൊരു പഴയ തറവാട് വീടിന്റെ ഓർമ്മകളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. സിറ്റൗട്ടിന്റെ സൈഡിലായി ഒരു കോർട്ടിയാട് ഒരുക്കിയിട്ടുണ്ട്. മഴവെള്ളം കോർട്ടിയാടിനകത്തേക്ക് ലഭിക്കുന്ന രീതിയിലാണ് ഈ വീടിന്റെ ഡിസൈൻ. വീടിന്റെ ഉൾഭാഗത്തെ ഭിത്തി വരാന്തയെ ഫേസ് ചെയ്യുന്ന ഭാഗത്ത് കരിങ്കല്ലും മറ്റ് ഭാഗങ്ങളിൽ ഇഷ്ടികയുമാണ് ഉപയോഗിച്ചിരിക്കുന്നത്.
കോർട്ടിയാടിന് സൈഡിലായാണ് ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയിൽ വളരെ മനോഹരമായ സിംപിൾ ഫർണിച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്. ചൂരൽ കൊണ്ടുള്ള ചെയറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിന് പുറമെ ജനാലയ്ക്ക് സമീപത്തായി ഇൻ ബിൽഡ് സിറ്റിങ് സ്പേസും ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് ഇരിക്കുന്ന ജനാലകൾ ഫുൾ ടൈം ഓപ്പൺ ആയ വുഡൻ ജനാലകളാണ്. അതിനടുത്തായി സ്റ്റെയർ കേസും കൊടുത്തിട്ടുണ്ട്. കോർട്ടിയാടിന് സമീപത്തായാണ് ഡൈനിങ് ഏരിയ. ഒരേ സമയം ആറു പേർക്കാണ് ഇവിടെ ഭക്ഷണം കഴിയ്ക്കാൻ കഴിയുക. ഇതിനടുത്തായി മറ്റൊരു ഇൻ ബിൽഡ് സീറ്റിങ്ങും ഒരുക്കിയിട്ടുണ്ട്.
വളരെ വിശാലമായ മൂന്ന് കിടപ്പു മുറികളാണ് ഈ വീടിനകത്ത് ഉള്ളത്. മാസ്റ്റർ ബെഡ് റൂമിൽ ജനാലയോട് ചേർന്ന് ഒരു ഇൻ ബിൽഡ് സിറ്റിങ് അറേഞ്ച്മെൻറ്സും ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂമും ഉള്ള മുറികളാണ് ഇവ. വീടിന്റെ അടുക്കള മറ്റുള്ള ഭാഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ മോഡേൺ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് അടുക്കള രൂപ കല്പന ചെയ്തിരിക്കുന്നത്. അതിനടുത്തായി മറ്റൊരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും വീടിനകത്തുണ്ട്. സ്റ്റെയർ കേസ് കയറിവരുന്ന സ്ഥലത്ത് തന്നെയാണ് ഇവിടെയുള്ള ബെഡ് റൂമിലേക്കുള്ള ആക്സിസും. ഇതിനടുത്തായി കുറച്ച് മാറി ഒരു ടെറസ് സ്പേസും ഒരുക്കിയിട്ടുണ്ട്. വളരെ കംഫോർട്ടബിൾ ആയിട്ടുള്ള ഒരു സിറ്റിങ്ങും ഇവിടെ രൂപ കല്പന ചെയ്തിട്ടുണ്ട്.