അത്ഭുതമായി 8 ദിവസം കൊണ്ട് ഒരുക്കിയ സ്റ്റീൽ ഹൗസ്
ഒരു വീട് പണിയണം… സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ മാത്രമല്ല കാഴ്ചയിലും ഏറെ മികവ് പുലർത്തുന്നതാവണം ഈ വീട്. മറ്റുള്ള വീടുകളിൽ നിന്നും തങ്ങളുടെ വീട് അല്പം വ്യത്യസ്തവുമായിരിക്കണം.. ഇങ്ങനെ ഒക്കെ ആയിരിക്കും പുതിയ ഒരു വീട് പണിയുമ്പോൾ ആളുകൾ ചിന്തിക്കുന്നത്.. മനുഷ്യന്റെ വീട് സങ്കൽപ്പങ്ങൾ പുതിയ രീതികൾക്ക് അനുസൃതമായി ഇങ്ങനെ മാറിക്കൊണ്ടിരിക്കും. വീടിന്റെ രൂപ കല്പനയിൽ എപ്പോഴും വ്യത്യസ്തത തേടുന്നവരാണ് നമ്മളിൽ മിക്കവരും. അതുകൊണ്ടുതന്നെ പലപ്പോഴും രൂപ കല്പനയിൽ വൈവിധ്യമുള്ള വീടുകൾ സോഷ്യൽ മീഡിയയിലും ഹിറ്റാകാറുണ്ട്.
ഇപ്പോഴിതാ നിർമ്മാണത്തിൽ വ്യത്യസ്തത പുലർത്തിയ ഒരു വീടാണ് മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അതും വെറും എട്ട് ദിവസങ്ങൾ കൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. സ്റ്റീൽ ഉപയോഗിച്ചാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഔറംഗാബാദ് സ്വദേശികളായ ആർകിടെക്റ്റുകളാണ് ഈ വ്യത്യസ്തമായ വീടിന് പിന്നിൽ. പിയൂഷ് കപാഡിയ, പൂജ ദമ്പതികൾ നിർമ്മിച്ച ഈ വീട് സിമെന്റ് ഉപയോഗിക്കാതെ സ്റ്റീലും കോൺക്രീറ്റും ഉപയോഗിച്ചാണ് രൂപ കല്പന ചെയ്തിരിക്കുന്നത്.
ഭൂമികുലുക്കമോ, തീ പിടുത്തമോ ഒന്നും തന്നെ ഈ വീടിനെ ബാധിക്കില്ല എന്ന് മാത്രമല്ല കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഇത് ഫലപ്രദമായി ഉപയോഗിക്കാമെന്നും വീടിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ട്. സീറോ വെയിസ്റ്റാണ് സ്റ്റീൽ പുറന്തള്ളുന്നത് എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. അതുകൊണ്ടുതന്നെ ഇത് എങ്ങനെ വേണമെങ്കിലും റീസൈക്കിൾ ചെയ്യാനും സാധിക്കും. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റീൽ എക്സ്പോർട്ടർ ആണ് അതിനാൽ നിർമ്മാണ ചിലവ് കുറയ്ക്കാനും ഇത് സഹായകമാകും.
സ്റ്റീൽ ഉപയോഗിച്ച് വീട് പണിയുമ്പോൾ സിമെന്റ്, മണൽ, വെള്ളം ഇന്നും ഇവർ ഉപയോഗിച്ചിട്ടില്ല. മറ്റ് നിർമ്മാണ വസ്തുക്കളെ അപേക്ഷിച്ച് ഫ്ലെക്സിബിലിറ്റി, ലൈഫ് സ്പാൻ എന്നിവയുടെ കാര്യത്തിലും സ്റ്റീൽ തന്നെയാണ് മുൻപന്തിയിൽ ഉള്ളത്. അതിനാൽ ഇത്രയും വലിയ ഒരു വീട് വെറും എട്ട് ദിവസങ്ങൾ മാത്രം എടുത്താണ് പണിതുയർത്തിയിരിക്കുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില വീടാണ് പിയൂഷ് കപാഡിയ, പൂജ ദമ്പതികൾ സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ നിർമ്മിച്ച ഈ മനോഹരമായ വീടിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതും.
സാധാരണ വീടുകളെപോലെത്തന്നെ വളരെ മനോഹരങ്ങളായ ഫർണിച്ചറുകളും വീടിനകത്ത് ഒരുക്കിയിട്ടുണ്ട്. കൂടുതലും സ്റ്റീൽ ഉപയോഗിച്ചുള്ള ഫർണിച്ചറുകളാണ് വീടിനകത്ത് ഒരുക്കിയിരിക്കുന്നത്. തടികൊണ്ടുള്ള ഉപകരണങ്ങളും വീടിനകത്ത് ഒരുക്കിയിട്ടുണ്ട്. മനോഹരമായ കളർ പാറ്റേണിലാണ് ഇന്റീരിയറും ഒരുക്കിയിരിക്കുന്നത്. ലിവിങ് ഏരിയ, കിടപ്പ് മുറികൾ, ഡൈനിങ് ഏരിയ, അടുക്കള എന്നിവയ്ക്ക് പുറമെ ഓഫീസ് റൂമും വീടിനകത്ത് ഒരുക്കിയിട്ടുണ്ട്.
മനോഹരമായ ഇന്റീരിയറിനൊപ്പം അത്യാവശ്യം മികച്ച സൗകര്യങ്ങളോടു കൂടിയ ഒരു മോഡേൺ ഭവനമാണ് ഇത്. പുറമെ നിന്ന് കാണുന്നതിനേക്കാൾ വളരെ വിപുലവും സുന്ദരവുമാണ് ഈ മൂന്ന് നില വീട്. എന്നാൽ ഈ വീടിന്റെ നിർമ്മാണ രീതി ആരേയും അതിശയിപ്പിക്കും വിധത്തിലാണ്. അതുകൊണ്ടുതന്നെ ഈ വീട് പണിയാൻ വെറും ഒരു ആഴ്ച മാത്രമേ എടുത്തു എന്നുള്ളതും കാഴ്ചക്കാരെ ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. എട്ട് ദിവസങ്ങൾ കൊണ്ട് പണിതീർക്കുന്ന വീടിന്റെ ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വളരെ കുറഞ്ഞ ആളുകൾ ചേർന്ന് ഏറ്റവും മികച്ച രീതിയിലാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്.