വലിയ ചിലവില്ലാതെ മനോഹരമായ ഒരു വീടെന്ന സ്വപ്നം കാണുന്നവർക്ക് മാതൃകയാക്കാം ഈ സുന്ദര ഭവനം
വലിയ ചിലവില്ലാതെ മനോഹരമായ ഒരു വീടെന്ന സ്വപ്നം കാണുന്നവർക്ക് തീർച്ചയായും മാതൃകയാക്കാൻ കഴിയുന്ന ഒരു വീടാണ് കോട്ടയം ജില്ലയിലെ ചിങ്ങവനത്തുള്ള ഇലഞ്ഞിക്കൽ എന്ന വീട്. സുന്ദരമായ ഈ കൊച്ചുവീടിന് ഒരു പ്രത്യേകതയുണ്ട്, കുറഞ്ഞ ചിലവിൽ വളരെ മനോഹരമായാണ് ഈ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്ന് കിടപ്പ് മുറികളും മറ്റെല്ലാ സൗകര്യങ്ങളും ഉള്ള ഈ വീടിന് വെറും ഒൻപത് ലക്ഷം രൂപ മാത്രമാണ് ചിലവായത്. മലയാളികൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കേരളീയ തനിമ നിലനിർത്തുന്ന രീതിയിലാണ് ഈ വീടിന്റെ രൂപ കൽപന. സ്ലോപ് റൂഫും, തൂണും, സിറ്റൗട്ടും എല്ലാം ഈ വീടിന്റെ എലിവേഷന്റെ ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. പുറംഭാഗത്ത് ബ്ലൂ ആൻഡ് ആഷ് കോമ്പിനേഷനാണ് പെയിന്റിങ്, ഇതിന്റെ ഭംഗി വർധിപ്പിക്കാൻ ഫിനിഷിങ്ങിൽ വൈറ്റ് കളറും ഉൾപ്പെടുത്തിയിട്ടുണ്ട്.
700 സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയ ഈ വീട് വെറും 9 ലക്ഷം രൂപ മുതൽ മുടക്കിൽ ഉള്ളതാണ്. നിർമ്മാണ വസ്തുക്കളുടെ തിരഞ്ഞെടുക്കലും കൃത്യമായ ഉപയോഗവുമാണ് ഇതിന്റെ പ്രധാന കാരണം. വീടിന്റെ ഭിത്തികൾക്ക് ഉപയോഗിച്ചിരിക്കുന്നത് ഇന്റർലോക്ക് ബ്രിക്കുകളാണ്. ഈ ബ്രിക്കുകൾക്ക് പ്ലാസ്റ്ററിന്റെയും സിമെന്റിന്റെയും ഉപയോഗം വരുന്നില്ല അതിനാൽ ഇത് ചിലവ് കുറയാൻ സഹായകമാകും. വീടിന്റെ റൂഫിലും കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല. സ്റ്റീൽ സ്ട്രക്ച്ചർ ഉപയോഗിച്ച് ആണ് വീടിന്റെ റൂഫ് ഒരുക്കിയിരിക്കുന്നത്. അതിന് പുറമെ ഓട് അടുക്കിയിരിക്കുകയാണ്. മരത്തിന്റെ ഉപയോഗം കുറച്ച് പരമാവധി കോൺക്രീറ്റ് കട്ടളകളാണ് ജനാലകളും വാതിലുകളുമൊക്കെയായി ഇവിടെ നിർമ്മിച്ചിരിക്കുന്നത്.
കരിങ്കല്ലും മണ്ണും ഉപയോഗിച്ചുള്ള അടിത്തറയിൽ നിന്നുമാണ് ഇന്റർലോക്ക് കട്ടകൾ വെച്ചുള്ള ഭിത്തി കെട്ടിപൊക്കിയിരിക്കുന്നത്. എന്നാൽ ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ഭിത്തി കെട്ടിപൊക്കുമ്പോൾ സാധാരണയിൽ നിന്നും അല്പം ഉയർത്തിവേണം അടിത്തറ കെട്ടിയെടുക്കാൻ. ലിന്റലിലും കോർണറിലും എം സാന്റ് ഉപയോഗിച്ച് വേണം സൈഡ് കെട്ടിയെടുക്കാൻ. കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയനുസരിച്ച് ചാഞ്ഞ മഴകൾ ഉണ്ടാകാറുണ്ട് അതിനാൽ റൂഫും ഭിത്തിയിൽ നിന്നും അല്പം പ്രോജക്ട് ചെയ്ത് നിൽക്കുന്ന രീതിയിൽ വേണം നിർമ്മിക്കാൻ. ഇത് ഡയറക്ടായി മഴ ഭിത്തിയിലേക്ക് അടിക്കാതെ സഹായിക്കും.
വീടിന്റെ സൈഡിൽ നിന്നാണ് സിറ്റൗട്ടിലേക്കുള്ള എൻട്രി. ഫ്രണ്ട് ഭാഗത്ത് ഒരു സീറ്റിങ്ങും ഒരുക്കിയിട്ടുണ്ട്. സൈഡിൽ രണ്ട് തൂണുകളും നിർമ്മിച്ചിട്ടുണ്ട്. ഇനി പ്രധാന വാതിൽ തുറന്ന അകത്തേക്ക് കയറുന്നത് ഒരു വലിയ ഹോളിലേക്കാണ്. ഇതിന്റെ സൈഡിലായി ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. വീടിനകത്തേക്ക് കയറിയാൽ ഇത്രയും കുറഞ്ഞ ബജറ്റിൽ തീർത്ത ഒരു വീടാണോ ഇതെന്ന സംശയം നമുക്ക് തോന്നും. അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ അറ്റാച്ഡ് ബാത്റൂം ഉള്ള കിടപ്പ് മുറികളാണ് ഈ വീടിനുള്ളത്. പരമാവധി സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയിലാണ് വീടിന്റെ കിടപ്പ് മുറികൾ ഒരുക്കിയിരിക്കുന്നത്.
ഹോളിന്റെ ഭാഗമായാണ് ഡൈനിങ് ഏരിയയും ഒരുക്കിയിരിക്കുന്നത്. അടുക്കള ചെറുതായാലും വളരെയധികം മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഇതിനടുത്തായി ഒരു സ്റ്റോറേജ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. കിച്ചണിലെ ഫ്ലോറിങ്ങിൽ ഡാർക്ക് കളർ ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. അടുക്കളയിലും താഴെയും മുകളിലുമായി നിരവധി സ്റ്റോറേജ് സ്‌പേസുകളും ഒരുക്കിയിട്ടുണ്ട്. ഹാളിൽ നിന്നും ഒരു കോമൺ ബാത്റൂമും നിർമ്മിച്ചിട്ടുണ്ട്. മൂന്ന് ബെഡ് റൂമുകളുള്ള ഈ വീടിന്റെ ജനാലകളുടെ സ്‌പേസിങ്ങും വളരെയധികം എയർ സർക്കുലേഷനോട് കൂടിയുള്ളതാണ്. ഇത്രയും കുറഞ്ഞ ചിലവിൽ ഒരുക്കിയ വീട് വെറും നാല് മാസങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചിരിക്കുന്നതിനാൽ വീടിനകത്ത് ചൂട് കുറയാനും കൂളിംഗ് കിട്ടാനും ഇത് സഹായകമാകും.