വെള്ളം പൊങ്ങിയാൽ കൂടെ പൊങ്ങും പ്രളയകാലത്ത് ആശ്വാസമായി ഒരു വീട്
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓരോ മഴക്കാലവും മലയാളികൾക്ക് പേടി സ്വപ്നമാണ്. പ്രളയവും വെള്ളപ്പൊക്കവും നേരിട്ട മലയാളികൾക്ക് ചുറ്റും വെള്ളം ഉയര്ന്നാലും പ്രളയ ജലത്തെ ഭയക്കാതെ ഉറങ്ങാനാകും എന്ന പ്രത്യേകതകളോടെ നിർമ്മിച്ച ഒരു വീടാണ് സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധനേടുന്നത്. പ്രളയത്തിൽ അകപ്പെടാതെ മനുഷ്യൻ സുരക്ഷിതരായിരിക്കുക എന്നതിനൊപ്പം പ്രകൃതിക്ക് ഒരു രീതിയിലുള്ള ദോഷവും വരുത്താതെയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.
ചങ്ങനാശ്ശേരിയിലുള്ള വാഴപ്പള്ളിയിൽ ഉള്ള ഈ വീട് കണ്ടാൽ പ്രത്യേകിച്ച് ഒന്നും തോന്നില്ല. ഒരു സാധാരണ ഒരു നില വീട്. എന്നാൽ വീടിന് ഒരു വലിയ പ്രത്യേകതയുണ്ട് വെള്ളപൊക്കം വന്നാൽ വീടും കൂടെ പൊങ്ങും. അഞ്ച് വർഷത്തെ കഠിനപ്രയത്നത്തിന്റെ ഫലമായാണ് ഈ വീട് ഒരുങ്ങിയിരിക്കുന്നത്. വാസ്തു ശില്പിയും ഡിസൈനറുമായ ഗോപാലകൃഷ്ണൻ ആചാരിയാണ് ഈ അത്ഭുത വീടിന് പിന്നിൽ. വെട്ടുകല്ലോ, കട്ടയോ, മണലോ, സിമിന്റോ, മരമോ ഒന്നും തന്നെ ഉപയോഗിക്കാതെയാണ് വീടിൻറെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഇത്തരത്തിൽ നിർമ്മിച്ചിരിക്കുന്ന വീട് പത്ത് അടിവരെ മുകളിലേക്ക് ഉയർത്താം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇതിന് സഹായിക്കുന്ന എയർ ടാങ്ക് ആണ് അടിത്തറയിൽ ഒരുക്കിയിരിക്കുന്നത്
ആറ് ടൺ ഭാരമാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്ന വീടിന്റേത്. ഇനിയും ഒരു എട്ട് ടൺ ഭാരം കൂടി ഈ വീടിന് താങ്ങാനാകുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഈ വീടുകൾക്ക് നിലവിലുള്ള മറ്റ് വീടുകളെ അപേക്ഷിച്ചു 40 ശതമാനം വരെ ചിലവ് കുറവാണ്.
വെട്ടുകല്ലോ, കട്ടയോ, മണലോ, സിമിന്റോ, മരമോ ഒന്നും തന്നെ ഉപയോഗിക്കാതെ എങ്ങനെ ഒരു വീട് പണിയാം എന്നതായിരുന്നു ഗോപാലകൃഷ്ണൻ ആചാരിയുടെ ആദ്യത്തെ ചിന്ത. അങ്ങനെ ഒരു വീട് നിർമ്മിച്ചു, ഇതിനിടെയാണ് കേരളത്തെ ഞെട്ടിച്ച പ്രളയം എത്തിയത്. വീടുകളിൽ വെള്ളം കയറുന്ന വാർത്തകൾ കണ്ടതോടെ തന്റെ ആശയത്തെ എങ്ങനെ ഇവിടെ ഉപയോഗിച്ച് മറ്റുള്ളവർക്ക് സഹായകമാകാം എന്നായി ഗോപാലകൃഷ്ണൻ ആചാരിയുടെ അടുത്ത ചിന്ത. അങ്ങനെ ഫ്ളോട്ടിങ് ഹൗസ് എന്ന ആശയം ഉണ്ടായി. ഇതിൽ നിന്നാണ് ഈ പുതിയ മനോഹരമായ വീട് ഉയർന്നുപൊങ്ങിയത്.
എയർ ടാങ്ക് എന്ന് വിശഷിപ്പിക്കുന്ന വലിയ പ്ലാസ്റ്റിക് വീപ്പകൾക്ക് മുകളിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 1300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വീട് 275 വീപ്പകൾക്ക് മുകളിലാണ് ഉള്ളത്. വെള്ളം പൊങ്ങുന്നതനുസരിച്ച് ഈ വീപ്പകളും പൊങ്ങും. വീടിന് ഇളക്കം തട്ടാതിരിക്കാനും ഒഴുകിപോകാതിരിക്കാനുമായി നാല് മൂലകളിലും നാല് പിസ്റ്റണുകൾ ഉണ്ട്. അതിനാൽ വീടിന് യാതൊരു വിധ സ്ഥാനമാറ്റവും ഉണ്ടാവില്ല. ജി ഐ ഫ്രെയിമിൽ ബൈസെൻ പാനൽ സ്ക്രൂ ചെയ്ത് ഉറപ്പിക്കുകയും അതിന്റെ മുകളിൽ പശ തേച്ച് ടൈൽസ് ഉറപ്പിച്ചുമാണ് വീടിന്റെ ഫ്ളോറിങ് ഒരുക്കിയിരിക്കുന്നത്.
ഭിത്തി തയാറാക്കിയിരിക്കുന്നത് ജി ഐ ഫ്രെയിമിൽ തന്നെ ബൈസെൻ പാനലും മൾട്ടി വുഡും ചേർത്താണ്. നാല് ഇഞ്ച് കനമേയുള്ളു ഭിത്തിയ്ക്ക്. ജനാലകളും വാതിലുകളുമെല്ലാം റെഡിമെയ്ഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ജി ഐ ഫ്രെയിമിൽ മൾട്ടി വുഡ് പാകിയാണ് മേൽക്കൂര ഒരുക്കിയിരിക്കുന്നത്. മൾട്ടി വുഡുകൊണ്ടുള്ള മേൽക്കൂരയ്ക്ക് താഴെ ഫോൾ സിലിങ് നൽകി മോടി കൂട്ടിയിട്ടുണ്ട്. ജനാലകളുടെ ഫ്രെയിമും ജി ഐ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ചുമരിൽ സാധാരണ പോലെ പെയിന്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഭിത്തിയിൽ പിടിപ്പിച്ച രീതിയിലാണ് പൈപ്പുകളും ഒരുക്കിയിരിക്കുന്നത്.