പുതിയ രീതിയിൽ നവീകരിച്ച് സുന്ദരമാക്കിയ 100 വർഷങ്ങൾ പഴക്കമുള്ള വീട്
പഴമയുടെ നന്മ വിളിച്ചോതുന്ന ഒരു വീട്.. അതും നൂറ് വർഷങ്ങൾ പഴക്കമുള്ള ഒരു വീട്. പതിനാല് ലക്ഷം രൂപ മുതൽ മുടക്കിൽ പുതുക്കി പണിത ഈ സുന്ദര ഭവനം എറണാകുളം ചേരാനല്ലൂരുള്ള താമരശ്ശേരി വീടാണ്. അബ്ദുൽ ഹക്കീമിന്റെയും ജീനയുടേയും ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ഡിസൈനർ പി എം സാലിമാണ്. പുതിയ കാലഘട്ടത്തിനനുസരിച്ച് പഴയ വീടുകളെ ഒന്ന് മോടി പിടിപ്പിച്ച് എടുത്താൽ പഴയ വീടുകളെക്കാൾ മികച്ച വീടുകൾ ഉണ്ടാവില്ല. കേരളീയ ശൈലി പൂർണമായും നിലനിർത്തിക്കൊണ്ടാണ് ഈ വീട് പുനർ നിർമ്മിച്ചിരിക്കുന്നത്.
കേരള ട്രഡീഷ്ണൽ രീതിയിലാണ് ഈ വീട് രൂപകല്പന ചെയ്തിരിക്കുന്നത്. ചെരിഞ്ഞ മേൽക്കൂരയും തടികൊണ്ടുള്ള തൂണുകളും ചുറ്റ് വരാന്തയുമൊക്കെ പഴയ കാല വീടിന്റെ ഓർമ്മകൾ ഉണർത്തുന്നുണ്ട്. പുറമെ ചെങ്കല്ല് കൊണ്ടുള്ള ഭിത്തികൊണ്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പഴയ വീടിന്റെ നശിച്ച ഭിത്തി മാറ്റി അവിടെ പുതിയ ചെങ്കല്ല് ഉപയോഗിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്. നാല് തൂണുകൾക്കിടയിൽ കേരളീയ തനിമ നിലനിർത്തിയാണ് കയറിവരുന്ന പടികളും വീടിന്റെ മുൻഭാഗവും ഒരുക്കിയിരിക്കുന്നത്. വീടിന്റെ മുൻഭാഗത്ത് ഒരുക്കിയിരിക്കുന്ന തൂണുകൾ തെങ്ങിന്റെ തടി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
വലിയ വരാന്തയിലെ തടികൊണ്ടുള്ള കഴുക്കോലുകളിൽ നശിച്ചവ മാറ്റി സ്റ്റീലിൽ നിർമ്മിക്കുകയും ബാക്കി ഉള്ളവ ഇത്തരത്തിൽ തന്നെ നിലനിർത്തുകയുമാണ് ചെയ്തിരിക്കുന്നത്. സിറ്റൗട്ടിൽ പഴയ മോഡലിലുള്ള മുളകൊണ്ടുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. വരാന്തയുടെ അടുത്തതായി ഒരു ഊഞ്ഞാലും ഒരുക്കിയിട്ടുണ്ട്.
മെയിൻ ഡോർ തുറന്ന് ലിവിങ് ഏരിയയിലേക്ക് കയറുമ്പോൾ പഴയ ഒരു തറവാട് വീട്ടിൽ കയറിയതുപോലുള്ള അനുഭവമാണ്. എന്നാൽ എല്ലാവിധ മോഡേൺ സജ്ജീകരണങ്ങളും ഈ വീടിനകത്ത് ഉണ്ട്. മച്ചുകളും മറ്റും പഴയപോലെ തന്നെ നിലനിർത്താനും ശ്രമിച്ചിട്ടുണ്ട്. ഉൾഭാഗത്തെ നശിച്ച തടികൾ മാറ്റി പുതിയ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ച് പണികഴിപ്പിച്ചിട്ടുണ്ട്. വീടിന്റെ ജനാലകളും മറ്റും പഴയ ജനാലകളെ പോളിഷ് ചെയ്ത് മനോഹരമാക്കിയാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ തടിപ്പണികൾ ഉപയോഗിച്ചുള്ള പണികൾ അവസാനിച്ചശേഷം ബാക്കിവന്ന തടികളും പഴയ കഴുക്കോലുകളും ഉപയോഗിച്ച് വീടിന്റെ അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
പഴയ തടികൾ ഉപയോഗിച്ചാണ് വീടിന്റെ ഫർണിച്ചറുകൾ ഒരുക്കിയിരിക്കുന്നത്. വളരെ ചെറിയ മുറികൾ ആയിരുന്നു പഴയ വീടിന്റേത്. എന്നാൽ അതിന്റെ ഭിത്തികൾ തട്ടിമാറ്റി പുതിയ വലിയ മുറികൾ ഉണ്ടാക്കി. പഴയ വീടിന് കൂടുതൽ ഭാഗങ്ങളിലും മച്ചുകൾ ഉണ്ടായിരുന്നു. എന്നാൽ അതിൽ ഇടിഞ്ഞുപോയവ മാറ്റി കോൺക്രീറ്റ് ഉപയോഗിച്ച് മാറ്റി പണിതിട്ടുണ്ട്. ലിവിങ് ഏരിയയോട് ചേർന്നാണ് ഡൈനിങ് ഏരിയ. അതിനോട് ചേർന്ന് മനോഹരമായ ഒരു ആധുനീക അടുക്കളയാണ് പണിതിരിക്കുന്നത്. ഈ ഭാഗം പൂർണമായും നശിച്ച രീതിയിലായിരുന്നു ഇവിടം മാത്രമാണ് പുതിയതായി പണിതിരിക്കുന്നത്.
പുതിയ രീതിയിൽ ആധുനീകവത്കരിച്ച ശേഷം ഈ വീട് ഇപ്പോൾ ഹോം സ്റ്റേ ആയാണ് ഉപയോഗിക്കുന്നത്. ഈ വീട് അന്വേഷിച്ച് വിദേശികൾ ഉൾപ്പെടെ നിരവധിപ്പേരാണ് ഇപ്പോൾ ഇവിടേക്ക് താമസിക്കാനായി എത്തുന്നത്. പഴയ വീടുകൾ പൊളിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃക കൂടിയാണ് ഈ സുന്ദര ഭവനം. കേരളത്തനിമ നിലനിർത്തുന്ന ഇത്തരം വീടുകൾ ഉള്ളവർക്ക് തീർച്ചയായും ഒരു വരുമാന മാർഗം കൂടിയാണ് ഇത്തരത്തിൽ ഒരുക്കുന്ന ഹോം സ്റ്റേകൾ. അതിന് പുറമെ കേരളത്തനിമയും പഴമയും കാണാൻ ആഗ്രഹിക്കുന്നവർക്കും ആശ്വാസമാണ് ഇത്തരത്തിലുള്ള വീടുകൾ.