പച്ചപ്പിൽ പുതച്ച് ഒരു മേഡേൺ ഭവനം

ഒരു വീട് എല്ലാ അർത്ഥത്തിലും പൂർണ്ണമാവണമെങ്കിൽ അതിൽ എന്തൊക്കെ ഘകടങ്ങളുണ്ടാവണം…  ഫങ്ഷണൽ സ്‌പേസും അത്യാവശ്യ ഇന്റീരിയർ സൗകര്യങ്ങളും ഉണ്ടെങ്കിൽ ഒരു വീട് പൂർണമാണോ..ഒരു വീട് പണിയുമ്പോൾ മാറിവരുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ താമസിക്കാൻ കഴിയുമോ എന്ന് കൂടിയുള്ള കരുതലോടെയാണ് പലരും ഇന്ന് വീട് പണിയുന്നത്.  പ്രകൃതിയിൽ പച്ചപ്പ് നശിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടുതന്നെ വീടുപണിയുമ്പോൾ അല്പം പച്ചപ്പിന്റെ കരുതലും കൂടിയാകാം.

വീട് പണിയുമ്പോൾ  പരമാവധി മരങ്ങൾ മുറിച്ചുമാറ്റാതെ വീടുകൾ ഒരുക്കാം. ഇനി ഏതെങ്കിലും മരങ്ങൾ മുറിയ്ക്കേണ്ടത് അത്യാവശ്യമായി വന്നാൽ ഒന്നിന് പകരം നിരവധി മരങ്ങൾ വെച്ചുകൊണ്ടാവണം വീട് പണിയേണ്ടത്. ഒരു വീട് ഡിസൈൻ ചെയ്യുമ്പോഴും ലാൻഡ് സ്കേപ്പിങ്ങിൽ പച്ചപ്പിന് പ്രാധാന്യം നല്കണം. അത്തരത്തിൽ ഒരു പ്രകൃതി  സൗഹൃദ വീടാണ് പത്തനംതിട്ട ജില്ലയിലെ മാരാമൺ എന്ന സ്ഥലത്തുള്ള  ഷിജു മാത്യുവിന്റെയും അനിതയുടെയും വീട്. സോനു ജോയാണ് ഈ വീടിന്റെ രൂപകല്പന ഒരുക്കിയിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ തന്നെ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ബോക്സ് ടൈപ്പ് എലിവേഷനാണ് ഈ വീടിനുള്ളത്. മെയിൻ ഗേറ്റ് തുറക്കുമ്പോൾ തന്നെ  കാണുന്ന രീതിയിലാണ് കാർ പോർച്ച്. ഇതിനോട് ചേർന്ന് തന്നെയാണ് വീടിന്റെ സിറ്റൗട്ടും. ഇതിന് ചാരുത കൂട്ടാൻ നിരവധി ചെടികളും ഒരുക്കിയിട്ടുണ്ട്. ലാൻഡ് സ്കേപ്പിന്റെ ഇടയിലായി നിരവധി ഇരിപ്പിടങ്ങളും നൽകിയിട്ടുണ്ട്. അതിനാൽ ഒരു പാർക്കിൽ ഇരിക്കുന്ന അനുഭൂതിയാണ് ഇവിടെ  നിന്നും ലഭിക്കുന്നത്. സോളാർ  വൈദ്യുതി ഉപയോഗിച്ചാണ് ഈ വീട് മുഴുവൻ ഫങ്ഷൻ ചെയ്യുന്നത്.

ഒരു ബോക്സ് ടൈപ്പിനകത്ത് നിൽക്കുന്നത് പോലെയാണ് ഈ വീടിന്റെ സിറ്റൗട്ട് ഒരുക്കിയിരിക്കുന്നത്. മെയിൻ ഡോർ തുറന്ന് അകത്തേക്ക് കയറിയാൽ തന്നെ ഈ വീടിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും ഒരു വ്യക്തമായ വ്യൂ ലഭിക്കുന്നുണ്ട്.  ഇവിടെ നിന്നും വലത് ഭാഗത്തായാണ്‌ ലിവിങ് ഏരിയ. വളരെ സിംപിൾ  ആയ ഇരിപ്പിടങ്ങളാണ് ഇവിടുത്തേത്. വുഡൻ ടെക്സ്റ്ററിലുള്ള ടൈൽസാണ് ഇവിടെ ഫ്ലോറിൽ ഒരുക്കിയിരിക്കുന്നത്. ഇതിന് കോംപ്ലിമെന്റായാണ് ഇവിടുത്തെ സീലിങ്ങും ഒരുക്കിയിരിക്കുന്നത്. വെളിച്ചത്തിന് പ്രാധാന്യം ലഭിക്കുന്ന രീതിയിലാണ് ഈ ഭാഗം ക്രമീകരിച്ചിരിക്കുന്നത്. ഇവിടെയും മനോഹരമായ ഒരു വാട്ടർ ബോഡി ഒരുക്കിയിട്ടുണ്ട്. ഭിത്തിയിൽ നിരവധി പെയിന്റിങ്ങുകളും ഒരുക്കിയിട്ടുണ്ട്.

ഫോർമൽ ലിവിങ് ഏരിയയിൽ നിന്നും ഒരു പാസേജ് വഴി ഒരു കിടപ്പ്  മുറിയിലേക്കാണ് എത്തുന്നത്. ഫോർമൽ ലിവിങ് ഏരിയയിൽ നിന്നും ഫാമിലി ലിവിങ് ഏരിയയിലേക്കും  ഒരു പാസേജ് ഉണ്ട്. ഇവിടെ നിന്നും ഡൈനിങ് ഏരിയയിലേക്കും കിച്ചണിലേക്കും കടക്കാം. ഓപ്പൺ കോൺസെപ്റ്റിലാണ് ഡൈനിങ് ഏരിയ ഒരുക്കിയത്. മൾട്ടി ഫങ്ഷണൽ സ്‌പേസിങ്ങിന് പ്രാധാന്യം നൽകിയാണ് ഈ ഭാഗം ഒരുക്കിയിരിക്കുന്നത്. ഫോർമൽ ലിവിങ് ഏരിയയിൽ നിന്നും ഫാമിലി ലിവിങ് സ്‌പേസിലേക്കുള്ള സെപ്പറേഷൻ ഒരേസമയം ഇരിപ്പിടമായും സ്റ്റോറേജ് സ്‌പേസായും ഉപയോഗിക്കുന്നുണ്ട്.

ഓരോ ഭാഗത്തും ആംപിയൻസിനനുസരിച്ചുള്ള കളറിലാണ് പെയിന്റിങ്ങും ഫർണിച്ചറും ഒരുക്കിയിരിക്കുന്നത്. കിച്ചനോട് ചേർന്ന് ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും വർക്കിങ് കിച്ചണും ക്രമീകരിച്ചിട്ടുണ്ട്. വളരെ മനോഹരമായാണ് ഇവിടുത്തെ കിടപ്പ് മുറികളും ഒരുക്കിയിരിക്കുന്നത്. അത്യാവശ്യ സൗകര്യങ്ങൾ ആയ സ്റ്റഡി ഏരിയ, ഡ്രസ്സിങ് ഏരിയ,  ബാത്റൂം, വാർഡ്രോബ് തുടങ്ങിയവയും ഈ കിടപ്പ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ബെഡ്‌ഡിന്റെ ബാക്ക്  സൈഡിൽ എൽ ഇ ഡി  പ്രൊഫൈൽ ലൈറ്റും എലഗന്റ് ആയുള്ള ഫോൾ സീലിങ്ങും ഉണ്ട്. ഇത് ഈ മുറികളെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *