വെട്ടുകല്ലിന്റെ ചാരുതയിൽ ഒരു സുന്ദര വീട്
വീട് പണിയുമ്പോൾ പലപ്പോഴും അതിന്റെ നിർമ്മാണ വസ്തുക്കളുടെ ചാരുതയിൽ തന്നെ അവയെ നിലാനിർത്താൻ ചിലരെങ്കിലും ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ വെട്ടുകല്ലിൽ തീർത്ത ഒരു സുന്ദര ഭവനമാണ് കണ്ണൂർ ചൊക്ലിയിലെ സതീശന്റെ വീട്. 1800 സ്‌ക്വയർ ഫീറ്റിലുള്ള ഈ വീട് ഒരുക്കിയിരിക്കുന്നത് ആർക്കിടെക്റ്റ് ബിജു ബാലാണ്. വെട്ടുകല്ലിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത് എന്നത് തന്നെയാണ് ഈ വീടിന്റെ പ്രത്യേകതയും. പുറത്ത് എത്ര ചൂടായാലും വീടിനകത്തേക്ക് കയറിയാൽ ആകെയൊരു കുളിർമ്മയാണ്. ഫാനോ എയർകണ്ടീഷനറോ ഇല്ലാതെ തന്നെ ഈ വീടിനകത്ത് സുഖമായി ജീവിക്കാം. വീടിന്റെ തേയ്ക്കാത്ത ഭിത്തി തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റും. തേക്കാത്ത ചുവരുകൾ ഇരിക്കുന്തോറും കല്ലിന്റെ കാഠിന്യം വർധിപ്പിക്കും. ഒപ്പം ഇരിപ്പ് ഉറക്കുകയും ചെയ്യും. വെട്ടുകല്ലിൽ നിന്നും വീടിനകത്ത് പൊടിയും ചിതലും ഉണ്ടാകാത്ത രീതിയിൽ വീടിന്റെ ഉൾ ഭാഗത്തെ ഭിത്തിയിൽ ഒരു ക്ലോട്ടിങ്ങും നൽകിയിട്ടുണ്ട്.
റോഡിൽ നിന്നും കുറച്ച് ഉയരത്തിലാണ് ഈ വീടിരിക്കുന്ന പ്ലോട്ട് ഉള്ളത്. സ്ഥലത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താതെ തന്നെയാണ് ഈ വീടും ഒരുക്കിയിരിക്കുന്നത്. അതിനാൽ വീടിനകത്ത് ഓരോ ഭാഗങ്ങളിലും ഉയർച്ച താഴ്ചകളും ഉണ്ട്. പക്ഷെ ഇവയെ വളരെ മനോഹരമായാണ് ആർക്കിടെക്റ്റർ ഒരുക്കിയിരിക്കുന്നത്. ലീവിങ് ഏരിയയുടെ ഫ്ലോർ അൽപ്പം താഴ്ന്നാണ് ഇരിക്കുന്നത്. ഇതിന്റെ മനോഹാരിത വർധിപ്പിക്കാൻ നിലത്ത് കടപ്പയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗത്തായി ഇരുമ്പഴികളിൽ തീർത്ത വലിയ ജനാലയും കാണാം. ഒരു ഭാഗത്ത് ഒരുക്കിയിരിക്കുന്ന കോർട്ടിയാട് വീടിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. കോർട്ടിയാടിന് ചുറ്റും ഗ്ലാസും മെറ്റലും കൊണ്ട് ഗ്രിൽ നൽകി. ഇത് സുരക്ഷ ഉറപ്പാകുന്നതിന് വേണ്ടിയാണ്.
പ്ലോട്ടിന്റെ പ്രത്യേകത വീടിനകത്ത് സൃഷ്‌ടിക്കുന്ന ഉയർച്ച താഴ്ചകൾ വീടിനെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്. വീടിനകത്ത് ഒരുക്കിയിരിക്കുന്ന ഇന്റീരിയറും ഫർണിച്ചർ അറേഞ്ച്മെന്റ്‌സും വീടിനെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്. വീടിന്റെ ഭിത്തിയ്ക്ക് ഉപയോഗിച്ചിരിക്കുന്ന വെട്ടുകല്ലിന് ചേരുന്ന രീതിയിലാണ് ഫർണിച്ചറുകളും ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ വെട്ടുകല്ലിന്റെ സ്വാഭാവികത അതേപടി നിലനിർത്തിയതിനാൽ സിമെന്റും മറ്റ് രാസവസ്തുക്കളും ഉപയോഗിക്കുന്നത് പരമാവധി കുറഞ്ഞു. ഇത് ചിലവ് ചുരുക്കുന്നതിന് പുറമെ വീടിനകത്ത് ചൂട് കുറയാനും സഹായകമായി.
കിച്ചണിലും സ്റ്റെയർ കേസിലും ഫ്ലോറിന് കോട്ട പോളിഷ് നൽകിയപ്പോൾ മറ്റിടങ്ങളിൽ കോട്ട ലെതറും നൽകി. ജി ഐ പൈപ്പിലൂടെയാണ് വയറിങ് നൽകിയിരിക്കുന്നത്. കോണ്ക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ച് കൂടുതലും പുനരുപയോഗിക്കാൻ പറ്റുന്ന വസ്തുക്കളാണ് ഈ വീടിനായി ഉപയോഗിച്ചിരിക്കുന്നത്. ലിവിങ് ഡൈനിങ് ഭാഗങ്ങളിലെ സീലിങ് ഏറെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. കോൺക്രീറ്റ് സീലിംഗ് തേയ്ക്കാതെ അതുപോലെ നിലനിർത്തി. മൂന്ന് തരം മേൽക്കൂരകളാണ് ഈ വീടിന് പരീക്ഷിച്ചിരിക്കുന്നത്. സിറ്റൗട്ട്, കിച്ചൺ, വർക്കേരിയ, ഡൈനിങ് ഏരിയ ഭാഗങ്ങളിൽ കോൺക്രീറ്റ് മേൽക്കൂര ഒരുക്കി. കിടപ്പ് മുറികൾ അടങ്ങുന്ന മറ്റ് ഭാഗങ്ങളിൽ സ്റ്റീലും സിമെന്റ് ബോർഡും മേൽക്കൂരയ്ക്കായി ഉപയോഗിച്ചു. സ്റ്റീലും ജിഐ ഷീറ്റും കൊണ്ടാണ് വീടിന്റെ മുകളിലത്തെ നിലയുടെ മേൽക്കൂര ഒരുക്കിയത്. ഇതിന് താഴെ സ്റ്റീലിൽ സീലിംഗ് നൽകി.
വീടിന് പുറത്ത് ധാരാളം ചെടികൾ കൂടി നട്ടതോടെ ഇത് വീണ്ടും വീടിനകത്ത് തണുപ്പ് നിലനിർത്താൻ സഹായകമായി. വീടിന്റെ സൈഡിലായി നിരവധി മരങ്ങളും വള്ളിച്ചെടികളും നട്ടുവളർത്തുന്നുണ്ട് ഇവ വീടിന്റെ മേൽഭാഗത്ത് എത്തിയാൽ വീടിനകത്ത് ഇനിയും കൂടുതൽ തണുപ്പ് ലഭിക്കും.