കേരളീയ ഭംഗിയിൽ കേരങ്ങൾക്കിടയിൽ ഉയർന്നുപൊങ്ങിയ ഭവനം

ചെറുതെങ്കിലും സ്വന്തമായി ഒരു വീട് വേണം ഇതു തന്നെയാകാം മിക്കവരുടെയും ആഗ്രഹങ്ങളും. എന്നാൽ വീട് പണിയുമ്പോൾ അതിൽ അല്പം കേരളീയ തനിമ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരും ധാരാളമാണ്. അത്തരത്തിൽ കേരള പാരമ്പര്യവും ശൈലിയും നിറഞ്ഞ ഒരു നാലു കെട്ട് വീടാണ് കാസർകോഡ് പൊയ്‌നാച്ചിയിൽ ഉള്ളത്. 1800 സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയ ഈ വീട് ഒറ്റ നോട്ടത്തിൽ തന്നെ ഏവരെയും ആകർഷിക്കും വിധത്തിലാണ് ഉള്ളത്. ഉടമസ്ഥൻ ബാലന്റെ ആഗ്രഹത്തിനനുസരിച്ച് ഡിസൈനർ ദിലീപ് മണിയേരി, രാജു ടി എന്നിവർ ചേർന്നാണ് ഈ വീടൊരുക്കിയത്.

റോഡിൽ നിന്നും പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച പടിപ്പുര കടന്ന് വേണം വീടിനകത്തേക്ക് പ്രവേശിക്കാൻ. വലിയൊരു മുറ്റവും ഇവിടെ ഉണ്ട്. മുറ്റത്ത് ചിപ്സ് നിരത്തിയിരിക്കുകയാണ്. ഇവിടെ നിർമ്മിച്ചിരിക്കുന്ന വീടിന്റെ പടിപ്പുരയും, മതിലും, കിണറിന്റെ ഭിത്തിയുമെല്ലാം പ്രാദേശികമായി ലഭിച്ച വെട്ടുകല്ല് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. നാല് തട്ടുകളായാണ് വീടിന്റെ മേൽക്കൂര ഒരുക്കിയത്, നാല് ഭാഗങ്ങളിൽ നിന്ന് നോക്കുമ്പോഴും വ്യത്യസ്തമായ കാഴ്ചകൾ ലഭിക്കുന്ന രീതിയിലാണ് വീടിന്റെ നിർമ്മിതി.  ഏറ്റവും മുകൾ ഭാഗം ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ഇത് ഇവിടേക്ക് ആവശ്യത്തിന് വെളിച്ചവും കാറ്റും എത്താൻ സഹായിക്കും. ഗുണ നിലവാരമുള്ള മംഗലാപുരം മേച്ചിൽ ഓടുകൾ മേൽക്കൂരയിൽ പിടിപ്പിച്ചത് വീടിന്റെ പുറം ഭംഗിയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്.

സിറ്റൗട്ട്, ലീവിയ ഏരിയ, ഡൈനിങ് ഏരിയ, പൂജാ മുറി, അടുക്കള, മൂന്ന് കിടപ്പ് മുറികൾ, വർക്ക് ഏരിയ എന്നിവയാണ്  1800 സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയ ഈ വീടിനുള്ളത്.  സോപാനം ശൈലിയിലാണ് വീടിന്റെ സിറ്റൗട്ട് ഉള്ളത്. തടി കൊണ്ടുള്ള മനോഹരമായ കൈവരികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് കയറുന്ന വലിയ ഹാളിന്റെ ഭാഗമായാണ് ലിവിങ് ആൻഡ് ഡൈനിങ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗത്തായി പൂജാ മുറിയും ഒരുക്കിയിട്ടുണ്ട്. ഈ ഭാഗത്തെ മേൽക്കൂര ഡബിൾ ഹൈറ്റിലാണ് ഉള്ളത്. വീടിനുള്ളിൽ കൂടുതൽ സ്ഥല സൗകര്യങ്ങൾ തോന്നാൻ ഇത് സഹായകമായി. ഫോൾ സീലിങ്ങും ഇവിടെ തയാറാക്കിയിട്ടുണ്ട്. ഇത് വീടിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്.

തടി കൊണ്ടുള്ള ജനാലകളും വാതിലുകളുമാണ് കൂടുതലും ഇവിടെ  ഉപയോഗിച്ചിരിക്കുന്നത്. ഫർണിച്ചറുകൾ കൂടുതലും പുറത്ത് നിന്നും വാങ്ങിയതാണ്. വളരെ മനോഹരമായി അലങ്കരിച്ച ലിവിങ് ഏരിയയിൽ നിന്നും എത്തുന്നത് ഒരേസമയം ആറു പേർക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഡൈനിങ് ഏരിയയിലേക്കാണ്.  ഡൈനിങ് ഏരിയയോട് ചേർന്നാണ് സുന്ദരമായ അടുക്കള ഒരുക്കിയത്. മലേഷ്യൻ വുഡ് ഉപയോഗിച്ചാണ് അടുക്കളയിലെ കബോർഡുകൾ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ആവശ്യത്തിന് സ്റ്റോറേജ് ഉള്ളതിനാൽ അടുക്കള വളരെയധികം ഭംഗിയിലാണ് ഉള്ളത്. ഇവിടെ നിന്നും പുറത്തേക്ക് വരുന്ന ഭാഗത്ത് വലിയ ഒരു വർക്ക് ഏരിയയും ഉണ്ട്, ഇവിടെ ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ഭിത്തി ഒരുക്കിയത്.

സാമാന്യം സ്‌പേഷ്യസാണ് ഇവിടുത്തെ മൂന്ന് കിടപ്പ് മുറികളും. കട്ടിലിന് പുറമെ വാർഡ്രോബും മേശയും കിടപ്പ് മുറികളിൽ ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂമും ഉണ്ട്. വീടിനകത്ത് പൊതുവെ വളരെ തണുത്ത കാലാവസ്ഥയാണ്, വെട്ടുകല്ലു കൊണ്ടുള്ള ഭിത്തിയായതിനാൽ ഇത് ചൂട് കുറയാൻ സഹായകമായി. ക്രോസ് വെന്റിലേഷൻ ക്രമീകരിച്ചതും അകത്തളങ്ങളിൽ കാറ്റും വെളിച്ചവും എത്തുന്നതിന് സഹായകമായി. വീടിന് ചുറ്റും കേരളീയത്വം വിളിച്ചോതുന്ന കേരങ്ങളും നിറഞ്ഞ് നിൽപ്പുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *