സംഗതി കൂളാണ്, കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയിൽ പണിതെടുത്ത വീട്
കാലാവസ്ഥയ്ക്ക് അനുസരിച്ച് താമസിക്കാൻ കഴിയുന്ന ഒരു സുന്ദര വീടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വളരെ കുറഞ്ഞ ചിലവിൽ പണിതുയർത്തിയ ഈ വീട് വേനൽക്കാലത്തും സുഖമായി താമസിക്കാൻ കഴിയുന്ന വിധത്തിലാണ്. വീട് പണിയുമ്പോൾ ഭിത്തി കെട്ടിപ്പൊക്കാനായി നാം വിവിധ തരം കട്ടകൾ ഉപയോഗിക്കുന്നുണ്ട്. അതിൽ ഇന്ന് ഏറെ സുപരിചിതമായ ഒന്നാണ് പോറോതേം ബ്രിക്സുകൾ. വേനൽക്കാലത്ത് ഇത് ഉപയോഗിച്ച് പണികഴിപ്പിച്ച വീടുകളിൽ താമസിക്കുന്നതാണ് ഏറ്റവും അനുയോജ്യം.
പോറോതേം ബ്രിക്സ് നൂതനമായ ആശയം ഉപയോഗിച്ചാണ് ഉണ്ടാക്കിയെടുക്കുന്നത്. ഇത് ഗ്യാസ് ഉപയോഗിച്ചാണ് ചുട്ട് എടുക്കുന്നത്. കൃത്യമായ ടെംപറേച്ചർ സംവിധാനത്തിലൂടെ ബ്രിക്സ് കൂടുതലായി വെന്ത് പോകാതെയാണ് ഇവ ചുട്ട് എടുക്കുന്നത്. ഈ ബ്രിക്സുകൾ ഹൊറിസോണ്ടൽ ബ്രിക്സ്, വെർട്ടിക്കൽ ബ്രിക്സ്, പശ ചേർത്ത് വെയ്ക്കുന്ന ബ്രിക്സ് തുടങ്ങിയവയാണ്. അതിന് പുറമെ ചൂട് കുറയ്ക്കുന്നതിനായി ബ്രിക്സിൽ റോക്ക് വോൾ എന്ന പദാർത്ഥം നിറച്ച് വരുന്ന ബ്രിക്സുകളും അടക്കം ഇത്തരത്തിൽ നിരവധി വ്യത്യസ്തമായ ബ്രിക്സുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിന്റെ വിലയിലും വലുപ്പത്തിലും വ്യത്യാസമുണ്ട്.
അത്തരത്തിൽ പോറോതേം ബ്രിക്സ് ഉപയോഗിച്ച പണിത വീടിനകത്ത് ഫാനും ഏസിയും ഇല്ലാതെതന്നെ പകൽ സമയങ്ങളിൽ താമസിക്കാൻ കഴിയും. വളരെയധികം പ്രകൃതിക്ക് ഇണങ്ങിയ തരത്തിലാണ് ഈ കല്ലുകൾ ഉപയോഗിച്ച് പണിതുയർത്തുന്ന വീടുകൾ. സീലിങ്ങിലും ഈ ബ്രിക്സുകൾ ഉപയോഗിക്കാൻ കഴിയും. ചൂടിനെ നേരിടാൻ ഏറ്റവും മികച്ച മാർഗം ഇത്തരം ബ്രിക്സുകൾ ആണെന്നാണ് നിർമ്മാതാക്കളും അഭിപ്രായപ്പെടുന്നത്.
വീടിന്റെ പെയിന്റിങ്ങിലും ഇത് ലാഭകരമാണ്. ഇത്തരം ബ്രിക്സുകളിൽ പണിത് വീടുകൾക്ക് ആവശ്യമെങ്കിൽ മാത്രം പെയിന്റ് ചെയ്താൽ മതി. വൈറ്റ് സിമെന്റ് അടിക്കണമെങ്കിലും ഒരു കോട്ട് അടിച്ചാൽ മതിയാകും. ഇത് ഉപയോഗിച്ച് വീട് പണിതാൽ വീടിനകത്ത് കൂളിങ്ങായിരിക്കും. അതേസമയം ഇത്തരം ബ്രിക്സുകൾ ഉപയോഗിച്ച് കെട്ടിടം പണിയുമ്പോൾ കൃത്യമായി ഇത് അറിയാവുന്ന ആളുകളെക്കൊണ്ട് പണി ചെയ്യിപ്പിക്കണം. കാരണം മറ്റ് വസ്തുക്കൾ ഉപയോഗിച്ച് വീട് പണിയുന്നതിൽ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്. അതിനാൽ ഇതിൽ പ്രാവീണ്യം നേടിയ ആളുകളെക്കൊണ്ട് ഈ പണി ചെയ്യിപ്പിക്കേണ്ടതാണ്. എന്നാൽ ഈ ബ്രിക്സ് ഉപയോഗിച്ച് കെട്ടിടങ്ങൾ പണിയുമ്പോൾ ഇലക്ട്രിക്, പ്ലംബിങ് പണികൾ ചെയ്യുമ്പോഴും ഏറെ കരുതൽ ആവശ്യമാണ്. സൂക്ഷിച്ച് ഈ വർക്കുകൾ നടത്തിയില്ലെങ്കിൽ ഈ ബ്രിക്സ് പൊട്ടാൻ സാധ്യതയുണ്ട്.
ചൂട് കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം ചിലവ് കുറയാനും അതിനോടൊപ്പം പ്രകൃതിയെ സംരക്ഷിക്കാനും ഈ ബ്രിക്സുകൾ ഉപയോഗിച്ച് പണിയുന്ന വീടുകൾക്ക് കഴിയും. സധാരണയായി ഈ പോറോതേം ബ്രിക്സുകൾ കേരളത്തിൽ ലഭ്യമല്ല. ജർമ്മൻ കമ്പനിയിൽ ഉത്പാദിപ്പിക്കപ്പെട്ട ഈ ബ്രിക്സ് ബാംഗ്ലൂരിലാണ് കൂടുതലായി ലഭ്യമാകുന്നത്. പക്ഷെ അവിടെ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള ചിലവ് കൂടിയാലും മൊത്തം വീട് നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ ഇത്തരം വീടുകൾ പണിയുന്നത് തന്നെയാണ് ഏറെ ലാഭകരം.
അതിന് പുറമെ പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യാതെ വീടുകൾ പണിയാൻ ആഗ്രഹിക്കുന്നവർക്കും നല്ലൊരു ഉദാഹരണമാണ് ഈ വീട്. ഇങ്ങനെ പ്രകൃതിയെ വേദനിപ്പിക്കാതെ വീട് പണിയാൻ ആഗ്രഹിക്കുന്നവർ പരമാവധി കോൺക്രീറ്റ് ഉപയോഗം കുറയ്ക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ട കാര്യം. റിസോർട്ടുകളുടെയും മറ്റും നിർമ്മാണങ്ങൾക്ക് കൂടുതൽ അഭികാമ്യം ഇത്തരം വസ്തുക്കൾ കൊണ്ട് ഒരുക്കുന്ന വീടുകളാണ്. അതിനാൽ വീടൊരുക്കുമ്പോൾ ഇക്കാര്യങ്ങൾ മുഴുവൻ ശ്രദ്ധിക്കുക.