രണ്ടര സെന്റ് സ്ഥലത്ത് വെറും ആറ് ലക്ഷം രൂപയ്ക്ക് ഒരുങ്ങിയ ഭവനം
കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിനടുത്ത് മാത്തറ എന്ന സ്ഥലത്ത് പണിതെടുത്ത ഒരു വീടുണ്ട്. ആദ്യ കാഴ്ചയിൽത്തന്നെ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ആ കൊച്ചു വീട് പണിതെടുത്തത് വെറും ആറ് ലക്ഷം രൂപയ്ക്കാണ്. കുറഞ്ഞ ചിലവിൽ ഒരു മനോഹര വീട് പണിതെടുക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായതും മാതൃകയാക്കാം ഈ കൊച്ചു ഭവനത്തെ. മലപ്പുറം ജില്ലയിലെ ബിൽഡിങ് ഡിസൈനേഴ്സ് എന്ന സ്ഥാപനമാണ് ഈ സുന്ദര ഭവനം രൂപകൽപന ചെയ്തെടുത്തത്.
രണ്ടര സെന്റ് സ്ഥലത്ത് നിറഞ്ഞ പച്ചപ്പിനിടയിൽ ഒരുക്കിയ ഈ കൊച്ചു വീട് വെറും ആറു ലക്ഷം രൂപ മുതൽ മുടക്കിലാണ് നിർമ്മിച്ചെടുത്തത്. 435 സ്‌ക്വയർ ഫിറ്റാണ് ഈ വീട്. പ്രധാനമായും രണ്ട് കളറുകളാണ് ഈ വീടിന്റെ എക്സ്റ്റീരിയറിൽ ഒരുക്കിയിരിക്കുന്നത്. മേൽക്കൂരയിൽ ഭംഗിയ്ക്കായി ഒരുക്കിയ ഓടിനും ചുവരിനും ഗ്രേ കളറും ബോർഡറിൽ വൈറ്റ് കളറുമാണ് കൊടുത്തിരിക്കുന്നത്. മഴക്കാലത്ത് വീടിനകത്തേക്ക് വെള്ളം കയറാതിരിക്കാൻ ആവശ്യമായ മുൻകരുതലുകളും എടുത്തിട്ടുണ്ട്. തറ ഉയർത്തി കരിങ്കല്ല് ഉപയോഗിച്ച് ബെൽറ്റ് വാർത്താണ് ഫൗണ്ടേഷൻ ചെയ്തിരിക്കുന്നത്. ലിന്റൽ കൺസ്ട്രക്ഷനിലാണ് ഈ വീടിന് സിമന്റ് ഉപയോഗിച്ചിരിക്കുന്നത്.
വീടിന്റെ മേൽക്കൂര ഒരുക്കിയിരിക്കുന്നത് ജി ഐ പൈപ്പുകൾ വെച്ചാണ്. 48 രൂപ വില വരുന്ന ആന്റി ഫംഗസ് കോൺക്രീറ്റ് ഓടാണ് ഈ വീടിന്റെ മേൽക്കൂരയിൽ വെച്ചിരിക്കുന്നത്. ഇന്റർലോക്കിങ് കട്ടകൾ ഉപയോഗിച്ചാണ് ഈ വീട് കെട്ടിപൊക്കിയിരിക്കുന്നത്. സാധാരണ ചുടുകട്ടകളെ അപേക്ഷിച്ച് കോസ്റ്റ് ഇഫക്ടീവാണ് ഇന്റർലോക്കിങ് കട്ടകൾ. ചുടുകട്ടകളെ അപേക്ഷിച്ച് ഇവയ്ക്ക് വലിപ്പം കൂടുതലാണ്. അതിനാൽ തന്നെ സിമെന്റും മണലും ഒഴിവാക്കാം എന്നതും ഇത്തരം കട്ടകളുടെ പ്രത്യേകതയാണ്. അതിന് പുറമെ മറ്റ് കട്ടകളേക്കാൾ വീടിനകത്ത് കൂളിംഗും കൊണ്ടെത്തിക്കാൻ കഴിയും ഇത്തരം കട്ടകൾക്ക്.
സിറ്റൗട്ടിൽ റ്റു ബൈ റ്റു വിന്റെ വിട്രിഫൈഡ് ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. ഭിത്തിയ്ക്ക് ചേരുന്ന രീതിയിലുള്ള ലൈറ്റ് ഗ്രേ കളർ ടൈൽസാണ് ഫ്ലോറിൽ ഒട്ടിച്ചിരിക്കുന്നത്. മുറ്റത്ത് നിന്നും സിറ്റൗട്ടിലേക്ക് കയറി വരുന്ന പടികളിൽ കുറച്ച് കൂടി ഡാർക്ക് കളർ ഗ്രിപ്പുള്ള ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്റൗട്ടിലെ ഇരിപ്പിടങ്ങൾ ഗ്രാനൈറ്റ് വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. ചിലവ് കുറഞ്ഞ രീതിയിൽ സ്റ്റീൽ ഉപയോഗിച്ചാണ് ജനാലകളുടെയും വാതിലുകളുടെയും കട്ടിളകൾ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന വാതിലും മുൻഭാഗത്തെ ജനലും മരത്തിലാണ് നിർമ്മിച്ചത്. ബാക്കി വരുന്ന ഭാഗങ്ങളിലെ ജനാലകളും വാതിലും അലുമിനിയം ഉപയോഗിച്ചാണ് നിർമ്മിച്ചത്. വീടിന്റെ ഭിത്തിയിൽ ഒരുക്കിയ സ്റ്റോൺ വർക്കും ഏറെ സുന്ദരമാണ്.
പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ ലിവിങ് ഏരിയ സുന്ദരമായി ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ ഇതൊരു ക്ലിനിക്കായി ഉപയോഗിക്കുന്നതിനാൽ അതിന് ആവശ്യമായ രീതിയിലാണ് സിറ്റിംഗ് ഒരുക്കിയിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ ഭാഗത്തായി സോഫകളും ഇട്ട് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. വീടിനകത്തേക്ക് ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിൽ വലിയ ജനാലകളും ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ ഒരുക്കിയ ഫോൾ സീലിങ്ങും ഏറെ ആകർഷകമാണ്. ജിപ്സം ഫോൾ സീലിംഗ് നൽകി എൽ ഇ ഡി ലൈറ്റാണ് ഇവിടെ ഒരുക്കിയത്. ഒറ്റനോട്ടത്തിൽ ഓട് മേഞ്ഞതാണെന്ന് തോന്നാത്ത വിധത്തിലാണ് വീടൊരുക്കിയത്.
സ്‌ക്വയർ ഫീറ്റിന് 30 രൂപ വില വരുന്ന ജിപ്സം പ്ലാസ്റ്ററിങ്ങാണ് വീടിനകത്ത് ഒരുക്കിയിരിക്കുന്നത്. സിമെന്റ് പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ച് ഇതിന് ചിലവ് വളരെ കുറവാണ്. അതിന് പുറമെ വീടിനകത്ത് കൂളിംഗ് നിലനിർത്താനും ഇത് സഹായകമാകും.