പഴമയുടെ പ്രൗഢിയും മോഡേൺ സജ്ജീകരണങ്ങളുമായി 70 വർഷം പഴക്കമുള്ള വീട്

പുതിയ വീടുകൾ പണിതുയർത്തുന്നതിന് പകരം പഴയ വീടുകൾ മോടി പിടിപ്പിച്ച് സുന്ദരമാക്കാറുണ്ട് പലരും. പലപ്പോഴും പൊളിച്ചു മാറ്റലുകൾ എളുപ്പത്തിൽ നടക്കുമ്പോൾ സൃഷ്ടി വളരെ ബുദ്ധിമുട്ടേറിയതും ചിലവേറിയതുമാണ്. അതുകൊണ്ട് തന്നെ കൃത്യമായ പ്ലാനുണ്ടെങ്കിൽ പഴയ വീടുകളെ വളരെ മനോഹരമായ മോഡേൺ ഭവങ്ങളാക്കി മാറ്റാൻ സാധിക്കും. ഇത് ചിലവ് ചുരുക്കുന്നതിന് പുറമെ പ്രകൃതിയ്ക്കും കൂടുതൽ അഭികാമ്യം ആണ്.

എന്നാൽ പഴയ വീടുകളെ നവീകരിച്ച് പുതിയ വീടുകൾ ആക്കി മാറ്റുക എന്നത് ഒരു ഡിസൈനറെയോ ആർക്കിടെക്റ്റിനെയോ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കോഴിക്കോട് കാരപ്പറമ്പിൽ ഉള്ള എഴുപത് വർഷം പഴക്കമുള്ള ഒരു വീടിനെ വളരെ സുന്ദരമാക്കി മാറ്റിയിരിക്കുകയാണ് ജയൻ ബിലാത്തികുളം എന്ന ഡിസൈനർ. സോമ സുന്ദരന്റെയും ശ്രീലതയുടെയും രാമനാഥ പുരം എന്ന വീടിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

പഴമയുടെ നന്മയും പുതുമയുടെ സൗന്ദര്യവുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഒരു തറവാട് വീട്. വലിയ ഒരു മുറ്റത്തിന് നടുവിലായി ഉയർന്ന് നിൽക്കുന്ന ഒരു ഇരുനില വീടാണിത്. വീടിന്റെ മുറ്റത്ത് പച്ചപ്പ് നിലനിർത്താൻ ബഫല്ലോ ഗ്രാസും നട്ടിട്ടുണ്ട്. ഓട് മേഞ്ഞ മേൽക്കൂരയും, തൂളിമാനവുമെല്ലാം പഴയ തറവാട് വീടിന്റെ ഓർമ്മയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നുണ്ട്. നടുഭാഗത്തായി ഉള്ള നെടു നീളൻ വരാന്തയാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. നീളൻ വരാന്തയിൽ അരകെട്ടുകൾ ഒരുക്കി ഇവിടെ മനോഹരമായ ഇരിപ്പിടങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. പഴയ വീടിന്റെ ഇടനാഴികയും മറ്റ് ചില ഭാഗങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താതെ പഴമയുടെ ഇലമെൻറ്സ് നില നിർത്തിക്കൊണ്ടാണ് ഈ വീടൊരുക്കിയത്. പ്രധാന വാതിൽ തുറന്ന് കയറുന്നത് ഒരു ഫോയർ സ്‌പേസിലേക്കാണ്. അവിടെ നിന്നും മനോഹരമായ ഒരു വലിയ ഹോൾ. ഇരിപ്പിടങ്ങൾ സജ്ജമാക്കിയ ലിവിങ് ഏരിയയിലേക്കാണ് വിഡി നിന്നും നാം എത്തുന്നത്. വീടിന് പ്രൗഢി നൽകുന്നതിനായി ആന്റിക് സ്റ്റൈലിലുള്ള ഫർണിച്ചറുകളും ഒരുക്കിയിട്ടുണ്ട്.

40 സെന്റ് സ്ഥലത്താണ് ഈ വീട് നിൽക്കുന്നത്. നവീകരണത്തിന് ശേഷം 3200 സ്‌ക്വയർ ഫീറ്റിലാണ് ഈ വീടുള്ളത്.  പഴയ തറയിൽ നിന്നും അധികമായി 70 സ്‌ക്വയർ ഫിറ്റാണ് പുതുക്കി പണിത വീടിന് നിർമ്മിച്ചത്. വീടിനകത്തേക്ക് കയറിയാൽ ഏറെ ആകർഷകമായ ഭാഗം ഇതിന്റെ അകത്തുള്ള കോർട്ടിയാടാണ്. ഈ വീടിന് പ്രധാനമായും രണ്ട് നടുമുറ്റങ്ങളാണ് ഉള്ളത്. അതിൽ ഒന്നിൽ വാട്ടർ ബോഡി സൃഷ്ടിച്ച് മനോഹരമാക്കുകയും രണ്ടാമത്തെ ഭാഗത്തെ അതുപോലെത്തന്നെ ഡ്രൈ ആയി നില നിർത്തുകയുമാണ് ചെയ്‌തത്‌.  പഴയ വീടിന്റെ പരമാവധി ജനാലകളും ചെറിയ മാറ്റങ്ങൾ വരുത്തി പുനഃരുപയോഗിച്ചിരിക്കുകയാണ്. ജനാലകളിൽ ഗ്ലാസുകൾ ഇട്ട് സുന്ദരമാക്കിയിട്ടുണ്ട്.

വീടിനകത്ത് കൂടുതലും തടിയിൽ തീർത്തെടുത്ത ഫർണിച്ചറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഭംഗി നിലനിർത്തിക്കൊണ്ടാണ് ഫ്ളോറിങ് ചെയ്തിരിക്കുന്നത്. മൾട്ടി ഷെയ്‌ഡഡ് ആയിട്ടുള്ള റസ്റ്റിക് ടൈലുകളാണ് ഫ്ലോറിൽ വിരിച്ചിരിക്കുന്നത്. പഴയ വീടിന്റെ ഭാഗമായുള്ള വലിയ ഹാളിൽ പുതുമയുടെ അംശം കൂടി ചേർന്നതോടെ പൂർണമായും തടിയിൽ തീർത്ത ഒരു പ്രതീതിയാണ് ഇവിടെ നിലനിൽക്കുന്നത്. ഇതിന് ഏറെ സഹായകരമായി ഫോൾ സീലിന്റെ മനോഹാരിതയും. ഫെറോ സിമെന്റിൽ ചെയ്ത് വുഡൻ ഫിനിഷ് നൽകിയതോടെ ഇവിടെ ഒരു വുഡൻ സാന്നിധ്യം വർധിച്ചു. മെയിൻ ഡോറിൽ നിന്നും കയറിവരുമ്പോഴുള്ള പ്രധാന ആകർഷണവും ഇവിടുത്തെ ഭിത്തിയാണ്. വിക്ടോറിയൻ മാതൃകയിലുള്ള വർക്കാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പഴമയുടെ നന്മയും സ്നേഹവും വിളിച്ചോതുന്നുണ്ട് ഈ സുന്ദര ഭവനം.

Leave a Reply

Your email address will not be published. Required fields are marked *