പതിനാല് ലക്ഷം രൂപയ്ക്ക് ഒരുങ്ങിയ ഒരു അടിപൊളി വീട്

വീടൊരെണ്ണം പണിയണം. എന്നാൽ വീട് പണിത് കടബാധ്യത വരുത്തിവയ്ക്കാൻ കഴിയില്ല.. ഇങ്ങനെ ചിന്തിക്കുന്നവർക്ക് മാതൃകയാക്കാം കൈപ്പിടിയിൽ ഒതുങ്ങുന്ന പോക്കറ്റ് കാലിയാകാതെ ഒരുക്കിയ ഈ സുന്ദര ഭവനത്തെ. മലപ്പുറം മഞ്ചേരി സ്വദേശി ശിഹാബിന്റേതാണ് ഡിസൈനർ അസർ ജുമാൻ ഒരുക്കിയ ഈ കൊച്ചു വീട്.  ആറു സെന്റ് പ്ലോട്ടിലാണ് സുന്ദരമായ ഈ സിംപിൾ ഭവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1200 ചതുരശ്ര അടിയിൽ നിർമ്മിച്ച ഈ ഒരുനില വീട്ടിൽ സിറ്റൗട്ടിന് പുറമെ ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അറ്റാച്ഡ് ബാത്റൂമോട് കൂടിയ രണ്ട് കിടപ്പ് മുറികൾ അടുക്കള,വർക്ക് ഏരിയ എന്നിവയാണ് ഉള്ളത്.

വളരെ ലളിതവും സുന്ദരവുമായാണ് ഈ വീട് പണിതിരിക്കുന്നത്. ഫ്ലാറ്റ് റൂഫ് എലിവേഷനിൽ ഒരുക്കിയ ഈ വീടിന്റെ നിർമ്മാണത്തിന് വെട്ടുകല്ലും ആർ സിസിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. എലിവേഷനിൽ വൈറ്റ്, യെല്ലോ, ഗ്രേ കളർ കോമ്പിനേഷനാണ് നല്കിയിരിക്കുന്നത്. എന്നാൽ വീടിന്റെ അകത്തളങ്ങളിൽ കൂടുതലും ലൈറ്റ് കളറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാവശ്യം സ്‌പേഷ്യസായാണ് വീട് ഒരുക്കിയിരിക്കുന്നത്. മനോഹരമായ ബോക്സ് ടൈപ്പ് സിറ്റൗട്ടിൽ നിന്നും അകത്തേക്ക് കയറിയാൽ വിശാലവും സുന്ദരവും അതിലുപരി ലളിതവുമായ ലിവിങ് ഏരിയയാണ് നമ്മെ കാത്തിരിക്കുന്നത്.

ആവശ്യത്തിന് മാത്രമാണ് വീടിനകത്ത് ഫർണിച്ചറുകൾ ഉപയോഗിച്ചിരിക്കുന്നത്. ഹാളിലെ ഭിത്തിയെ ഹൈലൈറ്റ് ചെയ്യുന്നതിനായി ഒരു ഭാഗത്ത് വളരെ മനോഹരമായി ഡിസൈൻ ചെയ്തിട്ടുണ്ട്. വീടിനകത്ത് ഉപയോഗിച്ചിരിക്കുന്ന ജനാലകൾ വാതിൽ, കട്ടിളകൾ, ഊൺ മേശ കസേരകൾ എന്നിവ ജി ഐ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പെയിന്റ് നൽകി ഫിനിഷ് ചെയ്‌തതോടെ ഫർണിച്ചറുകൾ കൂടുതൽ മനോഹരമായി. ഒപ്പം വീടിന്റെ ഫർണിച്ചറിലെ ചിലവ് കുറയ്ക്കാനും ഇത് സഹായകമായി.

ആവശ്യത്തിന് ജനാലകളും വാതിലുകളും നൽകിയതിനാൽ വീടിനകത്തേക്ക് വെളിച്ചവും കാറ്റും ആവശ്യത്തിന് ലഭിക്കുന്നുണ്ട്. ഡൈനിങ് റൂമിൽ ഒരേസമയം എട്ട് പേർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്ലാസ് ഉപയോഗിച്ചാണ് ഡൈനിങ് ടേബിൾ ഒരുക്കിയത്. ജി ഐ ഫ്രെയിം  ഉപയോഗിച്ചാണ് കസേരകൾ ഒരുക്കിയത്. ഫോൾസ് സീലിങ്ങിന് പകരം ഭിത്തിയിൽ ലൈറ്റ് പോയിന്റുകളാണ് നല്കിയിരിക്കുന്നത്. വളരെ മനോഹരവും സ്‌പേഷ്യസുമായാണ് കിടപ്പ് മുറികൾ ഒരുക്കിയിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂമോട് കൂടിയാണ് കിടപ്പ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ ഒരുക്കിയിരിക്കുന്ന വാർഡ്രോബുകളും ഷട്ടറുകളും വി ബോർഡ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഒരു കൊച്ച് അടുക്കളയാണ് ഡൈനിങ്ങിനോട് ചേർന്ന് ഒരുക്കിയിരിക്കുന്നത്. ഇവിടെയും ആവശ്യത്തിന് സ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുകളിലും താഴെയുമായി ഒരുക്കിയിരിക്കുന്ന സ്റ്റോറേജ് സൗകര്യങ്ങൾ വി ബോർഡ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സ്ട്രക്ച്ചറും ഫർണിഷിങ്ങും അടക്കം 14 ലക്ഷം രൂപ യാണ് ഈ വീടിന് അകെ ചിലവായത്.

വീട് പണി കൈപ്പിടിയിൽ ഒതുങ്ങണമെങ്കിൽ കൃത്യമായ പ്ലാനിങ്ങും ബജറ്റിങ്ങും ആവശ്യമാണ്. അതിനാൽ തന്നെ കൈയിൽ ഉള്ള കാശിന് ഒരു വീട് പണിത് ഉയർത്താൻ കൃത്യമായ ശ്രദ്ധയും കരുതലും ആവശ്യമാണ്. സ്വന്തമായി വീട് വയ്ക്കാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് നിരവധി സ്വപ്‌നങ്ങൾ ഉണ്ടാകും. വീടിന്റെ സൗകര്യങ്ങളെക്കുറിച്ചും വീടിന്റെ രൂപത്തെക്കുറിച്ചും ഭംഗിയെക്കുറിച്ചുമെല്ലാം നമ്മൾ സ്വപ്നം കാണും. സ്വപ്നം കണ്ടത് പോലൊരു ഭവനം പണിയണമെങ്കിൽ നമ്മുടെ ആവശ്യങ്ങളെ ആർകിടെക്ടിന് കൃത്യമായി പറഞ്ഞ് നൽകിയിരിക്കണം എങ്കിൽ മാത്രമേ സുന്ദരമായ വീടുകൾ നിർമ്മിക്കാൻ സാധിക്കു. ഉടമസ്ഥന്റെ ആവശ്യൾക്കൊപ്പം ആർകിടെക്റ്റിന്റെ ആശയങ്ങളും കൂടി ഒന്നിച്ചാൽ മാത്രമാണ് മനോഹര ഭവനങ്ങൾ പണിയാൻ കഴിയുക.

 

Leave a Reply

Your email address will not be published. Required fields are marked *