കുറഞ്ഞ ചിലവിൽ ഒരുക്കാം ഇതുപോലെ ആകർഷകമായ വീട്

വീട് പണിയുമ്പോൾ അത് സുരക്ഷിതത്വവും ഉറപ്പ് വരുത്തണം ഒപ്പം അഴകേറിയതുമാകണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനൊപ്പം  കുറഞ്ഞ ചിലവിൽ മനോഹരമായ വീടുകൾ പണിയാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ ഒരുങ്ങിയ ഒരു കൊച്ചു വീടാണ് കോട്ടയത്തുള്ള രാഹുൽ ദേവിയുടേത്. സാമ്പത്തീക പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഒതുക്കമുള്ള ഒരു കൊച്ചു വീട്…ഇങ്ങനെ സ്വപ്നം കണ്ടവരാണ്  രാഹുൽ രവിയും കുടുംബവും. മൂന്നര സെന്റ് സ്ഥലത്ത് ഒരുക്കിയ ഈ വീട് ആദ്യ കാഴ്ചയിൽ തന്നെ കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം കവരും. 699 സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീടിന്റെ നിർമ്മാണ ചിലവ് 11.5 ലക്ഷം രൂപയാണ്.

കോട്ടയത്തുള്ള ശ്രീ ശങ്കര ഡിസൈനേഴ്‌സാണ് കുറഞ്ഞ ചിലവിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഈ വീട് ഒരുക്കിയിരിക്കുന്നത്.  അധികം പണ ചിലവ് ഇല്ലാതെ സാധാരണക്കാരുടെ മനസിന് ഇണങ്ങിയ ഒരു വീടാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. ചെറിയ ഒരു മുറ്റത്തിന്റെ നടു ഭാഗത്തായി പുറം കാഴ്ചയിൽ സമകാലിക ശൈലിയിലുള്ള ഒരു കൊച്ചു വീട്.. വീടിന്റെ മുൻഭാഗത്തെ ഭിത്തിയിൽ നിർമ്മിച്ചിരിക്കുന്ന ഷോ വാളും വീടിന്റെ പുറം കാഴ്ചയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്. നല്ല വൈറ്റ് കളറിലുള്ള പെയിന്റിങ് വീടിന് കൂടുതൽ എടുപ്പ് നൽകുന്നു.

കാര്യമായ സ്‌പേസ്  സിറ്റൗട്ടിൽ ഇല്ലാത്തതിനാൽ വീടിനകത്തേക്കാണ് നേരെ പ്രധാന വാതിൽ തുറന്ന് കയറുന്നത്.  പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ ലിവിങ് ഏരിയയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇവിടെ ഇരിപ്പിടങ്ങൾക്ക് പുറമെ ടിവി യൂണിറ്റും അതിനോട് ചേർന്ന് മറ്റൊരു ഭാഗത്തായി സ്റ്റെയർ കേസും ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ്ങിലേക്കാണ് നേരെ പോകുന്നത്. ഇവിടെ  ഇരിപ്പിടങ്ങളും അതിന് മറ്റൊരു ഭാഗത്തായി വാഷ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്.

ഹാളിൽ നിന്നുമാണ് രണ്ട് കിടപ്പു മുറികളിലേക്കും പോകുന്നത്. അത്യാവശ്യ സൗകര്യങ്ങളോട് കൂടിയതാണ് കിടപ്പ് മുറികൾ. കട്ടിലിന് പുറമെ ഒരു ചെറിയ മേശയും കസേരയും കൂടി ഇടാനുള്ള സ്ഥലം ഈ റൂമുകൾക്കുണ്ട്. കിടപ്പു മുറികളിൽ  വാർഡ്രോബും സെറ്റ് ചെയ്തിട്ടുണ്ട്. ഹാളിൽ നിന്നാണ് കോമൺ ബാത്‌റൂം സെറ്റ് ചെയ്തിരിക്കുന്നത്.

ഡൈനിങ്ങിനോട് ചേർന്ന് അടുക്കളയും ഒരുക്കിയിട്ടുണ്ട്. അടുക്കളയിലേക്ക് ആവശ്യത്തിന് പ്രകാശം ലഭിക്കുന്ന രീതിയിൽ വലിയ ജനാലകളും ഒരുക്കിയിട്ടുണ്ട്. അടുക്കളയിൽ ആവശ്യത്തിന് സ്റ്റോറേജ് യൂണിറ്റും ഒരുക്കിയിട്ടുണ്ട്. അടുക്കളയിലെ അലമാരകളും മറ്റും അലുമിനിയം ഫാബ്രിക്കേറ്റ് ഉപയോഗിച്ച് സെറ്റ് ചെയ്തിരിക്കുന്നതാണ്. ഇവിടെ നിന്നും പുറത്തേക്ക് ഇറങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സിംപ്ലിസിറ്റി മുഖമുദ്രയാക്കിയാണ് ഈ വീടിന്റെ നിർമ്മാണം. ആഡംബരങ്ങൾക്കും ആർഭാടങ്ങൾക്കും പ്രാധാന്യം നൽകാതെ ആവശ്യത്തിന് പ്രാധാന്യം നൽകിയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.

ചിലവ് കുറഞ്ഞ വിട്രിഫൈഡ് ടൈൽസാണ് ഫ്ലോറിൽ ഇട്ടിരിക്കുന്നത്. വീടിനകത്ത് അത്യാവശ്യത്തിനുള്ള എല്ലാ ഫർണിച്ചറുകളും ഒരുക്കിയിട്ടുണ്ട്. പ്രധാന ജനാലകളും വാതിലുകളും തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ നിർമ്മാണ സാമഗ്രഹികളുടെ ഗുണനിലവാരം കുറയാതെ തന്നെ കുറഞ്ഞ ബഡ്ജറ്റിൽ മനോഹരമായ വീടൊരുക്കിയിരിക്കുകയാണ് ഈ കുടുംബം.  ന്യൂട്രൽ നിറങ്ങളാണ് വീടിനകത്തെ പെയിന്റിങ്, കാഴ്ചയുടെ ഭംഗിയ്ക്കായി ഹാളിലെ ഒരു ഭിത്തി മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.  സിമന്റ് കട്ടകൾ ഉപയോഗിച്ചാണ് ഭിത്തി കെട്ടിയിരിക്കുന്നത്. വീടിന്റെ മുറ്റത്ത് മുൻഭാഗത്ത് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. മുൻഭാഗത്ത് തന്നെ സൈഡിലായി ഒരു ചെറിയ കുളവും ഉണ്ട്. ഇതിന് മനോഹരമായി മഞ്ഞയും കറുപ്പും കലർന്ന പെയിന്റും നൽകിയിട്ടുണ്ട്. മുൻ ഭാഗത്തെ ഷോ വാളിന് താഴെയായി ചെടികൾ വയ്ക്കാനുള്ള ഒരു ചെറിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *