വെറും നാല് ലക്ഷം രൂപയ്ക്ക് ഒരുക്കാം ഇതുപോലൊരു സുന്ദര ഭവനം
നാല് ലക്ഷം രൂപയ്ക്ക് ഒരു വീട് നിർമ്മിക്കാം എന്ന് കേൾക്കുമ്പോൾ പലർക്കും അത്ഭുതം തോന്നുണ്ടാകും… എങ്ങനെയാണ് വെറും നാല് ലക്ഷം രൂപയ്ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീട് പണിയുക അല്ലേ.. ഇങ്ങനെ ചിന്തിക്കുന്നവർക്ക് ഉത്തരം നൽകുകയാണ് ഈ കൊച്ചു വീട്. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിടപ്പ് മുറി, ബാത്റൂം, അടുക്കള തുടങ്ങിയതൊക്കെ ഉൾക്കൊള്ളുന്ന ഒരു സാധാരണ വീടാണിത്. ഇങ്ങനെ വെറും നാല് ലക്ഷം രൂപയ്ക്ക് ഒരു വീട് പണിയുന്നതിന് മുൻപ് ആദ്യം ചെയ്യേണ്ട കാര്യം കൃത്യമായ ഒരു പ്ലാൻ ഉണ്ടാകുക എന്നതാണ്.
റോഡിനോട് ചേർന്നുള്ള ഗേറ്റ് തുറന്ന് എത്തിയാൽ ചെറിയ മുറ്റത്തിന് നടുവിലായി ഒരുക്കിയിരിക്കുന്ന ഒരു സുന്ദര ഭവനം കാണാം. വീടിനകത്തേക്ക് പ്രധാന വാതിൽ തുറന്ന് കയറുന്നത് ഒരു വലിയ ലിവിങ് ഏരിയയിലേക്കാണ്. സിറ്റൗട്ട് ഇല്ല എങ്കിലും വളരെ വലിയൊരു ഹാളാണ് ലിവിങ് ഏരിയ. ഇനി ആവശ്യമെങ്കിൽ ലിവിങ് ഏരിയയുടെ സ്പേസ് കുറച്ചുകൊണ്ട് ഒരു സിറ്റൗട്ട് പണിയാൻ കഴിയും. മനോഹരമായ രീതിയിൽ ഇരിപ്പിടങ്ങളും മറ്റ് സൗകര്യങ്ങളോടും കൂടി ഒരുക്കിയിരിക്കുന്ന ലിവിങ് ഏരിയയിൽ നിന്നും നേരെ എത്തുന്നത് ഡൈനിങ് ഏരിയയിലേക്കാണ് കടക്കുന്നത്. ഇവിടെ സുന്ദരമായ ഡൈനിങ് ടേബിളും കസേരകളും ഒരുക്കിയിട്ടുണ്ട്. അടുത്തായി ഒരു വാഷ് ഏരിയയും നൽകിയിട്ടുണ്ട്. ഇതിനോട് ചേർന്ന് ഉള്ളത് ഇപ്പോൾ സാധാരണയായി കണ്ടുവരാറുള്ള സെമി ഓപ്പൺ ടൈപ്പ് കിച്ചനാണ്. അത്യാവശ്യം സ്ഥല സൗകര്യങ്ങളോട് കൂടിയതാണ് ഈ കിച്ചൺ. അടുക്കളയിൽ അത്യാവശ്യത്തിനുള്ള സ്റ്റോറേജ് സൗകര്യങ്ങളും ഒരുക്കിയതിനാൽ അടുക്കളയ്ക്ക് വേറൊരു സ്റ്റോർ റൂമിന്റെ ആവശ്യം ഇല്ല.
ഈ വിശാലമായ ലിവിങ് ഏരിയയിൽ നിന്നുമാണ് കിടപ്പ് മുറിയിലേക്ക് കയറുന്നത്. വളരെ വലിയ ഒരു കിടപ്പ് മുറിയാണ് ഈ വീടിന്റേത്. അത്യാവശ്യം സ്പേഷ്യസ് ആയതുകൊണ്ടുതന്നെ വലിയ കട്ടിലിന് പുറമെ അലമാരയും ഒരു മേശയും കസേരയും ഇടാനുള്ള സ്ഥലവും ഇതിനകത്തുണ്ട്. ഒരു ബാത്റൂമാണ് ഈ വീടിനുള്ളത്. അത് കിടപ്പ് മുറിയിൽ അറ്റാച്ഡ് ബാത്റൂമായാണ് നല്കിയിരിക്കുന്നത്.
അതേസമയം നാല് ലക്ഷം രൂപയ്ക്ക് ഒരുങ്ങുമ്പോൾ ഇനി വീട് തീരെ ചെറുതാകുമോ എന്ന് സംശയിക്കുന്നവരും ഉണ്ടാകും. 402 സ്ക്വയർ ഫീറ്റിലാണ് ഈ വീടൊരുങ്ങിയിരിക്കുന്നത്. ഹാൾ 17.71 മീറ്റർ സ്ക്വയറും കിച്ചൺ 5.43 മീറ്റർ സ്ക്വയറും കിടപ്പ് മുറി 10. 98 മീറ്റർ സ്ക്വയറും ബാത്റൂം 3.25 മീറ്റർ സ്ക്വയറും ആണ്. കണ്ടംപ്രറി സ്റ്റൈലാണ് ഈ വീടിന് കൂടുതൽ അനുയോജ്യം. ഇത് കാണാൻ വളരെ ഭംഗി നൽകുന്നത്തിനൊപ്പം ചിലവ് കുറയ്ക്കുന്നതിനും സഹായിക്കും.
ഇനി വീടിന്റെ പണി ആരംഭിക്കുന്നതിന് മുൻപ് തന്നെ നിർമ്മാണ വസ്തുക്കളും മറ്റ് ഫർണിച്ചർ, ഫ്ളോറിങ്, ഇലക്ടിക് വർക്ക് തുടങ്ങിയവയുടെ മുഴുവൻ ചിലവ് കൃത്യമായി മനസിലാക്കി രേഖപ്പെടുത്തി വയ്ക്കണം. അതിന് ശേഷം ഒരു നല്ല എഞ്ചിനീയറുടെ സഹായത്തോടെ നിർമ്മാണ ചിലവും മറ്റ് കാര്യങ്ങളും ഉൾപ്പെടുത്തി ഒരു ചിലവ് പ്ലാൻ തയാർക്കി വേണം പണി ആരംഭിക്കാൻ. അങ്ങനെ കൃത്യമായ പ്ലാനോട് കൂടി വീട് പണി ആരംഭിച്ചാൽ ഈ തുകയ്ക്ക് തന്നെ വളരെ മനോഹരമായ ലക്ഷ്യൂറിയസ് ആയ ഒരു വീട് ഈ മോഡലിൽ പണിതെടുക്കാൻ സാധിക്കും. ഇനി ഈ വീടിന്റെ പ്ലാനിൽ നിന്നും ചെറിയ മാറ്റങ്ങൾ വരുത്തണമെങ്കിൽ സാമ്പത്തീക സ്ഥിതി അനുസരിച്ച് പ്ലാനിലും മാറ്റങ്ങൾ വരുത്താവുന്നതാണ്.