സിംപ്ലിസിറ്റി മുഖമുദ്ര ആക്കിയ ഒരു മിനിമലിസ്റ്റിക്ക് വീട്

വീടിന്റെ കാര്യത്തിൽ വ്യത്യസ്തത തേടുന്നവരാണ് ഇന്ന് പലരും. വ്യത്യസ്തമായ വഴികളിലൂടെ ചിന്തിച്ച് വ്യത്യസ്തമായ ഒരു വാസസ്ഥലം ഒരുക്കിയ എറണാകുളം കാക്കനാട് മാവേലിപുരത്തുള്ള ആനന്ദ് കടേക്കകുഴിയുടെ ഹേവാ (ശാന്തി) എന്ന വീടിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം. ക്ലാസിക്കൽ മോഡേൺ ശൈലിയിൽ ഒരുങ്ങിയ ഒരു മാതൃകാ വീടാണിത്. കേരളത്തോടുള്ള ഇഷ്ടം കൊണ്ട് പതിനഞ്ച് വർഷം മുൻപ് ജർമ്മനിയിൽ നിന്നും കേരളത്തിലെത്തിയ ആർകിടെക്റ്റാണ് ഡോക്‌ടർ ക്ലോസ് പീറ്റർ ഗാസ്. അദ്ദേഹമാണ് വ്യത്യസ്തതകൾ നിറഞ്ഞ ഈ മനോഹര വീടൊരുക്കിയിരിക്കുന്നത്.

ക്ലാസ്സിക്കൽ മോഡേണിസം എന്ന ശൈലി പിന്തുടർന്നുകൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ബോക്സ് ടൈപ്പിൽ നിർമ്മിച്ച ഈ വീട് നിർമ്മാണത്തിൽ കേരള സ്റ്റൈൽ അല്ല ഫോളോ ചെയ്തിരിക്കുന്നത് എങ്കിലും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് വീടിന്റെ ഘടന ഒരുക്കിയിരിക്കുന്നത്. വീടിന് ബോക്സ് ടൈപ്പ് സ്ട്രക്ച്ചർ ആയതിനാൽ അതിന് അനുയോജ്യമായ രീതിയിൽ തന്നെയാണ് ഗ്ലാസുകൊണ്ട് നിർമ്മിച്ച ജനാലകൾക്കും ബോക്സ് സ്ട്രക്ച്ചർ ഒരുക്കിയിരിക്കുന്നത്.

‘സിംപ്ലിസിറ്റി മുഖമുദ്ര ആക്കിയ ഒരു മിനിമലിസ്റ്റിക്ക് വീട്’ ഒറ്റവാക്കിൽ ഈ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. മെയിൻ ഗേറ്റിൽ നിന്നും ആരംഭിക്കുന്ന ഡ്രൈവേ കൊണ്ടെത്തിക്കുന്നത് വീടിന്റെ കാർ പോർച്ചിലേക്കാണ്. അതിന് പാരലലായി തന്നെ മറ്റൊരു ചെറിയ ഗേറ്റിൽ നിന്നുള്ള ഒരു വഴിയും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നാണ് വീടിന്റെ അകത്തേക്കുള്ള പ്രവേശനം. കടപ്പ കല്ലിലാണ് ഇവിടുത്തെ മുറ്റം ഒരുക്കിയിരിക്കുന്നത്. അതിനിടെയിലായി പുല്ലുകളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

പ്രധാന കവാടം തുറന്ന് വീടിനകത്തേക്ക് കയറുമ്പോൾ തന്നെ വലത് സൈഡിലായി ഒരു കിടപ്പ് മുറി കാണാം. ഇത് അതിഥികൾക്ക് വേണ്ടിയുള്ള കിടപ്പ് മുറിയാണ്. വീടിനുള്ളിലേക്ക് ഒരു ട്രാൻസ്പരൻസി ലഭിക്കുന്ന രീതിയിൽ ഇരുവശങ്ങളിലുമായി വലിയ ഓരോ ഗ്ലാസുകളും നൽകിയിട്ടുണ്ട്. കയറിവരുന്ന ഹാളിൽ ആദ്യം തന്നെ കാണുന്നത് ഇവിടെ ഒരുക്കിയിരിക്കുന്ന സ്റ്റോറുകളാണ്. സാധാരണ വീടുകളിൽ മുറിയ്ക്കകത്ത് കാണുന്ന ഇത്തരം സ്റ്റോറുകൾ ഇവിടെ ഹാളിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വളരെ സിംപിളായ ഈ രീതി ഹാളിലെ ഭിത്തിയെ കൂടുതൽ മനോഹരം ആക്കുന്നുണ്ട്. ഹാളിൽ തന്നെ മറ്റൊരു കോമൺ ബാത്റൂമും ഉണ്ട്.

ഇവിടെ നിന്നും കടന്ന് വരുമ്പോൾ ഇടത് വശത്തായി വലിയൊരു ഫാമിലി ലിവിങ് ഏരിയയും ഉണ്ട്. ഇതിന്റെ ആദ്യ ഭാഗത്ത് തന്നെ മനോഹരമായ പിയാനോയും ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് തന്നെ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനകത്തെ ഫർണിച്ചറുകളും ലൈറ്റിങ്ങുമൊക്കെ വളരെ വ്യത്യസ്തമായ രീതിയിൽ ഡിസൈൻ ചെയ്തതാണ്. ഫ്ലോറിങ്ങിൽ കോട്ട സ്റ്റോൺസാണ് ഉപയോഗിച്ചിരിക്കുന്നത്.

ലിവിങ് ഏരിയയോട് ചേർന്നുള്ള ഭാഗത്ത് വളരെ വലിയ ഒരു ഓപ്പണിങ് ഒരുക്കിയിട്ടുണ്ട്. സ്ലൈഡിങ് ഡോറാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് തുറന്ന് ഇടുമ്പോൾ ബാക്കിയാഡിലെ മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കും. ഇത് വീടിനുള്ളില്ലേക്ക് ധാരാളമായി വായുവും വെളിച്ചവും കടക്കുന്നതിന് സഹായിക്കും. ലിവിങ് ഏരിയയുടെ ഒരു ഭാഗത്തായി ഡൈനിങ് ഏരിയയും കിച്ചണും ഒരുക്കിയിട്ടുണ്ട്. ഡൈനിങ് ഏരിയയോട് ചേർന്ന് ഒരു ഐലന്റ് വാഷ് ഏരിയയും ഉണ്ട്. ഇതിനോട് ചേർന്ന് എൽ ഷേപ്പിലുള്ള ഒരു കൗണ്ടറും ഒരുക്കിയിട്ടുണ്ട്.

ഇതിനെ തുടർന്ന് വളരെ വ്യത്യസ്തമായ ഒരു അടുക്കളയും ഒരുക്കിയിട്ടുണ്ട്. വളരെയധികം വ്യത്യസ്തമായ ഡിസൈനാണ് ഈ അടുക്കളയിൽ ഒരുക്കിയിരിക്കുന്നത്. സ്റ്റോറേജിന്റെ ഭാഗത്തായുള്ള സ്‌പേസിലാണ് ഫ്രിഡ്ജ് അടക്കമുള്ളവ സെറ്റ് ചെയ്തിരിക്കുന്നത്. അടുക്കളയിൽ കൈയെത്തുന്ന ദൂരത്താണ് ഈ സൗകര്യങ്ങൾ മുഴുവൻ ഒരുക്കിയിരിക്കുന്നത്. ഈ വീടിനകത്തെ കിടപ്പ് മുറിയും വളരെയധികം വ്യത്യസ്തതകൾ നിറഞ്ഞതാണ്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *