ഇതാണ് ഏറ്റവും കൂടുതൽ ആളുകൾ സമൂഹ മാധ്യമങ്ങളിലൂടെ കണ്ട ആ വെറൈറ്റി ചിപ്പി വീട്
കാലം മാറുന്നതിനനുസരിച്ച് കോലവും മാറണം എന്നാണല്ലോ. ഇത്തരത്തില്‍ കാലഘട്ടത്തിന് അനുസരിച്ച് വീടിന്റെ രൂപ ഭംഗിയിലും നിർമാണ രീതിയിലുമെല്ലാം മനുഷ്യൻ മാറ്റങ്ങൾ വരുത്തിത്തുടങ്ങി. ആദ്യകാലത്ത് ഗുഹയ്ക്കുള്ളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ ഇന്ന് വിത്യസ്തമാര്‍ന്ന വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കുമെല്ലാം താമസം മാറ്റിത്തുടങ്ങി.
വീട്ടില്‍ ഉള്ള ആളുകളുടെ എണ്ണം തീരെ കുറവായാലും വീടിന്റെ ഭംഗിയുടെ കാര്യത്തിൽ ആരും കോംപ്രമൈസ് ചെയ്യാറില്ല. വീട് പണിയുമ്പോൾ വെറൈറ്റി തേടി പോകുന്നവരും നിരവധിയാണ്. അത്തരത്തിൽ വെറൈറ്റി ആയി ഒരുക്കിയ ഒരു വീടാണ് സമൂഹ മാധ്യമങ്ങളിലെ താരം. വെറൈറ്റിയായി വീട് പണിയാൻ ആഗ്രഹിക്കുന്നവർ ഏറ്റവും നല്ല വീടുകളെ ഗൂഗിളിൽ തിരയുന്ന ഒരു പതിവുണ്ട്. അത്തരക്കാർക്ക് ചിലപ്പോൾ സുപരിചിതമായിരിക്കും ഈ ഭവനം. കാരണം ഏറ്റവും കൂടുതൽ ആളുകൾ സമൂഹ മാധ്യമങ്ങളിലൂടെ കണ്ട ചിപ്പി വീടിനെക്കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്.
ഒന്നു കണ്ടാൽ ഒരിക്കൽ കൂടി ആളുകൾ നോക്കിപോകുന്ന ചിപ്പി വീട് മെക്സിക്കോയിലാണ് സ്ഥിതി ചെയ്യുന്നത്. മെക്സിക്കോയിലെ ഒരു ദമ്പതികളാണ് ഈ മനോഹര ഭവനമെന്ന ആശയത്തിന് പിന്നിൽ, കടലിൽ താമസിക്കുന്നതു പോലെ മനോഹരമായ അനുഭവം നൽകുന്ന വീട് വേണം എന്ന ആഗ്രഹത്തിൽ നിന്നുമാണ് ഈ ചിപ്പി വീട് ഉടലെടുത്തത്.
ആശയം അല്പം വെറൈറ്റി ആയത് കൊണ്ടുതന്നെ ഇത്തരത്തിൽ ഒരു വീട് പണിയാൻ നിരവധി ആർകിടെക്ടുകളെ ഈ ദമ്പതികൾക്ക് സമീപിക്കേണ്ടി വന്നു. എന്നാൽ ഇത്തരത്തിൽ ഒരു വീട് പണിയാൻ കഴിയില്ലെന്ന് പറഞ്ഞ് നിരവധിപ്പേർ ഇവരെ തിരിച്ചയച്ചു. അവസാനം ചിപ്പി വീടെന്ന ആഗ്രഹം ആർക്കിടെക്ചർ ഓർഗാനിക്ക എന്ന സ്ഥാപന ഉടമ സേവ്യർ സെനോസിയൻ സാക്ഷാത്കരിച്ച് നൽകുകയായിരുന്നു.
നോട്ടിലസ് എന്നാണ് ചിപ്പിവീടിന്റെ പേര് . 2006 ലാണ് ഈ വീട് നിർമ്മിച്ചത് . പുറമെ നിന്ന് നോക്കിയാൽ ഒരു ഒച്ചിന്റെ ആകൃതിയാണ് ഈ വീടിന്. പ്രകൃതിയോട് ഏറെ ചേർന്ന് നിൽക്കുന്ന രീതിയിലാണ് ഈ വീടിൻറെ നിർമ്മാണ രീതി. സിമിന്റും പ്ലാസ്റ്റർ ഓഫ് പാരീസും ചേർന്ന മിശ്രിതം ഉപയോഗിച്ചാണ് ഈ വീടിന്റെ ഭിത്തി നിർമിച്ചിരിക്കുന്നത്. വീടിന്റെ പുറം ചുമർ നിർമ്മിച്ചിരിക്കുന്നത് നിറമുള്ള മൊസൈക്ക് ഉപയോഗിച്ചാണ്. ഇതിൽ പ്രകാശം തട്ടുന്നതോടെ ഇത് മഴവിൽ വർണ്ണങ്ങളിൽ വിരിയും.
ഒരു സാധാരണ വീട്ടിലേക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ വീടും നിർമിച്ചിരിക്കുന്നത്. ബെഡ് റൂം, ബാത്റൂം, സ്വീകരണ മുറി, അടുക്കള, ടി വി റൂം എന്നിവയെല്ലാം ഈ വീട്ടിലുണ്ട്. അത്യാവശ്യത്തിനുള്ള ഫർണിച്ചറും ഈ വീടിനകത്ത് ഒരുക്കിയിട്ടുണ്ട്. ചുവരുകളിൽ പലരീതിയിലും ആകൃതിയിലുമൊക്കെ കൊത്തിവച്ചിരിക്കുന്ന നിരവധി വർക്കുകളും ഈ വീടിനെ മനോഹരമാക്കുന്നുണ്ട്. അതിന് പുറമെ വീടിന്റെ അകത്തും പുറത്തും നിരവധി ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇത് വീടിനെ കൂടുതൽ പ്രകൃതിയോട് ചേർത്തു നിർത്തുന്നുണ്ട്. അതിന് പുറമെ വീടിന്റെ നിർമ്മാണത്തിലെ വ്യത്യസ്തത കാരണം വീടിനകത്ത് അധികം ചൂടും ഉണ്ടാകില്ല.
ഈ വീടിന്റെ പണി കഴിഞ്ഞതോടെ ഈ വീട് കാണുന്നതിനും ഇതിന്റെ നിർമ്മാണ രീതി മനസിലാക്കുന്നതിനും ഒക്കെയായി നിരവധി പേരാണ് ദിവസവും ഇങ്ങോട്ടേക്ക് എത്തുന്നത്. മെക്സിക്കോയിലെ ഈ ചിപ്പി വീടിനെക്കുറിച്ച് ഗൂഗിളിൽ തിരയുന്നവരുടെ എണ്ണവും ചെറുതല്ല. മികച്ച അഭിപ്രായങ്ങളാണ് ഈ വെറൈറ്റി വീടിന് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. എന്തായാലും വ്യത്യസ്തമായ വീട് ആഗ്രഹിക്കുന്നവർക്കിടയിൽ വലിയ പ്രചാരവും ലഭിച്ചു കഴിഞ്ഞു ഈ ചിപ്പി വീടിന്.