അതിമനോഹരമാണ് ട്രഡീഷ്ണൽ ടച്ചുള്ള ഈ മോഡേൺ ഭവനം
ചിലവ് ചുരുക്കി സാധാരണക്കാരുടെ മനസിന് ഇണങ്ങിയ ഒരു വീട് സ്വപ്നം കാണുന്നവർക്ക് തീർച്ചയായും മാതൃകയാക്കാം ഈ വീട്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്നുള്ള വിനീത്-വൃന്ദ ദമ്പതികളുടെ വീടാണ് സദ്ഗമയ. പരമ്പരാഗത നിർമ്മാണ രീതിയും ആധുനീക നിർമ്മാണ രീതിയും സമന്വയിപ്പിച്ചുകൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. എഞ്ചിനീയർ കെ വി മുരളീധരനാണ് ഈ വീട് രൂപ കൽപ്പന ചെയ്തത്.
പരമ്പരാഗതമായ ചാരു പടിയിൽ നിന്നും വ്യത്യസ്തമായി ഗ്രാനൈറ്റ് പതിപ്പിച്ച വലിയ പടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മുൻവശത്തെ മൂന്ന് പില്ലറുകളും വളരെ മനോഹരമായി ഡിജിറ്റൽ ഗ്ലാഡിങ് ടൈൽസ് നൽകിയാണ് ഒരുക്കിയിരിക്കുന്നത്. വായുവിന്റെ സ്വതന്ത്ര സഞ്ചാരത്തിനായി പടിയ്ക്ക് താഴെ കൃത്യമായ ഇടവേളകളിൽ ദ്വാരങ്ങൾ ഒരുക്കിയിരിക്കുന്നത് വായു സഞ്ചാരം ഉറപ്പാക്കാനാണ്. പ്രധാന വാതിൽ തുറന്ന് എത്തുമ്പോൾ തന്നെ കാണുന്നത് ഒരു മനോഹരമായ പൂജ മുറിയാണ്. വളരെ മനോഹരമായി ഒരുക്കിയ ലിവിങ് ഏരിയയിൽ വ്യത്യസ്തവും മനോഹരവുമായ ഷെല്ഫുകളും വാളുകളും ഒരുക്കിയിട്ടുണ്ട്. മനോഹരമായ ഇരിപ്പിടങ്ങളും ഈ വീടിനെ കൂടുതൽ സുന്ദരമാകുന്നുണ്ട്. ജിപ്സം ഫാൾ സീലിങ്ങും ലൈറ്റിങ്ങും വീടിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്.
വെന്റിലേഷനും പ്രകാശവും ധാരാളമായി ലഭിക്കുന്ന രീതിയിലാണ് വീടിന്റെ ജനാലകളും ഒരുക്കിയിരിക്കുന്നത്. ലിവിങ് ഏരിയയോട് ചേർന്നാണ് വീടിന്റെ മാസ്റ്റർ ബെഡ് റൂം ഒരുക്കിയിരിക്കുന്നത്. കിടക്കയ്ക്ക് പിന്നാലെ വാർഡ്രോബും അറ്റാച്ഡ് ബാത്റൂമും ഈ വീടിനകത്തുണ്ട്. വായു സഞ്ചാരം സുഗമം ആക്കുന്നതിനായി വലിയ രണ്ട് ജനാലകളും ഈ മുറിയിൽ ഉണ്ട്. മൂന്ന് കിടപ്പ് മുറികളാണ് ഈ വീടിനുള്ളത്. മുറിക്കകത്തെ ഏറ്റവും വലിയ പ്രത്യേകതയാണ് ഡേ വിൻഡോ. ഇത് സൈഡിൽ നിന്നുള്ള കാറ്റിനേയും വീടിനകത്തേക്ക് കടക്കാൻ സഹായിക്കും. കിടപ്പ് മുറികളിൽ തന്നെ ഇതിനോട് ചേർന്ന് ഇരിപ്പിടവും അതിനടുത്തായി ഒരു പവർ പ്ലഗ്ഗും ഒരിക്കിയിട്ടുണ്ട്. ഇതിന് താഴെയായി ഒരു സ്റ്റോറേജ് സ്പേസും ഉണ്ട്. പഠിക്കുന്നതിനും കംപ്യൂട്ടർ ഉപയോഗിക്കുന്നതിനുമൊക്കെയായി ഇവിടം ഉപയോഗിക്കാം.
ഡൈനിങ് ഏരിയയിൽ ഒരേ സമയം ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ ഒരുക്കിയിരിക്കുന്നത്. ഒരു മനോഹരമായ ക്രോക്കറി ഷെൽഫും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡൈനിങ് ഏരിയയിലേക്കും ആവശ്യത്തിന് വെളിച്ചം ലഭിക്കുന്ന രീതിയിലാണ് ജനാലകൾ ഒരുക്കിയിരിക്കുന്നത്. ഡൈനിങ് ഏരിയയിൽ നിന്നും കുറച്ച് അകലത്തിലാണ് വാഷ് ഏരിയ. ഡൈനിങ് ഏരിയയോട് ചേർന്നാണ് അടുക്കള. ഓപ്പൺ കിച്ചനാണ് ഇവിടെ ഉള്ളത്. വളരെ സ്പേഷ്യസും അതിലുപരി സുന്ദരവുമാണ് അടുക്കള. നല്ല രീതിയിൽ ഇവിടേക്കും വെളിച്ചം ലഭിക്കും. ഇതിനോട് ചേർന്ന് വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്.
ഈ വീട് നിർമ്മാണത്തിന് ഇന്റർലോക്ക് ബ്രിക്സാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഇത് ചിലവ് കുറയ്ക്കുന്നതിന് ഉപരി വീടിനകത്ത് ചൂട് കുറയാനും സഹായകമായി. വീടിനകത്തെ ഭിത്തിയിൽ ചില ഭാഗങ്ങളിൽ ഇന്റർലോക്ക് കട്ടകൾ ദൃശ്യമാകുന്ന രീതിയിലാണ് വീടിന്റെ അലങ്കാരങ്ങളും ഒരുക്കിയിരിക്കുന്നത്. വീടിന്റെ മനോഹാരിത വർധിപ്പിക്കാൻ ഇതിനകത്ത് ഉപയോഗിച്ചിരിക്കുന്ന ഇന്റീരിയറും ഫർണിച്ചർ അറേഞ്ച്മെന്റ്സും സഹായകമായി. പുറമെ നിന്ന് നോക്കുമ്പോൾ ഒരു കേരളത്തനിമ അഥവാ ഒരു ട്രഡീഷ്ണൽ ലുക്ക് ഈ വീടിന് ലഭിക്കുന്നുണ്ട്. എന്നാൽ വീടിനകത്ത് പ്രവേശിച്ചാൽ എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ള ഒരു മോഡേൺ വീട്. ഏകദേശം 28 ലക്ഷം രൂപയാണ് ഈ വീടിന്റെ ആകെ നിർമ്മാണ ചിലവ്.