പഴയ തറവാട് വീടിന്റെ മനോഹാരിത വിളിച്ചോതിയ സുന്ദര വീട്
വീട് പണിയുമ്പോൾ ശൈലിയിലും വലിപ്പത്തിലും രൂപത്തിലുമെല്ലാം വ്യത്യസ്തത തേടുന്നവരാണ് ഇന്നത്തെ തലമുറക്കാർ. എന്നാൽ എത്രയൊക്കെ മോഡേൺ ഭവനങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുമ്പോഴും കേരളത്തനിമയും പാരമ്പര്യവും അൽപമെങ്കിലും നിലനിർത്താൻ മിക്കവരും ശ്രമിക്കാറുണ്ട്. പക്ഷെ പൂർണ്ണമായും കേരളത്തനിമ നിലനിർത്തി പണിത ഒരു വീടാണ് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. തൃശൂർ ജില്ലയിലാണ് പുനർജനി എന്ന ഈ വീട്. ഉണ്ണികൃഷ്ണന്റെയും ദീപ മേനന്റെയും വീട് കേരളത്തിന്റെ ട്രഡീഷൻ അതേപടി നിലനിർത്തുന്നതാണ്.
കേരളത്തനിമയ്ക്കൊപ്പം ഈ വീടിന്റെ നിർമ്മാണത്തിൽ എടുത്ത് പറയേണ്ട ഒന്നാണ് ഈ വീട് നിർമ്മിക്കാൻ ഒരു മരം പോലും മുറിയ്ക്കേണ്ടി വന്നില്ല എന്നത്. പരമാവധി പഴയ ഫർണിച്ചറുകൾ പോളിഷ് ചെയ്തും പഴയ തടികൾ ഉപയോഗിച്ചുമാണ് ഈ വീടൊരുക്കിയത്. അത്തരത്തിൽ പ്രകൃതിയോട് ഇണങ്ങി പ്രകൃതിയെ ഒട്ടും നോവിക്കാതെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.
പൂർണമായും ട്രഡീഷണൽ ശൈലിയിൽ ഒരുക്കിയ ഈ വീടിന് പഴയകാല നാലുകെട്ടുകളെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള നിർമ്മാണ രീതികളാണ്. വീട്ടിലേക്ക് കയറാൻ രണ്ട് എൻട്രൻസ് ഉണ്ട്. അതിൽ ഒന്ന് പഴയകാല വീടുകളിൽ കണ്ടുവരാറുള്ള പടിപ്പുര മോഡലിലുള്ള എൻട്രൻസാണ്. രണ്ടാമത്തേത് വാഹനങ്ങൾക്ക് കയറി വരാൻ കഴിയുന്ന രീതിയിലുള്ള ഗേറ്റാണ് . പഴയ വീടുകളിൽ കണ്ടിരുന്ന സ്റ്റൈലിൽ ഉള്ള ജനാലകളാണ് ഇവിടെയും നിർമ്മിച്ചിരിക്കുന്നത്. മേൽക്കൂരയിൽ പഴയ ശൈലിയിൽ ഓടുകളും ഇട്ടിട്ടുണ്ട്. അതും പഴയ വീടുകളിൽ നിന്നും പൊളിച്ചുമാറ്റിയ ഓടുകളാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. പഴയകാല തറവാട് വീടുകളിൽ ഉപയോഗിച്ചിരിക്കുന്ന തൂവാനങ്ങളും തൂളിമാനവും ഈ വീടിനും ഉണ്ട്.
മുറ്റത്തിന്റെ ഒത്ത നടുക്കായി ഒരു തുളസിത്തറയും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും നേരെ പടികൾ കയറി വീടിനകത്തേക്ക് പ്രവേശിച്ചാൽ പഴയ തറവാട് വീട്ടിൽ കയറിയത് പോലെയുള്ള അനുഭവങ്ങളാണ് അവിടെ നമ്മളെ കാത്തിരിക്കുന്നത്. അധികം ആർട്ടിഫിഷ്യൽ വർക്കുകൾ ഒന്നും ഇല്ലാതെ തന്നെ പഴയ പഴമ നിലനിർത്തിയാണ് വീട് ഒരുക്കിയത്. പടികൾ കയറി വീടിനകത്ത് കയറിയാൽ അവിടെ ഒരു നെടുനീളൻ വരാന്തയുണ്ട്. മണ്ണിന്റെ നിറമുള്ള ടൈൽസാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ഇത് വീടിന്റെ ലുക്ക് കൂടുതൽ മനോഹരമാക്കുന്നുണ്ട്. ഇതിന് പുറമെ വരാന്തയിൽ ഒരുക്കിയ ഇരിപ്പിടത്തിനൊപ്പം നിർമ്മിച്ചിരിക്കുന്ന തൂണുകളും വളരെ ഭംഗിയുള്ളതാണ്.
പടിപ്പുര വാതിൽപോലെ തന്നെ ധാരാളം ചിത്രപ്പണികളുമായി വളരെ സുന്ദരമായാണ് വീടിന്റെ മെയിൻ ഡോർ ഒരുക്കിയിരിക്കുന്നത്. ഇത് തുറന്ന് കയറുന്നത് വളരെ വലിയ ഒരു ലിവിങ് ഏരിയയിലേക്കാണ്. വീടിന്റെ അകത്തെ ഫർണിച്ചറും കേരള ശൈലിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. അതിന് പുറമെ അവയൊന്നും പുതിയ തടി ഉപയോഗിച്ച് നിർമ്മിച്ചവയല്ല , പലതും പഴയ വസ്തുക്കൾ റീസൈക്കിൾ ചെയ്തെടുത്തതാണ്. എന്നാൽ ഇതിലൊക്കെ ഈ വീട് നിലനിർത്തുന്ന യൂണിഫോമിറ്റി കൊണ്ടുവരാനും ഇവർക്ക് സാധിച്ചിട്ടുണ്ട്.
വളരെ വിശാലമായ ഒരു ഇരുനില വീടാണിത്. ഡൈനിങ് ഏരിയയും ഓപ്പൺ ഏരിയയും ഒക്കെ വളരെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഡൈനിങ് ഏരിയയോട് ചേർന്ന് ഫാമിലി ലിവിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. പല വർണ്ണങ്ങളിൽ ഉള്ള ഗ്ലാസുകളാണ് ഇവിടുത്തെ ജനാലകൾക്കും ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഏറ്റവും വ്യത്യസ്തമായ ഭാഗം അടുക്കളയാണ്. ഇതൊരു മോഡേൺ കിച്ചനാണ്. ഇതിനോട് ചേർന്ന് ഒരു പാൻട്രിയും ഒരുക്കിയിട്ടുണ്ട്. മെയിൻ കിച്ചനോട് ചേർന്ന് വർക്കിങ് കിച്ചണും ഒരുക്കിയിരിക്കുന്നത്. അനാവശ്യമായി സ്റ്റോറേജ് സ്പേസുകൾ നൽകാതെ ആവശ്യത്തിന് മാത്രം സ്റ്റോറേജുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ ഏറെ ആകർഷകമായാണ് വീടിന്റെ ഓരോ ഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്.