ഗൃഹാതുരതയുടെ ഓർമകളുമായി 150 വർഷം പഴക്കമുള്ള തറവാട് വീട്
അഡ്വക്കേറ്റ് ജയിംസ് മാനുവലിന്റെയും അഡ്വക്കേറ്റ് ആനിയമ്മയുടെയും വീട് ആദ്യ കാഴ്ചയിൽത്തന്നെ കാഴ്ചക്കാരുടെ മനം കുളിർപ്പിക്കുന്നതാണ്. പ്രകൃതി രമണീയമാണ് 150 വർഷത്തിലധികം പഴക്കമുള്ള ഈ തറവാട് വീട്. ആറരയേക്കറോളം വരുന്ന കൃഷിയിടത്തിനു നടുവിൽ ഫാം ടൂറിസത്തിനും ഹോം സ്റ്റേയ്ക്കും സൗകര്യമൊരുക്കിയാണ് കുരുവിത്തടം തറവാട് വീട് ഒരുക്കിയിരിക്കുന്നത്. ഒഴുകുന്ന പുഴക്കരയിലായി ഒരുക്കിയ തറവാട് വീട് ഏറെ ആകർഷണീയമാണ്.
നൂറ്റി അമ്പതോളം വർഷങ്ങളുടെ പഴമയും പാരമ്പര്യവുമായി മൂന്നു തലമുറകളുടെ സ്നേഹ പരിചരണങ്ങൾ ഏറ്റുവാങ്ങിയ ഈ വീടിന് ഇന്നു പറയാനുള്ളത് നവീകരണത്തിന്റെ കഥയാണ്. പക്ഷെ ഈ വീട്ടിൽ എത്തുന്നവർക്കും നവീകരിച്ച വീട് എന്നു കേൾക്കുമ്പോഴും അത് പഴമയിലേയ്ക്കുള്ള ഒരു തിരിച്ചു പോക്കു കൂടിയാണ്. കാരണം മോഡേൺ സ്റ്റൈലിൽ ഒന്നും ചെയ്യാതെ തന്നെ പഴമയുടെ സൗന്ദര്യം നിലനിർത്തി ഗൃഹാതുരതയുടെ ഓർമകളിലേയ്ക്കുള്ള യാത്ര കൂടി സമ്മാനിക്കുകയാണ് ഈ വീട്. അതിനു കൂട്ടായി പ്രകൃതി ഒരുക്കിയ സൗന്ദര്യവും ഇവിടെ എത്തുന്നവർക്ക് ആസ്വദിക്കാം. വീടിന്റെ മുന്നിലായി ഒരു കിണറും ഒരുക്കിയിട്ടുണ്ട്.
പഴമയുടെ ലാളിത്യം നിറഞ്ഞു നിൽക്കുന്ന ഈ വീട്ടിലേക്ക് പ്രധാന വാതിൽ തുറന്ന് കയറിയാൽ അവിടെ ഒരു നീളൻ വരാന്തയാണ് ഉള്ളത്. ഇവിടെ നിന്നും വിശാലവും സുന്ദരവുമായ ഒരു ലിവിങ് ഏരിയയിലേക്ക് എത്താം. പഴയ വീടിന് ചേരുന്ന രീതിയിൽ തടിയിൽ നിർമ്മിച്ച ഫർണിച്ചറുകൾ ആണ് വീടിനുള്ളത്. തടിയിൽ നിർമ്മിച്ച മച്ചുകളും വെളിച്ചം കയറുന്നതിനായി ഒരുക്കിയ ഗ്ലാസുകളും കാണാം. ഫ്ളോറിങ്ങും പഴയ കൊണ്ടെത്തിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്, ഈ വീട്ടുകാർ. ഇവിടെ ഒരുക്കിയിരിക്കുന്ന വരാന്തയിൽ നിന്നുമാണ് വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കയറുന്നത്. ലിവിങ് ഏരിയയോട് ചേർന്ന് ഒരു കിടപ്പ് മുറിയും ഒരുക്കിയിട്ടുണ്ട്. വെണ്മയുടെ ഭംഗി ഈ കിടപ്പ് മുറികളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. വളരെ സിംപിൾ ആയ മുറിയിൽ അറ്റാച്ഡ് ബാത്റൂമും ഡ്രസിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്.
കോറിഡോറിൽ നിന്നും കയറാൻ കഴിയുന്ന രീതിയിലാണ് ബാക്കിയുള്ള കിടപ്പ് മുറികളും ഒരുക്കിയിരിക്കുന്നത്. കണക്ടഡ് റൂമുകളാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. കോറിഡോറിൽ നിന്നും തന്നെയാണ് ഇരു ഭാഗങ്ങളിലുമായി മറ്റ് റൂമുകളും ഒരുക്കിയിരിക്കുന്നത്. തടികളുടെ അഴികൾ ഒരുക്കിയിരിക്കുന്നതിനാൽ വെളിച്ചവും ഈ വീടിനകത്തേക്ക് ആവശ്യത്തിന് പ്രവേശിക്കും. കണ്ട് ശീലിച്ച സ്‌പേസ് സ്റ്റൈൽ മുഴുവൻ മാറ്റി പുതിയ രീതിയിലാണ് ഈ ഭാഗവും ഒരുക്കിയിരിക്കുന്നത്.
തടിയിൽ തീർത്ത സ്റ്റെയർ കേസ് കയറി മുകളിലേക്ക് പോയാൽ അവിടെ നമ്മെ കാത്തിരിക്കുന്നത് പഴയമയുടെ നന്മയാണ്. ഇവിടെയും ഒരു കോറിഡോർ ഉണ്ട്. ഇവിടെ നിന്നും മുറികളിലേക്കും അതിന് പുറമെ പ്രകൃതി ആസ്വദിക്കാൻ കഴിയുന്ന രീതിയിലുമാണ് വരാന്ത. മനോഹരമായ ഒരു ലിവിങ് ഏരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ഇവിടവും ഒരുക്കിയത്.
നൂറ്റി അമ്പത് വർഷം പഴക്കമുള്ള വീട് പുതുക്കി പണിതപ്പോൾ പഴമയുടെ പ്രൗഢി ഒട്ടും ചോരാതെ ഇവർ ഇതിനെ വളരെയധികം സുന്ദരമാക്കി. വിളഞ്ഞ് നിൽക്കുന്ന കൃഷി പാടത്തിന് നടുവിലായി ഈ വീട് ഒരുക്കിയതിനാൽ പച്ചപ്പും പ്രകൃതി മനോഹാരിതയും നിറഞ്ഞു നിൽക്കുന്നുണ്ട്. പഴയ തറവാട് വീടുകളിൽ കാണുന്നത് പോലെത്തന്നെ തടിയും ഓടും തൂളിമാനവും എല്ലാം ഒരുക്കിയാണ് ഈ വീട് പുതുക്കിപ്പണിതത്. പഴയ വീടുകളിൽ കാണുന്നത് പോലുള്ള മച്ചുകളും ഈ വീടുകളിൽ നില നിർത്തിയിട്ടുണ്ട്.