699 സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ച ഒരു രണ്ട് ബെഡ് റൂം വീട്

സാമ്പത്തീക പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഒതുക്കമുള്ള ഒരു കൊച്ചു വീട്…ഇങ്ങനെ സ്വപ്നം കണ്ടവരാണ് ആലപ്പുഴ ജില്ലക്കാരായ പാണാവള്ളിയിലുള്ള രാഹുൽ രവിയും കുടുംബവും. പക്ഷെ ഇവർ പ്രതീക്ഷിച്ചതിലും ഒരുപാട് മനോഹരമായ വീട്, അതും കൈയിൽ ഒതുങ്ങുന്ന ബഡ്ജറ്റിൽ രൂപ കല്പന ചെയ്ത്  നൽകിയിരിക്കുകയാണ് ഡിസൈനർ ബിനു മോഹൻ .

ചെറിയ ഒരു മുറ്റത്തിന്റെ നടു ഭാഗത്തായി പുറം കാഴ്ചയിൽ സമകാലിക ശൈലിയിലുള്ള ഒരു കൊച്ചു വീട്.. വീടിന്റെ മുൻഭാഗത്തെ ഭിത്തിയിൽ നിർമ്മിച്ചിരിക്കുന്ന ഷോ വാളും വീടിന്റെ പുറം കാഴ്ചയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്. നല്ല വൈറ്റ് കളറിലുള്ള പെയിന്റിങ് വീടിന് കൂടുതൽ എടുപ്പ് നൽകുന്നു. ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിലുള്ള ഈ കൊച്ചു വീട് കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും. ലിവിങ് റൂം, ഡൈനിങ് റൂം, രണ്ട് കിടപ്പ് മുറികൾ, അടുക്കള, ഒരു കോമൺ ബാത്റൂം എന്നിവയാണ് മൂന്ന് സെന്ററിൽ ഒരുങ്ങിയ ഈ വീടിനുള്ളത്.
കാര്യമായ സ്‌പേസ്  സിറ്റൗട്ടിൽ ഇല്ലാത്തതിനാൽ വീടിനകത്തേക്കാണ് നേരെ പ്രധാന വാതിൽ തുറന്ന് കയറുന്നത്. ലിവിങ് ഏരിയ അത്യാവശ്യം നല്ല ഫർണിച്ചറുകളോട് കൂടി തന്നെ ഒരു ഭാഗത്ത് മനോഹരമായി  ഒരുക്കിയിട്ടുണ്ട്. ഡൈനിങ് ഏരിയയും അത്യാവശ്യം സ്‌പേഷ്യസാണ്. ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ടേബിളിന് പുറമെ സൈഡിലായി വാഷ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഹാളിൽ നിന്നുമാണ് രണ്ട് കിടപ്പു മുറികളിലേക്കും പോകുന്നത്. അത്യാവശ്യ സൗകര്യങ്ങളോട് കൂടിയതാണ് കിടപ്പ് മുറികൾ. കട്ടിലിന് പുറമെ ഒരു ചെറിയ മേശയും കസേരയും കൂടി ഇടാനുള്ള സ്ഥലം ഈ റൂമുകൾക്കുണ്ട്. കിടപ്പു മുറികളിൽ  വാർഡ്രോബും സെറ്റ് ചെയ്തിട്ടുണ്ട്. ഹാളിൽ നിന്നാണ് കോമൺ ബാത്‌റൂം സെറ്റ് ചെയ്തിരിക്കുന്നത്. അത്യാവശ്യം സ്ഥല സൗകര്യങ്ങൾ ഉള്ളതാണ് അടുക്കള.  മനോഹരമായ നിരവധി കബോർഡുകളും അടുക്കളയിൽ നിർമ്മിച്ചിട്ടുണ്ട്.
 

ചിലവ് കുറഞ്ഞ വിട്രിഫൈഡ് ടൈൽസാണ് ഫ്ലോറിൽ ഇട്ടിരിക്കുന്നത്. വീടിനകത്ത് അത്യാവശ്യത്തിനുള്ള എല്ലാ ഫർണിച്ചറുകളും ഒരുക്കിയിട്ടുണ്ട്. ന്യൂട്രൽ നിറങ്ങളാണ് വീടിനകത്തെ പെയിന്റിങ്, കാഴ്ചയുടെ ഭംഗിയ്ക്കായി ഹാളിലെ ഒരു ഭിത്തി മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.  ഇതിനടുത്തായി ടിവി കണക്ട് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. സിമന്റ് കട്ടകൾ ഉപയോഗിച്ചാണ് ഭിത്തി കെട്ടിയിരിക്കുന്നത്. അടുക്കളയിലെ അലമാരകളും മറ്റും അലുമിനിയം ഫാബ്രിക്കേറ്റ് ഉപയോഗിച്ച് സെറ്റ് ചെയ്തിരിക്കുന്നതാണ്. പ്രധാന ജനാലകളും വാതിലുകളും തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ നിർമ്മാണ സാമഗ്രഹികളുടെ ഗുണനിലവാരം കുറയാതെ തന്നെ കുറഞ്ഞ ബഡ്ജറ്റിൽ മനോഹരമായ വീടൊരുക്കിയിരിക്കുകയാണ് ഈ കുടുംബം. വീടിന്റെ മുറ്റത്ത് മുൻഭാഗത്ത് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. മുൻഭാഗത്ത് തന്നെ സൈഡിലായി ഒരു ചെറിയ കുളവും ഉണ്ട്. ഇതിന് മനോഹരമായി മഞ്ഞയും കറുപ്പും കലർന്ന പെയിന്റും നൽകിയിട്ടുണ്ട്. മുൻ ഭാഗത്തെ ഷോ വാളിന് താഴെയായി ചെടികൾ വയ്ക്കാനുള്ള ഒരു ചെറിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

699 സ്‌ക്വയർ ഫീറ്റിലുള്ള ഈ വീടിന്റെ നിർമ്മാണ ചിലവ് 11.5 ലക്ഷം രൂപയാണ്. വീടിനകത്തേക്ക് ആവശ്യമായ ഫർണിച്ചർ ഉൾപ്പെടെയാണ് ഈ തുക ചിലവായിരിക്കുന്നത്. ചതുപ്പ് നിലമായതിനാൽ മണ്ണിട്ട് പൊക്കി അടിത്തറ കെട്ടിയതിനാലാണ് കൂടുതൽ പണം ചിലവായത്. ഇല്ലായിരുന്നുവെങ്കിൽ ഈ വീടിന്റെ നിർമ്മാണച്ചിലവ് ഇനിയും കുറയും എന്നാണ് വീട്ടുകാർ പറയുന്നത്.  എന്തായാലും ഒറ്റനോട്ടത്തിൽ തന്നെ കാഴ്ചക്കാരുടെ മനം നിറയ്ക്കും വിധമാണ് ഈ കൊച്ചു വീടൊരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *