മുടക്കിയ കാശ് മുതലാണ്, മനോഹരമാണ് കുറഞ്ഞ ചിലവിൽ പണിതെടുത്ത ഈ വീട്
പുറം കാഴ്ചയ്ക്കൊപ്പം അക കാഴ്ചയിലും വിസ്മയിപ്പിക്കുന്നതാവണം തങ്ങളുടെ വീട്. എന്നാൽ അധികം പണമൊന്നും വീട് പണിത് കളയാനും ഇല്ല.. ഇങ്ങനെ ആഗ്രഹം പറയുന്നവർക്ക് തീർച്ചയായും മാതൃകയാക്കാം ഈ മനോഹര വീടിനെ. വീടിന്റെ നിർമാണത്തിൽ അല്പം വെറൈറ്റി തേടി എന്ന് മാത്രമല്ല, അത്ഭുതപ്പെടുത്തുന്ന ഈ രൂപ ഭംഗിയിൽ പണിതെടുത്ത ഈ വീടിന്റെ നിർമ്മാണ ചിലവ് 22 ലക്ഷം രൂപ മാത്രമാണ് എന്നതും ഈ വീടിനെ കൂടുതൽ പ്രിയമുള്ളതാക്കി മാറ്റുന്നു.
‘മുടക്കിയ കാശ് മുതലാണ്’ ഈ വീട് കണ്ടിറങ്ങുന്നവർ ഒറ്റ വാക്കിൽ ഇങ്ങനെയാണ് പറയുന്നത്. കാരണം അത്രമേൽ മനോഹരമായിട്ടുണ്ട് ഈ വീടിന്റെ നിർമ്മാണം. മലപ്പുറം ജില്ലയിൽ പണിതെടുത്ത ഈ വീട് 14 സെന്റ് സ്ഥലത്ത് 1350 ചതുരശ്ര അടിയിലാണ് ഒരുക്കിയത്. ഫ്ലാറ്റ് റൂഫിൽ ഒരുക്കിയ ഈ വീടിന്റെ മധ്യ ഭാഗത്തിൽ സ്ലോപ് റൂഫ് ആയാണ് മേൽക്കൂര ക്രമീകരിച്ചിരിക്കുന്നത്. ഇത് വീടിന്റെ അഴക് വർധിപ്പിക്കാൻ സഹായകമായി.
മനോഹരമായ ഒരു മുറ്റത്തിന് നടുവിലായാണ് ഈ വീട് ഉയർന്നു നിൽക്കുന്നത്. വ്യത്യസ്തമായ കളർ തീമിൽ എക്സ്റ്റീരിയർ ഒരുക്കിയ ഈ വീട് വൈറ്റിനും ഓറഞ്ചിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. സിറ്റൗട്ടിനൊപ്പം ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, മൂന്ന് കിടപ്പ് മുറികൾ, അടുക്കള, വർക്ക് ഏരിയ, ഒരു കോമൺബാത്റൂം എന്നിവയാണ് ഈ വീടിനകത്ത് ഉള്ളത്. മനോഹരങ്ങളായ ഇരിപ്പിടങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന സിറ്റൗട്ടിൽ നിന്നും അകത്തേക്ക് കയറിയാൽ നമ്മെ കാത്തിരിക്കുന്നത് സുന്ദരമായ ഒരു ലിവിങ് സ്പേസാണ്.
ചിലവ് കുറഞ്ഞാലും ഭംഗിയ്ക്കും സൗകര്യങ്ങൾക്കും ഒരു കുറവും ഇല്ലാതെയാണ് ഈ വീടിന്റെ നിർമ്മാണം. വീടിനകത്തും പ്രധാന വാളിൽ ഓറഞ്ച് കളർ നൽകിയത് വീടിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ആകർഷമായ ഇരിപ്പിടങ്ങളാണ് ലിവിങ് സ്പേസിൽ ഉള്ളത്. ഇതിനോട് ചേർന്ന് ഒരുക്കിയ ഡൈനിങ് ഏരിയ ഒരേ സമയം എട്ട് പേർക്ക് ഭക്ഷണം കഴിയ്ക്കാൻ കഴിയുന്ന ഇരിപ്പിടങ്ങളോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഓപ്പൺ കോൺസെപ്റ്റിൽ വീടൊരുക്കിയതിനാൽ വീടിനകത്ത് വിശാലത അനുഭവപ്പെടുന്നുണ്ട്. ഫോൾ സീലിങ്ങിന് പകരം ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകിയത് വീടിന്റെ മനോഹാരിത വർധിപ്പിക്കുകയും ചിലവ് കുറയാനും സഹായകമായി.
സ്റ്റെയർ കേസിന്റെ ഇരുഭാഗങ്ങളും പരമാവധി ഉപയോഗ പ്രദമായി തന്നെ യൂസ് ചെയ്തിട്ടുണ്ട്. ഒരു ഭാഗത്ത് പ്രയർ ഏരിയയും മറു ഭാഗത്ത് കോമൺ ബാത്റൂമുമാണ് ക്രമീകരിച്ചിരിക്കുന്നത്. വളരെ വിശാലമായ രീതിയിലാണ് കിടപ്പ് മുറികളും ഒരുക്കിയിരിക്കുന്നത്. മാസ്റ്റർ ബെഡ് റൂമിന്റെ ഒരു ഭാഗത്തെ ഭിത്തിയും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാർഡ്രോബ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് കിടപ്പ് മുറികൾ ഒരുക്കിയിരിക്കുന്നത്. ഈ മുറികളിലും വീടിന് ഉപയോഗിച്ചിരിക്കുന്ന കളർ പാറ്റേൺ കൊണ്ടെത്തിച്ചിട്ടുണ്ട്. കിഡ്സ് റൂമും പിങ്ക് കളർ തീമിലാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ സ്റ്റഡി ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. കിച്ചൻ കബോർഡും വാർഡ്രോബും അലുമിനിയം ഫാബ്രിക്കേഷൻസ് ഉപയോഗിച്ചാണ് ഒരുക്കിയത്. ഇത് ചിലവ് കുറയ്ക്കാൻ സഹായകമായി.
വളരെയധികം ആകർഷമാകയാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. ഇവിടെയും മാക്സിമം സ്ഥലം യൂസ്ഫുളായി ഉപയോഗിച്ചിട്ടുണ്ട്. ഫർണിച്ചറുകളും വളരെയധികം മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ സ്ട്രച്ചറിങ്ങും ഫർണിഷിനും അടക്കം 22 ലക്ഷം രൂപയ്ക്കാണ് ഈ വീട് ഒരുക്കിയത്. ഇത്തരത്തിൽ കുറഞ്ഞ ചിലവിൽ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്നതാണ് മലപ്പുറം ജില്ലയിൽ ഉള്ള ഈ സുന്ദരമായ വീടിനെ.