കൂൾ ആൻഡ് കളർഫുൾ; ശ്രദ്ധനേടി ഒരു ബജറ്റ് വീട്
വീട് വെച്ച് കട ബാധ്യത വരുത്തിവയ്ക്കാൻ പറ്റില്ല..അതുകൊണ്ടുതന്നെ കൈയിൽ ഒതുങ്ങുന്ന തുകയ്ക്കുള്ളിൽ ഒരു വീട് നിർമ്മിക്കണം എന്നാണ് എല്ലാ സാധാരണക്കാരുടെയും ആഗ്രഹം. അത്തരത്തിൽ ഒരു വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത്. തൃശൂർ ജില്ലയിലെ ആമ്പല്ലൂരിനടുത്തുള്ള വരാക്കരയിലാണ് സന്യാലിന്റെ ഇടത്തുരുത്തി എന്ന ഈ ബജറ്റ് വീട്. കോട്ടയ്ക്കലിലെ ഡിസൈൻ ഫേം ആയ എ എസ് ഡിസൈൻ ഫോറത്തിലെ ഡിസൈനർ പി എം സാലിമാണ് ഈ മനോഹര വീട് സന്യാലിന് പണികഴിപ്പിച്ച് നൽകിയിരിക്കുന്നത്.
ഒരു കണ്ടംപ്രറി ബോക്സ് ടൈപ്പ് എലിവേഷനാണ് ഈ വീടിന് കാണുന്നത്. ഒറ്റ നോട്ടത്തിൽ ഒരു നില വീടായാണ് തോന്നുന്നതെങ്കിലും ഇതൊരു ഇരു നില വീടാണ്. രണ്ടാം നില പുറകിലേക്ക് ഇറങ്ങി നിൽകുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വൈറ്റിന് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്ന പെയിന്റിങ്ങാണെങ്കിലും ഗ്രേ കളറും ഇതിന് നൽകിയിട്ടുണ്ട്.
എട്ട് സെന്ററിൽ 1600 സ്ക്വയർ ഫീറ്റിലാണ് ഈ വീടൊരുങ്ങിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ഈ വീടിന് ചിലവ് വന്നിരിക്കുന്നത്. ഒരു ട്രയാങ്കിൾ ഷേപ്പിലുള്ള പ്ലോട്ടിലാണ് വീടൊരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കുറച്ച് പരിമിതികൾ നേരിട്ടാണ് ചതുരാകൃതിയിലുള്ള ഈ വീട് ഡിസൈൻ ചെയ്‌തത്. ഗേറ്റ് തുറന്ന് വരുമ്പോൾത്തന്നെ ഒരു വലിയ മുറ്റത്തിന് നടുവിലായി മനോഹരമായ ഒരു ബോക്സ് ടൈപ്പ് വീട് കാണാം. സിറ്റൗട്ടിനോട് ചേർന്ന് തന്നെ കാർ പോർച്ചും ഡിസൈൻ ചെയ്തിട്ടുണ്ട്. അതിനടുത്തായി നിരവധി പൂച്ചെടികളും വച്ചിട്ടുണ്ട്.
പ്രധാന വാതിൽ തുറന്നാൽ വലിയൊരു ഹോൾ കാണാം. അതിനടുത്തായി എൽ ഷേപ്പിലുള്ള സീറ്റിംഗും ഒരുക്കിയിട്ടുണ്ട്. മനോഹരമായ ഫർണിച്ചറുകളും ഇന്റീരിയറും വീടിനകത്തെ ഡിസൈനിങ്ങും വളരെ ആകർഷകമായാണ് ഒരുക്കിയിരിക്കുന്നത്. ലിവിങ് ഏരിയയുടെ മറുഭാഗത്തായി ഡൈനിങ് ഏരിയയും ഉണ്ട്. ഇവയെ തമ്മിൽ സെപ്പറേറ്റ് ചെയ്യുന്നത് ഒരു വുഡൻ പാർടീഷനിലൂടെയാണ്. പ്ലൈവുഡും മൈക്കയും ഉപയോഗിച്ചുള്ള സീലിങ്ങും വീടിന്റെ മാറ്റ് കൂട്ടുന്നുണ്ട്.
ഹോളിന്റെ അടുത്തായി പ്രയർ ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. വളരെ സിംപിളും എലഗന്റുമായ മൂന്ന് ബെഡ് റൂമുകളാണ് ഈ വീടിനുള്ളത്. ഗ്രൗണ്ട് ഫ്ലോറിലാണ് രണ്ട് ബെഡ് റൂമുകളും ഉള്ളത്. മാസ്റ്റർ ബെഡ് റൂമിൽ മൈക്കയും പ്ലൈവുഡും യോജിപ്പിച്ചാണ് കബോർഡ് ചെയ്തിരിക്കുന്നത്. വാർഡ്രോബിന് പുറമെ അറ്റാച്ഡ് ബാത്റൂമും ഈ മുറികളിലുണ്ട്. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് മുറികൾ ഒരുക്കിയിരിക്കുന്നത്.
എൽ ഷേപ്പിലുള്ളതാണ് ഇതിന്റെ അടുക്കള. കൂടുതലും ഗ്രേ കളറാണ് അടുക്കളയ്ക്ക്. അത്യാവശ്യത്തിനുള്ള എല്ലാ സൗകര്യവും സ്ഥലവും ഉള്ളതാണ് അടുക്കള. ഈ സ്റ്റെയർ കേസിന് സാധാരണ സ്റ്റെയർ കേസിനേക്കാൾ വലിപ്പമുണ്ട്. ഈ സ്ഥലത്തിന്റെ പ്രത്യേകത മൂലമാണ് ഇതിന്റെ വലിപ്പം കൂടിയത്. മുകളിലത്തെ നിലയിലാണ് മൂന്നാമത്തെ കിടപ്പ് മുറി. ഇവിടെയും അറ്റാച്ഡ് ബാത്റൂമും വാർഡ്രോബും ഉണ്ട്. അത്യാവശ്യം സ്‌പേഷ്യസാണ് വീടിന്റെ മുറികളെല്ലാം. മുകളിലത്തെ നിലയിൽ നിന്നും ഒരു ഓപ്പൺ സ്‌പേസും ഉണ്ട്. ഇത് ഭാവിയിൽ വേണമെങ്കിൽ വീട് കൂടുതൽ വിപുലമാക്കാൻ പറ്റുന്ന രീതിയിലാണ്.
മുൻ ഭാഗത്തുള്ള പ്രധാന വാതിലിന് മാത്രമാണ് തടി ഉപയോഗിച്ചിരിക്കുന്നത്. ബാക്കി വാതിലുകൾ റെഡി മെയ്ഡാണ്. ജനാലകളും മുൻ ഭാഗത്തേത് മാത്രമാണ് തടിയിൽ തീർത്തിരിക്കുന്നത്. ബാക്കി ജനാലകൾ സിമന്റ് കൊണ്ടുള്ളതാണ്. ഇത് വീടിന്റെ നിർമ്മാണ ചിലവ് കുറയാൻ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. കുറഞ്ഞ ചിലവിൽ അത്യാവശ്യം സ്‌പേഷ്യസായ ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ് ഈ വീട്.